Pages

12 April 2010

സസ്നേഹം കൂട്ടുകാരന്‍...



ഞാന്‍ നിന്‍റെ കൂട്ടുകാരന്‍.... 
നിലാവിനെ പ്രണയിച്ച,കൂരിരുട്ടിന് കൂട്ടിരുന്ന,പെരുമഴയില്‍ നിന്നോടൊപ്പം നനഞ്ഞ,പുഴകളോടും പൂക്കളോടും കിന്നാരം പറഞ്ഞു നടന്ന നിന്‍റെ  അതേ കൂട്ടുകാരന്‍.....,
മാറ്റം ഇന്നെന്‍റെ ശരീരത്തിന് മാത്രം.മനസ്സിന് മാറ്റമില്ല.
ഓര്‍ക്കുന്നുണ്ടോ നീ?.കാലുകീറിയ കറുത്ത പാന്റിനുള്ളില്‍ വിയര്‍പ്പൊട്ടിയ മുഷിഞ്ഞ കീശയില്‍ നിറച്ചു ഞാന്‍ നിനക്ക് കൊണ്ടു തന്ന കടലപിണ്ണാക്ക് ഇടവഴിയിലും,കലശംകോണം പാലത്തിനടിയിലും,തൊട്ടടുത്ത പാലമരച്ചോട്ടിലും  ഒരുമിച്ചിരുന്നു പങ്കുവെച്ച് തിന്നത്?
അതിനെന്തു രുചിയായിരുന്നു അല്ലെ.!!
ഒരിക്കല്‍,നീ പറഞ്ഞു ഈ പാലമരത്തില്‍ യക്ഷിയുണ്ടെന്ന്.അതോര്‍ത്തു ഞാനെത്ര രാത്രികളില്‍ യക്ഷികളെ സ്വപ്നം കണ്ട് ഉറങ്ങാതെ കിടന്നിട്ടുണ്ടെന്നു അറിയുമോ നിനക്ക്?
പറണ്ടോടന്‍ ഉപ്പാപ്പയുടെ കാട്ടുവേലി കെട്ടിമറച്ച പറമ്പിനുള്ളിലെ ചാമ്പക്കകള്‍ പഴുത്തുതുടുത്ത് നമ്മെ നോക്കി കൊതികാട്ടി നിന്നപ്പോള്‍ പറിച്ചെടുത്തു നിനക്ക് മതിയാവോളം ഞാന്‍ തന്നതും,ഉറുമ്പ്‌ കടിയേറ്റു പുളഞ്ഞ എന്‍റെ ദേഹത്ത് നീ കരണ്ടകംചിറയിലെ തണുത്തവെള്ളം കോരിയൊഴിച്ചതും നീയിന്നും ഓര്‍ക്കുന്നുണ്ടോ?..
അപ്പോഴും,ഒന്നുമാത്രം നീ കാണാതെ പോയി.ആകെയുണ്ടായിരുന്ന ബട്ടന്‍സ് പൊട്ടിയ എന്‍റെ  ആ കറുത്ത പാന്റ്സിനുള്ളില്‍ ചാക്കുനൂല്‍ കൊണ്ട് വരിഞ്ഞു കെട്ടിയ വിശന്നൊട്ടിയ എന്‍റെ വയറിനെ..
അതെ,നിന്നെയെനിക്ക് അത്രമാത്രം ഇഷ്ട്ടമായിരുന്നു.!
എബനീസര്‍ അണ്ണന്‍റെ സൈക്കിള്‍ കടയില്‍ നിന്നും മണിക്കൂറിനു രണ്ടുരൂപയുടെ വാടകയ്ക്കെടുത്ത അര സൈക്കിളില്‍ ഞാനും,നീയും ചവിട്ടാന്‍ പഠിച്ചു.പെരുമഴയത്ത് നിറഞ്ഞൊഴുകുകയായിരുന്ന മുണ്ടണിതോട്ടില്‍ ഒരു ദിവസം നമ്മള്‍ രണ്ടാളും സൈക്കിളിനോടൊപ്പം വീണു.
എന്‍റെ  നെറ്റി പൊട്ടി രക്തം വാര്‍ന്നൊലിക്കുന്നുണ്ടായിരുന്നെങ്കിലും ഇടങ്കൈ കൊണ്ട് അതു പൊത്തിപ്പിടിച്ച് ആ കുത്തൊഴുക്കില്‍ ഞാനാദ്യം തിരഞ്ഞത് നിന്നെ ആയിരുന്നു.
ഭാഗ്യം,നിനക്കൊന്നും പറ്റിയില്ലല്ലോ..!

തിളക്കമുള്ള നിന്‍റെ  കുപ്പായങ്ങളില്‍ തുന്നിച്ചേര്‍ത്ത വര്‍ണ്ണചിത്രങ്ങള്‍ കണ്ടു ഞാനും കൊതിച്ചിട്ടുണ്ട്.എനിക്കും അതുപോലൊരെണ്ണം കിട്ടിയിരുന്നെങ്കിലെന്ന്..അതെന്‍റെ വെറും  ആഗ്രഹം മാത്രമായിരുന്നു.
ഇന്ന് വിലകൂടിയ വസ്ത്രങ്ങള്‍ എന്‍റെ ശരീരത്തോട് ചേര്‍ന്ന് കിടക്കുമ്പോഴും അന്നു നിനക്കുണ്ടായിരുന്ന ഭംഗി എനിക്ക് കിട്ടുന്നില്ല.
എന്‍റെ കണ്ണുകളില്‍ ഇന്നും നിന്‍റെ ആ രൂപമാണ്.!

കളഞ്ഞുപോയ ഒറ്റരൂപ നാണയം തിരിച്ചുകിട്ടില്ലെന്നുറപ്പായപ്പോള്‍ നീയെനിക്ക്പകരം മറ്റൊരു ഒറ്റരൂപാ നാണയം തന്നു.അന്നെനിക്കത് വെറും ഒറ്റരൂപ നാണയമായിരുന്നില്ല.ഒരു ദിവസത്തെ അധ്വാനത്തിന്‍റെ  കൂടി വിലയായിരുന്നു.
ഇന്ന്,ശീതീകരിച്ച മുറികള്‍ക്കുള്ളിലിരുന്നു അമ്പത് രൂപയുടെ ജ്യൂസ്‌ കുടിക്കുമ്പോഴും,നൂറ്റിയമ്പത് രൂപയുടെ മട്ടന്‍ബിരിയാണി കഴിക്കുമ്പോഴും ഞാനത് ഓര്‍ക്കാറുണ്ട്.
എങ്ങിനെ ഓര്‍ക്കാതിരിക്കും..
വക്കുകള്‍ചപ്പിച്ചുണുങ്ങിയ സ്റ്റീല്‍ ചോറ്റുപാത്രത്തില്‍ എന്‍റെ ഉമ്മ ഉച്ചക്ക് കഴിക്കാന്‍ തന്നയച്ചിരുന്ന റേഷനരിചോറും,തേങ്ങാചമ്മന്തിയും എന്നെപ്പോലെ നിനക്കും ഇഷ്ട്ടമായിരുന്നു.എന്നും എന്‍റെ ചോറ്റുപാത്രത്തില്‍ അതുമാത്രമായിരുന്നു ഉണ്ടായിരുന്നത്.നിന്‍റെ  പാത്രത്തിലെ പൊരിച്ചമീന്‍ കഷണങ്ങള്‍ക്ക് ഞാനും പങ്കുകാരനായി.
ചില ദിവസങ്ങളില്‍ നീ അറിയാതെ ഞാന്‍ വിശപ്പിന്‍റെ  വിളി അറിഞ്ഞു.
സ്കൂളിന് പുറത്തെ ഇരുമ്പിന്‍റെ ചുവയുള്ള പൈപ്പ് വെള്ളം കുടിച്ച് ഞാനെത്ര നാള്‍ വിശപ്പകറ്റിയിരിക്കുന്നു.
നീയതൊന്നും അറിയുന്നുണ്ടായിരുന്നില്ലല്ലോ....ആശ്വാസം.!
ഒരുദിവസം  ഞാന്‍ വിശന്നു വലഞ്ഞു  ക്ലാസ്‌ മുറിയില്‍ തളര്‍ന്നു വീണപ്പോള്‍ നിന്നോടും ബാബുസാറിനോടും പനിയാണെന്ന് ഞാന്‍ കള്ളം പറഞ്ഞു.പക്ഷെ, എല്ലാം മനസ്സിലാക്കിയെന്ന പോലെ പുറത്തെ കടയില്‍ നിന്നും ബാബുസാര്‍ വാങ്ങി തന്ന മധുരമുള്ള ബണ്ണില്‍ പകുതി നിനക്ക് തരാന്‍ ഞാന്‍ പോക്കറ്റില്‍ കരുതിയിരുന്നു.

നാലാം ക്ലാസ്സിലെ സുന്ദരിപെണ്ണിനോട് നിനക്ക് പ്രണയം തോന്നിയപ്പോഴും,
പരീക്ഷകളില്‍ വടിവൊത്ത അക്ഷരങ്ങള്‍ പതിഞ്ഞ എന്‍റെ ഉത്തരകടലാസ്സുകള്‍ പകര്‍ത്തി എഴുതാന്‍ നിനക്ക് നല്‍കിയപ്പോഴും,എന്നെപ്പോലെ നീയും ഒന്നാമനായപ്പോഴും അഭിമാനത്തോടെ കൂടെനിന്ന അതേ കൂട്ടുകാരന്‍......,നിന്‍റെ ചിറകിന്നടിയിലായിരുന്നു ആകാശമെന്ന് അന്നുഞാന്‍ വിശ്വസിച്ചിരുന്നു.

ക്ലാസ്സില്‍ നീ കാട്ടിയ കുറുമ്പ് ഞാന്‍ ഏറ്റുവാങ്ങിയപ്പോള്‍ കണക്കുസാര്‍  എന്‍റെ കുഞ്ഞു കൈവെള്ളയില്‍ പകര്‍ന്നു തന്ന ചൂരല്‍പ്രയോഗം രക്തത്തുള്ളികളായി നിലത്തേക്ക് അടര്‍ന്നു വീണപ്പോഴും കരയാതെ നിന്നെ ഞാനെന്‍റെ ശരീരത്തോട് ചേര്‍ത്ത് പിടിച്ചു.അല്ല;അതിനുള്ളിലെ ആര്‍ദ്രമായ ഹൃദയത്തോട് ചേര്‍ത്ത് പിടിച്ചു.കാരണം,നീയെന്റെ പ്രിയപ്പെട്ട കൂട്ടുകാരന്‍... ..
ഇന്നും നിന്നെ ഞാനെന്‍റെ ഹൃദയത്തോട്  ചേര്‍ത്ത് വെച്ചിരിക്കുന്നു.
മറക്കില്ല ഞാനാ ബാല്യകാലം...അങ്ങിനെ മറക്കാനാകുമോ...!!