Pages

29 May 2014

ഞാന്‍ എന്റെ രാജ്യത്തെ സ്നേഹിക്കുന്നു..

അയല്‍രാജ്യബന്ധങ്ങള്‍ കൂടുതല്‍ ബലപ്പെടുത്തി സൌഹൃദത്തിന്റെയും 
പ്രതീക്ഷകളുടെയും നല്ല നാളുകളാണ് ഇനി വരാനിരിക്കുന്നത് എന്ന് സൂചന നല്‍കി നമ്മുടെ രാജ്യത്ത് പുതിയ സര്‍ക്കാര്‍ ഭരണത്തിലേറിയിരിക്കുന്നു.
ഏതൊരു ജനാധിപത്യ വിശ്വാസിയായ ഇന്ത്യക്കാരന്റെയും ജീവിതത്തിലെ അഭിമാനകരമായ നിമിഷം..

ഉത്തരഗുജറാത്തിലെ മെഹ്സാന ജില്ലയിലെ വഡ്‌നഗർ എന്ന ഒരു ഗ്രാമത്തില്‍ പലചരക്കു വ്യാപാരികളുടെ കുടുംബത്തില്‍ ജനിച്ച ഒരു സാധാരണക്കാരന്‍,
അച്ഛന്‍ നടത്തിയ ചായക്കടയിലെ ചായവില്‍പ്പനക്കാരനില്‍ നിന്ന് ഗുജറാത്ത് സംസ്ഥാനത്തിന്റെ അമരക്കാരനായി വളര്‍ന്ന നരേന്ദ്ര ദാമോദർദാസ് മോദി  എന്ന ശ്രീ.നരേന്ദ്രമോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയായിരിക്കുന്നു..
വ്യക്തിപരമായും,പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ  പേരിലും നിരവധി ആക്ഷേപങ്ങളും,വിവാദങ്ങളും കെട്ടങ്ങാതെ  നിലനില്‍ക്കുന്നുണ്ടെങ്കിലും ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ 
രാജ്യത്തെ ജനങ്ങള്‍ തെരഞ്ഞെടുത്ത ഒരു സര്‍ക്കാറിനെ അംഗീകരിക്കാനും,
അനുസരിക്കാനും ഓരോ ഇന്ത്യക്കാരനും ബാധ്യസ്ഥനാണ്.
ശാന്തവും,സമാധാനപരവുമായി തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ വിജയകരമായി നടത്തിയതിലൂടെ നമ്മുടെ രാജ്യം ലോകത്തിനു കൂടി മാതൃകയായിരിക്കുന്നു..
അതിലും നമുക്ക് അഭിമാനിക്കാം...

നമ്മളെ ആര് ഭരിക്കണമെന്ന് നമ്മള്‍ തന്നെ തീരുമാനിക്കുന്നതിനുള്ള അവകാശം തന്നെയാണ് ഒരു പൌരന്റെ ഏറ്റവും വലിയ സ്വാതന്ത്ര്യം..
വരും നാളുകള്‍ അഴിമതി രഹിതമായ വികസനങ്ങളും,ജാതിമത വര്‍ഗ്ഗീയ വേര്‍തിരിവുകളില്ലാതെ ശാന്തിയും,സമാധാനവും,നിറഞ്ഞതാകട്ടെ എന്ന് 
പ്രത്യാശിക്കുന്നു.. പ്രാര്‍ഥിക്കുന്നു...
ലോകത്തിന്റെ എതുകോണില്‍ ജീവിച്ചാലും ഞാനുമൊരു കേരളീയനാണ്..
മലയാളിയാണ്..ഇന്ത്യാക്കാരനാണ്.കക്ഷി രാഷ്ട്രീയങ്ങള്‍ക്ക് അപ്പുറത്തെ വിശാലമായ വികസനകാഴ്ചപ്പാടുകളും,രാജ്യപുരോഗതിയും,
സ്വാതന്ത്ര്യവുമാണ് എന്റെയും സ്വപ്നം ..
ഞാന്‍ എന്റെ രാജ്യത്തെ സ്നേഹിക്കുന്നു. 

ടി.വിയില്‍ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ചടങ്ങുകള്‍ കണ്ടപ്പോള്‍ കുട്ടിക്കാലത്ത് സ്കൂള്‍ അസംബ്ലിയില്‍ പറഞ്ഞ സത്യപ്രതിജ്ഞയിലെ വാചകങ്ങളാണ് മനസ്സിലേക്ക് ഓടി വന്നത്... 
കണിക്കൊന്നയും,യൂക്കാലി മരങ്ങളും തണലിട്ട സ്കൂള്‍ മുറ്റത്ത്‌ നിന്ന് 
വലതു കൈ മുന്നിലേക്ക്‌ നീട്ടിപ്പിടിച്ച്‌ അഞ്ചാം ക്ലാസ്സുകാരന്റെ അതേ ആവേശത്തോടെ,നിഷ്കളങ്കതയോടെ ഒരിക്കല്‍ കൂടി അതേറ്റു ചൊല്ലാന്‍ തോന്നുന്നു....
**********************
ഇന്ത്യ എന്റെ രാജ്യമാണ്‌.
എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീസഹോദരന്മാരാണ്‌.
ഞാൻ എന്റെ രാജ്യത്തെ സ്നേഹിക്കുന്നു.
സമ്പൂർണവും വൈവിദ്ധ്യപൂർണവുമായ അതിന്റെ പാരമ്പര്യത്തിൽ ഞാൻ അഭിമാനം കൊള്ളുന്നു.
ആ സമ്പത്തിനു അർഹനാകുവാൻ ഞാൻ എല്ലായ്പോഴും ശ്രമിക്കുന്നതാണ്.
ഞാൻ എന്റെ മാതാപിതാക്കളെയും ഗുരുക്കന്മാരെയും മുതിർന്നവരെയും ബഹുമാനിക്കും.
ഞാൻ എന്റെ രാജ്യത്തിന്റെയും എന്റെ നാട്ടുകാരുടെയും ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി പ്രയത്നിക്കും.

ജയ് ഹിന്ദ്

13 May 2013

സാന്ത്വനമേകുന്ന സൌഹൃദങ്ങള്‍ ..



ഏതൊരാളിന്റെയും വ്യക്തിപരവും സാമൂഹ്യപരവുമായ  ജീവിതത്തില്‍ സൌഹൃദങ്ങള്‍ക്കുള്ള സ്ഥാനം വളരെ വലുതാണ്‌.,സൌഹൃദങ്ങള്‍ തന്നെയാണ് പലരെയും നല്ല ചിന്തകളിലേക്കും പ്രവര്‍ത്തികളിലേക്കും എത്തിക്കുന്നത്.മോശം സൌഹൃദങ്ങള്‍ ചിലരെ മോശം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടാന്‍ പ്രേരിപ്പിക്കുന്നു.പരസ്പരം മനസ്സിലാക്കാതെ തമ്മില്‍ കുറ്റപ്പെടുത്തിയും,തമ്മില്‍ കണ്ടാല്‍ മിണ്ടാന്‍ പോലും കഴിയാതെ  പോകുന്ന അവസ്ഥ വരെയെത്തുന്ന  നിരവധി സൌഹൃദങ്ങളും നമുക്കിടയില്‍ ഉണ്ട്.
എന്റെ ജിവിതത്തില്‍ നിര്‍ണ്ണായകമായ പല തീരുമാനങ്ങളെടുക്കാനും സൌഹൃദങ്ങള്‍  ഒരുപാട് സഹായിച്ചിട്ടുണ്ട്.പത്ര പ്രവര്‍ത്തന മേഖലയില്‍ ജോലി നോക്കുമ്പോള്‍ അതുമായി ബന്ധപ്പെട്ടുള്ള യാത്രകളും,വ്യക്തിബന്ധങ്ങളും ഇടപെടലുകളും  സിനിമാ,രാഷ്ട്രീയ,സാംസ്കാരിക രംഗത്ത്‌ എനിക്കൊരുപാട് നല്ല സുഹൃത്തുക്കളെ തന്നു.അതെനിക്കേറെ സന്തോഷവും,അഭിമാനവും  തരുന്ന കാര്യമാണ്.എന്തുകാര്യമായാലും,ഏതു സമയത്തു വിളിച്ചു പറഞ്ഞാലും ജോലിസംബന്ധമായ തിരക്കും,തടസ്സങ്ങളും  ഇല്ലെങ്കില്‍ അവര്‍ അതു നടത്തി തരാറുമുണ്ട്.ഓര്‍ക്കുട്ട്, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയകള്‍ വഴി പരിചയപ്പെട്ടിട്ടുള്ള നിരവധി നല്ല സുഹൃത്തുക്കളും എനിക്കുണ്ട്.ഇങ്ങിനെയുള്ള ആത്മാര്‍ഥമായ സൌഹൃദങ്ങള്‍  തന്നെയാണ് ഇതുവരെ എനിക്ക് ലഭിച്ച ഏറ്റവും വലിയ സമ്പാദ്യമായി ഞാന്‍ കാണുന്നത്.!!

എന്നാല്‍,ഞാന്‍ അമിതമായി വിശ്വസിച്ച പല  സൌഹൃദങ്ങളും  പാതി വഴിയില്‍ ഉപേക്ഷിക്കേണ്ടതായും വന്നിട്ടുണ്ട്.അവര്‍ പ്രതീക്ഷിക്കുന്ന തരത്തിലുള്ള ഒരു 'സുഹൃത്ത്‌' ആകാന്‍ എനിക്ക് കഴിയാത്തതു തന്നെയാണ് കാരണം. 
 ഓര്‍ക്കുട്ട്, ഫേസ്ബുക്ക് വഴി പരിചയപ്പെട്ടിട്ടുള്ള കുറച്ചുപെരെയും അങ്ങനെ എനിക്ക് ഒഴിവാക്കേണ്ടാതായി വന്നിട്ടുണ്ട്.സൗഹൃദം മാത്രമല്ല അവര്‍ക്ക് മറ്റുപല ''ലക്ഷ്യ''ങ്ങളും ഉണ്ടെന്നു വ്യക്തമായി മനസ്സിലാക്കിയതിനു ശേഷമാണ് ഇവരെ ഒഴിവാക്കിയിട്ടുള്ളത്.ഓണ്‍ലൈന്‍ ബന്ധങ്ങളെ  അതെ ഗൌരവത്തോടെ മാത്രമേ  ഞാന്‍ കാണുന്നുള്ളൂ.ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ എന്താണെന്നും,ഇതുവഴി എന്തൊക്കെയാണ് നടക്കുന്നതെന്നും ഞാന്‍ പറയേണ്ട കാര്യമില്ലല്ലോ.?ഇപ്പോള്‍ വ്യക്തമായ ഒരകലം ഞാന്‍  ഈ -ഇടങ്ങളില്‍  സൂക്ഷിക്കുന്നുണ്ട്.നമ്മളില്‍ ഏറെ പേരും  ഫേസ്ബുക്ക് വഴി പരിചയപ്പെട്ടവരായതിനാല്‍  കൂട്ടത്തില്‍ പറഞ്ഞു പോയതാണ്.ഇതൊരു കരുതലായി മാത്രം കണ്ടാല്‍ മതി.

ഇനി ഞാന്‍ പറഞ്ഞു വന്ന വിഷയത്തിലേക്ക് വരാം.നാട്ടിലെ എനിക്കേറ്റവും പ്രിയപ്പെട്ട ഒരു സുഹൃത്താണ് അനീസ്‌..,വെറുമൊരു സുഹൃത്ത്‌ മാത്രമാണവന്‍ എന്നും പറയാനാവില്ല.എന്നെ അറിയാവുന്നവര്‍ക്കെല്ലാം  അവനെയും അറിയാം.ഒരേ ചിന്തയും,രണ്ടു ശരീരവുമായി കഴിഞ്ഞ രണ്ടുപേര്‍. എന്ന് പറയുന്നതാവും ശരി.എന്റെയും അവന്റെയും വീട്ടുകാരും,നാട്ടുകാരും,മറ്റു സുഹൃത്തുക്കളും ഇന്നും അങ്ങനെയാണ് പറയുന്നത്.ബാല്യകാലത്തെ സുഖമുള്ള ഓര്‍മകളില്‍ തുടങ്ങി ഇപ്പോഴും ഊഷ്മളമായി തുടര്‍ന്നുകൊണ്ടിരിക്കുന്ന ബന്ധമാണ് ഞങ്ങളുടെത്. അല്പ നേരം മുമ്പാണ് ഞാനും അവനുമായുള്ള ഫോണ്‍ വിളി അവസാനിച്ചത്.അവന്‍ ഇപ്പോള്‍ ഒരു കോളേജ്‌ അദ്ധ്യാപകന്‍ കൂടിയാണ്.അവന് ജോലി ലഭിച്ചതറിഞ്ഞു അവനെക്കാള്‍ കൂടുതല്‍ സന്തോഷിച്ചതും ഞാന്‍ തന്നെയാണ്.ഇതുവരെ ഞങ്ങള്‍ പിണങ്ങിയിട്ടുള്ളതായി എന്റെ ഓര്‍മ്മയിലില്ല. എനിക്ക് പ്രധാനപ്പെട്ട എന്ത് കാര്യങ്ങള്‍ ഉണ്ടായാലും ഞാനാദ്യം  ചര്‍ച്ച ചെയ്യുന്നതും അനീസുമായാണ്.നല്ല സുഹൃത്തുക്കള്‍  എപ്പോഴും നമുക്കൊരു ആശ്വാസം തന്നെയാണ്.അനീസുമായുള്ള ബന്ധം പോലെ പ്രിയപ്പെട്ടതാണ് അവന്റെ ജ്യേഷ്ടന്‍ അരാഫത്തുമായും എനിക്കുള്ളത്.പല പ്രതിസന്ധി ഘട്ടങ്ങളിലും ഇരുവരും എനിക്ക് നല്‍കിയിട്ടുള്ള മാനസ്സിക പിന്തുണയും,സഹായവും തന്നെയാണ് ഒരുകാലത്ത് എനിക്ക് ജീവിക്കാന്‍ തന്നെ പ്രചോദനമായിരുന്നതെന്ന് കൂടി പറയാതെ വയ്യ.!!
അനീസിന്റെ  ഹീറോ ഹോണ്ട സ്പ്ലെണ്ടെര്‍ ബൈക്കിനു പുറകിലല്ലാതെ കോട്ടൂരിലോ,പരിസരപ്രദേശങ്ങളിലോ എന്നെ അധികം ആരും കണ്ടിട്ടില്ല.ഞാന്‍ അവന്റെയൊപ്പമോ അല്ലെങ്കില്‍ അവന്‍ എന്റെയൊപ്പമോ ഇല്ലെങ്കില്‍ കാണുന്നവര്‍ ''നിന്റെ വലം കയ്യെവിടെ ഡാ അസിമെ...അല്ലെങ്കില്‍ അനീസെ..'' എന്ന് അന്വേഷിക്കുമായിരുന്നു.പിന്നീട് ഞാന്‍ സ്വന്തമായി ഒരു ബൈക്ക്‌ വാങ്ങിയപ്പോഴും കോട്ടൂരില്‍ ഞാന്‍ ഉണ്ടെങ്കില്‍ പല യാത്രകളും ഞങ്ങള്‍ ഒരുമിച്ചായിരിക്കും നടത്തുക.ആവശ്യം എന്തായാലും,ആരുടേതായാലും ശരി, ഞങ്ങള്‍ക്ക് ഒരേ തീരുമാനവും,ഒരൊറ്റ മനസ്സുമായിരിക്കും..!!

ഗ്രാമപ്രദേശങ്ങളിലും,ആദിവാസി ഊരുകളിലും മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുക,
സ്കൂളുകളിലും,കോളേജുകളിലും വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട്‌ കുട്ടികള്‍ക്ക് ബോധവത്കരണ ക്ലാസ്സുകള്‍ സംഘടിപ്പിക്കുക എന്നതൊക്കെ ഞങ്ങളുടെ കടമയായി കണ്ടു ലാഭേച്ഛയില്ലാതെ ചെയ്തു വന്നു.എസ്.എഫ്.ഐ, ഡി വൈ എഫ് ഐ സംഘടനാ പ്രവര്‍ത്തനങ്ങളിലൂടെ രാഷ്ട്രീയ സാംസ്കാരിക രംഗങ്ങളില്‍ ഞങ്ങള്‍ ഒരുമിച്ചു പ്രവര്‍ത്തിക്കുമ്പോഴും പാര്‍ട്ടിക്ക് പുറത്തുള്ള വ്യക്തിപരമായ ബന്ധങ്ങള്‍ ഉപയോഗിച്ച് ഇത്തരം ജന സേവന പ്രവര്‍ത്തനങ്ങളില്‍ ഞങ്ങളെപ്പോഴും സജീവമായിരുന്നു.കാരണം,പൊതുജനങ്ങള്‍ക്ക് കൂടുതല്‍ ഉപയോഗപ്പെടുന്ന പല പ്രവര്‍ത്തികളിലും ഞങ്ങള്‍ രാഷ്ട്രീയത്തെ കൂട്ടിക്കലര്‍ത്താന്‍  ആഗ്രഹിച്ചിരുന്നില്ല.രാഷ്ട്രീയം അനുഭാവികളെ മാത്രമേ സൃഷ്ട്ടിക്കുകയുള്ളൂ.അതിനു പുറത്തു നിന്നുള്ള പ്രവര്‍ത്തനങ്ങളാണ് നാടിനും,നാട്ടുകാര്‍ക്കും കൂടുതല്‍ പ്രയോജനപ്പെടുകയുള്ളൂ എന്ന തിരിച്ചറിവ് ഞങ്ങള്‍ക്കുണ്ടായിരുന്നു. വ്യക്തമായ രാഷ്ട്രീയ ചിന്തകളും,ആദര്‍ശങ്ങളും ഞങ്ങള്‍ക്കുണ്ടായിരുന്നെങ്കിലും നാട്ടില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതാക്കളാകാന്‍ ഞങ്ങള്‍ ആഗ്രഹിച്ചിരുന്നില്ല എന്നതാണ് സത്യം.രാഷ്ട്രീയത്തിന്റെ  പേരില്‍ ഒതുങ്ങാതെ ചെയ്യുന്ന കാര്യങ്ങളുടെ ഗുണം മുഴുവന്‍ ആളുകള്‍ക്കും ഒരുപോലെ ലഭ്യമാകണമെന്ന് ഞങ്ങള്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു.രാഷ്ട്രീയപരമായി അതു ഞങ്ങള്‍ക്ക് കുറച്ചു ശത്രുക്കളെ നല്‍കിയെങ്കിലും ഇന്നുവരെ പകരം വെയ്ക്കാനില്ലാത്ത ഒരു മാതൃകയായി കോട്ടൂരുകാരുടെ മനസ്സിലുണ്ട്.ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ ഞങ്ങള്‍ക്ക് ഞങ്ങള്‍ തന്നെയായിരുന്നു ധൈര്യവും പ്രചോദനവും..!!

എന്നാല്‍,കഴിഞ്ഞ കുറെ നാളുകളായി നാട്ടിലെ സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍  ആകെ തകര്‍ന്ന നിലയിലാണ്.ആദര്‍ശം പറഞ്ഞു നടന്ന പലരും പല വര്‍ഗീയ പാര്‍ട്ടികളുടെയും  കൊടികളുടെ കീഴില്‍ ഒതുങ്ങി സംഘടിച്ചു കൊണ്ടിരിക്കുന്നു.അവര്‍ക്കിടയില്‍ ജാതിയും മതവും അതിരുകള്‍ തീര്‍ക്കുന്നു.അസീമും ബൈജുവും ആന്റണിയും സംസാരിക്കുന്നത് വര്‍ഗ്ഗീയതയുടെ കണ്ണില്‍. കണ്ടു തുടങ്ങിയിരിക്കുന്നു.സൌഹൃദങ്ങള്‍ക്കിടയില്‍ പോലും ജാതിമത ചിന്തകള്‍ ഉടലെടുത്തിരിക്കുന്നു.സുഖകരമെന്നു കരുതിയ പല സൌഹൃദങ്ങളും വൈകിട്ടുള്ള പരിപടികളായി ഒതുങ്ങി.എനിക്ക് അടുത്ത് അറിയാവുന്ന പലരും ലഹരിയില്ലാതെ ജീവിക്കാന്‍ കഴിയാത്ത അവസ്ഥയിലായി മാറി.

ഈ പ്രവാസ ജീവിതത്തിനിടയിലും എന്റെ മനസ്സ് നിറയെ നാടിനെക്കുറിച്ചുള്ള ആകുലതകളാണ്.ദിവസവുമുള്ള വാര്‍ത്തകള്‍ ശുഭകരമല്ല.നാട് മാറുന്നു..നന്മകളും..ഈ പോക്ക് അപകടമാണ്..എന്റെ ഗ്രാമം മാത്രമല്ല  എല്ലാ സ്ഥലത്തെയും അവസ്ഥ ഇതു തന്നെയാണ്.ഇതു മാറണമെങ്കില്‍ നല്ല ചിന്തകളും കൂട്ടായ്മകളും പ്രവര്‍ത്തികളും ഉണ്ടാകണം.മനുഷ്യര്‍ക്കും,പ്രകൃതിക്കും,മറ്റു ജന്തു ജാലങ്ങള്‍ക്കും ദോഷമാകാത്ത  ഏതുവഴിയും അതിനായി നമുക്ക് തെരഞ്ഞെടുക്കാം...ഒന്നിച്ചു അണിചേരാം...അതിനു ലക്ഷ്യ ബോധവും,ദൃഡവുമായ  നല്ല സൌഹൃദങ്ങള്‍ ഉണ്ടാകണം.ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന മനുഷ്യനാകണം..!!

''അനീസ്‌ ..അവിടെ നിന്നും ഓരോ വാര്‍ത്തകള്‍ കേള്‍ക്കുമ്പോഴും ഞാന്‍ നൊമ്പരപ്പെടാറുണ്ട്...നമ്മുടെ ആ ഗ്രാമവും,ഗ്രാമക്കാഴ്ച്ചകളും ഓര്‍ക്കാറുണ്ട്.അതൊരിക്കലും നഷ്ട്ടപ്പെടാന്‍ നമ്മള്‍ അനുവദിക്കരുത്.
അനീസ്‌..,... ഞാനുടന്‍ മടങ്ങി വരും..നമുക്ക് പഴയ കാലത്തേക്ക് തിരിച്ചു പോകാം..നിന്റെ ബൈക്കിനു പുറകില്‍ ഞാനില്ലാതെ എങ്ങനെയാ...നാളെ നമുക്കൊരു ബോധവത്കരണ ക്ലാസ്‌ വയ്ക്കണം.നമ്മള്‍ ഒന്നാണെന്ന് ഒരിക്കല്‍ കൂടി വിളിച്ചു പറയണം.നാളെ നാട് നമ്മളെ ഓര്‍ത്തു അഭിമാനിക്കണം...
എല്ലാം കൈവിട്ടു പോയിരിക്കുകയാണെന്ന് അറിയാം..ഒക്കെ അറിഞ്ഞിട്ടും അറിയാത്ത ഭാവത്തില്‍ നീ തിരക്കിലാണെന്നും എനിക്കറിയാം...നിന്നെക്കാള്‍ തിരക്കിലാണ് ഇപ്പോള്‍ ഞാനും...!!
 സ്വന്തം ജീവിതവും,സ്വപ്നങ്ങളും തന്നെയാണല്ലോ എല്ലാവര്‍ക്കും പ്രിയപ്പെട്ടത്....!!

കവി അയ്യപ്പന്‍ ..ഒരോര്‍മ്മക്കുറിപ്പ്


അഞ്ചുവര്‍ഷങ്ങള്‍ക്കു മുമ്പ്‌,
സിനിമാ സംവിധായകനാകണമെന്ന മോഹവും,മദ്രാസിലെ താമസവും,യാത്രകളും തല്ക്കാലം അവസാനിപ്പിച്ചു കുറച്ചു നാള്‍ തിരുവനന്തപുരത്ത് തന്നെ നില്‍ക്കാന്‍ തീരുമാനിച്ചു.മലയാള സിനിമാ നിര്‍മ്മാണം  മദ്രാസ്സില്‍ നിന്നും ഓരോന്നായി കേരളത്തിലേക്ക് പറിച്ചു നട്ടുകൊണ്ടിരിക്കുന്ന സമയം.തമിഴില്‍ അവസരങ്ങളും കുറവ്‌.അലച്ചിലും,യാത്രകളും ഒരുവശത്ത്,സമരവും,പ്രതിസന്ധികളും മറുവശത്ത്.ചിലവിനു പോലും പണം കണ്ടെത്താന്‍ കഴിയാത്ത അവസ്ഥ.ഇങ്ങിനെ മദ്രാസ്സില്‍ തുടര്‍ന്നിട്ട് യാതൊരു  കാര്യവുമില്ല.കൂടാതെ വീട്ടിലും കുറ്റപ്പെടുത്തലുകള്‍ ഉയര്‍ന്നുതുടങ്ങിയിരിക്കുന്നു.എന്തായാലും,ഇനി കുറച്ചു നാള്‍ നാട്ടില്‍ വന്നു നില്‍ക്കാം എന്നുതന്നെ  ഉറപ്പിച്ചു. നാട്ടിലെത്തി നാലാം ദിവസം തന്നെ തിരുവനന്തപുരത്ത് തൈക്കാട്ടുള്ള 'അല്‍ഫിയ എന്റര്‍പ്രൈസ്' എന്ന സ്ഥാപനത്തില്‍ ജോലിയ്ക്കും കയറി.എന്‍റെ ഒരു ഇളയാപ്പയുടെ ഉടമസ്ഥതയിലുള്ള  സ്ഥാപനമായിരുന്നു അത്.ജോലിയെന്ന് പറയാന്‍ പ്രത്യേകിച്ച് ഒന്നുമില്ല.ബിസിനസ് പരമായ ആവശ്യങ്ങളുമായി  ഇളയാപ്പ എപ്പോഴും തിരക്കിലായിരിക്കും.അദ്ദേഹത്തിന് ഒരു മെഡിക്കല്‍ സെന്‍റെര്‍ കൂടി തിരുവനന്തപുരത്തുണ്ട്.കൂടുതല്‍ സമയവും അദ്ദേഹം അവിടെയായിരിക്കും.അതുകൊണ്ട് ഓഫീസ്‌ കാര്യങ്ങളെല്ലാം നോക്കി നടത്തലായിരുന്നു എന്‍റെ പണി.ഒരു മകന്‍ എന്ന പരിഗണന എനിക്ക് ആ ഓഫീസില്‍ ഉണ്ടായിരുന്നെങ്കിലും 
എല്ലാ ദിവസവും രാവിലെ ഒമ്പതരക്ക്‌  മുന്‍പ്‌ തന്നെ ഓഫീസില്‍ എത്തണം എന്നത് എനിക്ക്നിര്‍ബ്ബന്ധമായിരുന്നു.
അത്യാവശ്യകാര്യങ്ങള്‍ക്കല്ലാതെ  അവിടെ നിന്നും ജോലി വിട്ടിറങ്ങും വരെ ആ പതിവ്‌ ഞാന്‍ തെറ്റിച്ചിട്ടുമില്ല.

അങ്ങനെ ഒരു ദിവസം,തിരുവനന്തപുരം ബസ്‌ സ്റ്റാന്റില്‍ ബസ്സിറങ്ങി ഞാന്‍ തൈക്കാട്ടേക്ക് നടക്കുകയായിരുന്നു.ന്യൂ തീയേറ്ററിനു സമീപത്തു കൂടി തൈക്കാട്ടെക്ക് ഒരു ഇടറോഡുണ്ട്.ഈ ഇടറോഡിന്‍റെ പ്രത്യേകത എന്താണെന്ന് ഇതുവഴി നടന്നിട്ടുള്ളവര്‍ക്കെല്ലാം അറിയാം.റോഡ്‌ സൈഡില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന വണ്ടികളുടെ മറവിലും, റോഡിലുമൊക്കെയായിരുന്നു ആളുകള്‍ പ്രാഥമികാവശ്യങ്ങള്‍ നടത്തിയിരുന്നത്.ഇതില്‍ ചവിട്ടിയും,ചവിട്ടാതെ  സര്‍ക്കസ്‌ കാണിച്ചുമൊക്കെയായിരുന്നു വഴിയാത്രക്കാര്‍ക്ക് നടക്കാന്‍.കോട്ടൂരില്‍ നിന്നും തമ്പാനൂര്‍ ബസ്‌ സ്റ്റാന്റ് വരെ മുപ്പത്തിയെട്ടു കിലോമീറ്റര്‍ ദൂരമുണ്ട്.അന്ന് ബസ്‌ കുറച്ചു വൈകിയാണ് തിരുവനന്തപുരത്ത് എത്തിയത്.അപ്പോള്‍ തന്നെ സമയം ഒമ്പതര കഴിഞ്ഞിരിക്കുന്നു.ഒന്ന് രണ്ടു കസ്റ്റമേഴ്സ് ഓഫീസില്‍ വെയിറ്റ് ചെയ്യുന്നുണ്ടെന്ന് യാത്രക്കിടയില്‍ തന്നെ സ്റ്റാഫ്‌ വിളിച്ചു പറഞ്ഞിരുന്നു.അതുകൊണ്ട് ബസ്സിറങ്ങിയ ഉടന്‍ നടത്തത്തിന് അല്പം വേഗം കൂട്ടി.ന്യൂ തീയേറ്ററിനു മുന്‍വശം കടന്നു കുറച്ചു മുന്നോട്ടു പോകുമ്പോള്‍ ഒരു വെജിറ്റേറിയന്‍ ഹോട്ടല്‍ ഉണ്ട്.പേര് ഞാന്‍ ഓര്‍ക്കുന്നില്ല.കാരണം,ഓരോ ആഴ്ചയിലും ആ ഹോട്ടലിനു ഓരോ  പേരാണ് കണ്ടിരുന്നത്.തൊട്ടടുത്ത റെയില്‍വേ സ്റെഷനിലെയും,ഇടറോഡിലെയും,മുന്നിലെ അഴുക്കുചാലിലെയും ദുര്‍ഗന്ധം കാരണം ആ ഹോട്ടല്‍ ആരും കൂടുതല്‍ കാലം നടത്താറില്ല എന്ന് തോന്നുന്നു.ഹോട്ടലിനു മുന്‍വശത്തെ പ്ലാറ്റ്ഫോമില്‍ വച്ചിരുന്ന  ചെറിയ ബോര്‍ഡ്‌ ചാടിക്കടന്നതും കാലില്‍ എന്തോ തട്ടിയതായി എനിക്ക് തോന്നി.ഞാന്‍ തിരിഞ്ഞു നോക്കി.പ്രായം ചെന്ന ഒരാള്‍ അതാ വഴിയില്‍ കുറുകെ കിടക്കുന്നു.അയാളുടെ കാലില്‍ തിരക്കിട്ടുള്ള നടത്തത്തിനിടെ എന്റെ കാല്‍ അറിയാതെ കൊണ്ടതാണ്.സാധാരണ ഈ വഴികളില്‍ വെള്ളമടിച്ച് ഫിറ്റായി കിടക്കുന്നവരുടെ എണ്ണം കൂടുതലാണ്.അതുകൊണ്ട് ഞാനത് ശ്രദ്ധിക്കാതെ മുന്നോട്ട് നടന്നു.പിന്നീടാണ് എനിക്ക് ഒരു സംശയം തോന്നിയത്.ആ കിടക്കുന്ന ആളിന്റെ മുഖം എനിക്ക് നല്ല പരിചയം ഉള്ളതുപോലെ ..ഞാന്‍ അയാള്‍ക്കരികിലേക്ക് തിരികെ നടന്നു.മുഖത്തേയ്ക്ക് ഒന്നുകൂടി സൂക്ഷിച്ചു നോക്കി.പോക്കറ്റില്‍ നിന്നും ചിതറിക്കിടക്കുന്ന ചെളിപുരണ്ട കടലാസു കഷ്ണങ്ങള്‍,വടിവൊത്ത അക്ഷരങ്ങളില്‍ ആ കടലാസ്സില്‍ എന്തൊക്കെയോ എഴുതിയിട്ടുണ്ട്.മുഖത്തിനടുത്തായി വില കുറഞ്ഞ പേനയും ഒരു കാലൊടിഞ്ഞ കണ്ണടയും വീണു കിടക്കുന്നു.സംശയമില്ല അത് ഞാന്‍ ഉദ്ദേശിച്ച ആള്‍ തന്നെ...
"ശരീരം നിറയെ മണ്ണും 
മണ്ണ്‌ നിറയെ രക്തവും 
രക്തം നിറയെ കവിതയും
കവിത നിറയെ കാല്‍പാടുകളുള്ളവനും''  ആയിരുന്ന പ്രിയ കവി അയ്യപ്പന്‍ ആയിരുന്നു അത്.ആ മുഖം തിരിച്ചറിയാന്‍ കൂടുതല്‍ ബുദ്ധിമുട്ടുണ്ടായില്ല.പഠനകാലത്ത്, കവിതയെയും,നാടകത്തെയും പ്രണയിച്ചു ഞാന്‍ നടന്ന നാളുകളില്‍,വി.ജെ.ടി ഹാളിനു മുന്‍വശത്ത് വച്ചും,ആയുര്‍വേദ ആശുപത്രിക്ക് സമീപത്തു വച്ചും,അരിസ്ടോ ജങ്ങ്ഷനില്‍ നിന്നുള്ള ഇടറോഡില്‍  വച്ചും എത്രയോ തവണ ഈ മുഖം ഞാന്‍ കണ്ടിരിക്കുന്നു.അപ്പോഴൊക്കെ അദ്ദേഹം നന്നായി മദ്യപിച്ചിട്ടുണ്ടായിരുന്നു.അന്നൊക്കെ അദ്ദേഹത്തെ പരിചയപ്പെടാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും  ബുദ്ധിജീവി 'ജാഡ'യുണ്ടായിരുന്ന എനിക്ക് അതിനു കഴിഞ്ഞിരുന്നില്ല.കവിയെന്ന നിലയില്‍ ബഹുമാനമുണ്ടയിരുന്നെങ്കിലും മദ്യപാനികളോട് അന്നെനിക്ക് ഉണ്ടായിരുന്ന ഒരുതരം അകല്‍ച്ച തന്നെയാണ് അദ്ദേഹത്തെ പരിചയപ്പെടുന്നതിനും ഒരര്‍ത്ഥത്തില്‍ തടസ്സമായത്. എങ്കിലും,ഒരു നിയോഗം പോലെ  അധികം വൈകാതെ തന്നെ അദ്ദേഹവുമായി  അടുക്കാന്‍ സാധിച്ചു.മ്യൂസിയത്തിനുള്ളിലെ പുല്‍ത്തകിടിയില്‍  ഒരു സായാഹ്നം അദേഹത്തോടൊപ്പം ചിലവഴിക്കാനുള്ള അവസരമുണ്ടായി.അന്ന് എന്റെയൊപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കളില്‍ ഒരാളെന്ന പോലെ ഏറെ പ്രിയപ്പെട്ട ഒരാളായി മാറാന്‍ അദ്ദേഹത്തിനു അധിക സമയം വേണ്ടി വന്നില്ല. മനോഹരമായി കവിത ചൊല്ലിയും,കാര്യം പറഞ്ഞും സമയം പോയതറിഞ്ഞില്ല.അര്‍ദ്ധരാത്രിയോടെ ഞങ്ങള്‍ പിരിയുമ്പോള്‍ അദ്ദേഹം ആവശ്യപ്പെട്ടത് രണ്ടു പെഗ് മദ്യത്തിനുള്ള കാശായിരുന്നു.അതു ഞങ്ങള്‍ നല്‍കുകയും ചെയ്തു.പിരിയുന്നതിനു മുന്‍പ്‌ അദ്ദേഹത്തോട് ഞാനൊരു കാര്യം ആവശ്യപ്പെട്ടിരുന്നു.കയ്യൊപ്പിട്ട ഒരു പുസ്തകം എനിക്ക് തരണമെന്ന്.''എന്റെ കയ്യില്‍ എവിടെയാടോ പുസ്തകം'' എന്നാണു അദ്ദേഹം എന്നോട് ചോദിച്ചത്.ലഹരിയും,ഉന്മാദവും നയിച്ച യാത്രകളില്‍ ഏതു എഴുത്തുകാരനാണ്  പുസ്തകങ്ങള്‍ കരുതുന്നത്.പക്ഷെ,അടുത്ത ദിവസം തിരുവനന്തപുരത്തെ ഒരു ബുക്ക്‌ സ്റ്റാളില്‍ കയറി അദ്ദേഹം എഴുതിയ ഒന്ന് രണ്ടു പുസ്തകങ്ങള്‍ ഞാന്‍ വാങ്ങി.എവിടെയെങ്കിലും വച്ച് അയ്യപ്പേട്ടനെ കാണുമ്പോള്‍ കയ്യൊപ്പിട്ടു വാങ്ങാമെന്നു കരുതി കുറെനാള്‍ കൂടെ കൊണ്ടുനടന്നു.

കഴിഞ്ഞ രാത്രിയിലും ആരോ കാര്യമായി അദ്ദേഹത്തെ സ്വീകരിച്ചിട്ടുണ്ട്.അതിന്‍റെ കെട്ടു വിടാത്തതു തന്നെയാണ് ഈ കിടപ്പിനും കാരണം.അക്കാര്യത്തില്‍ സംശയമില്ല.ഞാന്‍ അദ്ദേഹത്തിന്റെ ചുമലില്‍ തട്ടി വിളിച്ചു.ആദ്യ വിളിയില്‍ തന്നെ മുഖമുയര്‍ത്തി എന്നെ നോക്കി.എന്നിട്ട് മെല്ലെയെണീറ്റ് വലത്തെ കൈ കൊണ്ട്  കണ്ണട തപ്പിയെടുത്തു മുഖത്ത് വച്ച ശേഷം എന്നെ ഒന്നൂകൂടെ സൂക്ഷിച്ചു നോക്കി.
'' അയ്യപ്പേട്ടന് എന്നെ മനസ്സിലായോ?'' എന്ന് ഞാന്‍ ചോദിച്ചു.''നമ്മളല്ലേ അന്ന് മ്യൂസിയത്ത് വച്ച് കണ്ട ...'' പറഞ്ഞു മുഴുമിപ്പിക്കാതെ, ഒരു സംശയത്തോടെ അദ്ദേഹം എന്നെ നോക്കി''.അതെ ..ഞാന്‍ തന്നെ.,..അയ്യപ്പേട്ടന്‍ എണീക്ക് ..നമുക്കൊരു ചായ കുടിക്കാം..'' എന്ന് പറഞ്ഞു ഞാന്‍ അദ്ദേഹത്തെ പിടിച്ചു എണീപ്പിച്ചു.തൊട്ടടുത്ത കടയില്‍ നിന്നും ചായക്കൊപ്പം ഭക്ഷണം കൂടി വാങ്ങി കഴിക്കാന്‍ ഏറെ നിര്‍ബന്ധിച്ചെങ്കിലും അതിനു അദ്ദേഹം കൂട്ടാക്കിയില്ല..ഒരു ചടങ്ങ് പോലെ ആ ചായ കുടിച്ചു തീര്‍ത്തു.എനിക്കറിയാം അയ്യപ്പേട്ടന് രാവിലെ ചായ പതിവില്ലാത്തതാണ്.മദ്യം ആ മനസ്സിനെയും,ശരീരത്തെയും കാര്യമായി സ്വാധീനിച്ചിരിക്കുന്നു.
'' അയാളുടെ ചീത്ത വിളി കേള്‍ക്കണ്ട.. സ്ഥലം വിട്ടോ..കൂടുതല്‍ നേരം നിന്നാല്‍ അയാള്‍ക്ക്‌ വെള്ളമടിക്കാനും കൂടി  കാശ് കൊടുക്കേണ്ടി വരും..'' എന്ന്  തൊട്ടടുത്ത്‌ നിന്ന ആള്‍ സ്വകാര്യമായി എന്നോട് പറഞ്ഞു.അയാള്‍ പറഞ്ഞത് ശരിയാണ്.അടുത്ത ആവശ്യം അത് തന്നെ ആയിരിക്കുമെന്നുംഎനിക്കറിയാം.പക്ഷെ,വഴിയില്‍ അവശനായി കിടന്ന,അക്ഷരങ്ങളെ സ്നേഹിച്ച മലയാള കവിതയുടെ സ്വന്തം നിഷേധിയെ അങ്ങിനെ തെരുവില്‍ ഉപേക്ഷിച്ചു പോകാന്‍  എനിക്ക് കഴിയുമോ?..ഇല്ല കഴിയില്ല..
ചായ കുടിച്ചു കഴിഞ്ഞു കടക്കു പുറത്തിറങ്ങിയ ശേഷം അയ്യപ്പെട്ടന്റെ കയ്യില്‍ ആവശ്യപ്പെടാതെ തന്നെ ഞാന്‍ കുറച്ചു  കാശ് വച്ചു കൊടുത്തു.ആദ്യം വാങ്ങാന്‍ അദ്ദേഹം വിസമ്മതിച്ചു.വീണ്ടും കാണാം എന്ന് പറഞ്ഞു അന്ന് പിരിയുമ്പോള്‍ അദ്ദേഹത്തിന്‍റെ കണ്ണുകള്‍ ഈറനണിയുന്നത് ഞാന്‍ കണ്ടു.കാണുമ്പോള്‍ കയ്യൊപ്പിട്ടു വാങ്ങാന്‍ ഞാന്‍ കരുതിയ പുസ്തകങ്ങള്‍ അപ്പോള്‍ എന്റെ കയ്യില്‍ ഉണ്ടായിരുന്നില്ല.അതെങ്ങനെ,വര്‍ഷങ്ങള്‍ക്കു ശേഷമാണല്ലോ വീണ്ടും ഇങ്ങനെ കാണുന്നത്.
അയ്യപ്പേട്ടനെ  ഞാന്‍ മനസ്സിലാക്കുന്നു.കുട്ടിക്കാലത്തു തന്നെ അച്ഛന്റെ ആത്മഹത്യ.ഏതാണ്ട് പതിനഞ്ചാമത്തെ വയസ്സില്‍ അമ്മയും അച്ഛന്റെ വഴി തന്നെ തിരഞ്ഞെടുത്തു.പിന്നെ ജീവിത യാത്രയില്‍ തനിച്ചായ അയ്യപ്പന് കവിതയും,കടവരാന്തകളും തന്നെയായിരുന്നു കൂട്ടും,ജീവിതവും.ആ പച്ചയായ മനുഷ്യന് ഇങ്ങനെ ജീവിക്കാനേ കഴിയു..സ്വന്തം ജീവിതത്തില്‍ കവിത കണ്ടെത്തിയ,കവിതയ്ക്ക് വേണ്ടി ജീവിച്ച അയ്യപ്പന് മരണം വരെ കൂട്ടും കവിത തന്നെയായിരുന്നു. അക്ഷരങ്ങള്‍ക്ക് വില പേശി ദേശീയ-സംസ്ഥാന  അവാര്‍ഡുകള്‍ക്ക് വേണ്ടി പല്ലിളിച്ചു നില്‍ക്കുന്ന നവോത്ഥാന എഴുത്തുകാര്‍ക്ക് മുന്നില്‍ അയ്യപ്പന്‍ എന്നും വേറിട്ടുനിന്നു.തെരുവില്‍ നിന്നു ശീതീകരിച്ച മുറികളിലെക്കുള്ള ദൂരം പോലെ അര്‍ഹതയുണ്ടായിട്ടും അംഗീകാരങ്ങള്‍ അദ്ദേഹത്തില്‍ നിന്നും അകന്നു നിന്നു.മരിക്കുന്നതിനു കുറച്ചു ദിവസം മുന്‍പാണ് ആശാന്‍ പുരസ്കാരത്തിന് അദ്ദേഹത്തെ തെരഞ്ഞെടുത്തത്.ചെന്നൈയിലെത്തി അത് സ്വീകരിക്കുന്നതിനു രണ്ടു ദിവസം മുന്‍പ്‌ അദ്ദേഹം മരണപ്പെടുകയും ചെയ്തു.ജീവിച്ചിരിക്കുമ്പോള്‍ കല്ലെറിയുകയും,മരിക്കുമ്പോള്‍ അതെ കല്ലുകൊണ്ട് സ്മാരകം പണിയുകയും,പൂമാല അണിയുകയും,പുകഴ്ത്തിപ്പറയുകയും  ചെയ്യുന്നവര്‍ക്ക് ചരിത്രത്തില്‍ നിന്നും ആ പേര് മറക്കാന്‍ കഴിയില്ല.കാരണം,ആ മൂര്‍ച്ചയുള്ള അക്ഷരങ്ങള്‍ നിങ്ങള്‍ക്ക് നേരെയുള്ള ചോദ്യങ്ങളും,ഉത്തരങ്ങളുമായിരുന്നു.
സാംസ്കാരിക ലോകം അദ്ദേഹത്തോട് കാട്ടിയ അവഗണനയ്ക്ക് ഒരിക്കലും മാപ്പര്‍ഹിക്കുന്നില്ല.

അന്നു കണ്ടു പിരിഞ്ഞ ശേഷം അദ്ദേഹത്തെ പിന്നീട് ഞാന്‍ കണ്ടിട്ടില്ല.നഗരയാത്രകളില്‍ എപ്പോഴും ഞാന്‍ അദ്ദേഹത്തെ തിരയാറുണ്ടായിരുന്നു.അധികം താമസിയാതെ ഞാന്‍ ഗള്‍ഫിലേക്ക് വന്നു .അവധിയില്‍ നാട്ടിലെത്തിയ സമയത്ത് തിരുവനന്തപുരത്ത് വരുമ്പോഴേല്ലാം  ഞാന്‍ വീണ്ടും അദ്ദേഹത്തെ അന്വേഷിക്കാറുണ്ടായിരുന്നു.ഒരിടത്തും കണ്ടെത്താന്‍ കഴിഞ്ഞില്ല.2010 ഒക്ടോബർ 21 ന് ഞാന്‍ അവധി കഴിഞ്ഞു ഗള്‍ഫില്‍ തിരിച്ചെത്തിയിട്ട് മൂന്നുമാസം കഴിഞ്ഞിരുന്നു.രാവിലെ ജോലി സ്ഥലത്തുപോയി മുറിയില്‍ മടങ്ങിയെത്തിയ ശേഷം ടീ.വി ഓണ്‍ ചെയ്തു.അപ്പോള്‍ കണ്ട വാര്‍ത്ത എന്നെ ശരിക്കും വേദനിപ്പിക്കുന്നതായിരുന്നു.കവി അയ്യപ്പന്‍ അന്തരിച്ചു.തമ്പാനൂരില്‍ വഴിയരികില്‍ അവശനായി കിടന്ന അദ്ദേഹത്തെ ഫ്ലയിംഗ് സ്ക്വാഡ്‌ ആണ് ആശുപത്രിയിലെത്തിച്ചത്. മരിച്ചതിനു ശേഷമാണ് അതു കവി അയ്യപ്പനായിരുന്നു എന്ന് പോലും തിരിച്ചറിഞ്ഞത്.
കവിതയെ സ്നേഹിച്ച നിഷേധിയും,തെമ്മാടിയുമായ സഞ്ചാരിക്ക് അപൂര്‍ണ്ണമായ കവിത പോലെ മരണവും..!!
കുറെനാള്‍ അയ്യപ്പേട്ടന്റെ ഓര്‍മ്മകള്‍ എന്നെ അസ്വസ്ഥമാക്കിയിരുന്നു.എന്തെന്നാല്‍ ഞാനും,അയ്യപ്പെട്ടനും തമ്മില്‍ എവിടെയൊക്കെയോ സാമ്യമുള്ളതുപോലെ..ജീവിതത്തിലും,യാത്രയിലും,കവിതകളിലും...!!

തമ്പാനൂരിലെ വഴിയരികില്‍ കിടന്ന് ഒസ്യത്തിലില്ലാത്ത ആ രഹസ്യം ഒടുവില്‍ പരസ്യമാക്കി പിരിഞ്ഞകന്ന പ്രിയ കവിയ്ക്ക് എന്‍റെ ഹൃദയത്തിലെ നിറമുള്ള ഓര്‍മ്മകളുടെ അശ്രു പൂക്കള്‍.അയ്യപ്പേട്ടന്‍ മരിച്ചിട്ടില്ല ..ചോദ്യങ്ങളും ചിന്തകളും തീര്‍ത്ത അക്ഷരങ്ങളിലൂടെ ഇന്നും ജീവിക്കുന്നു.
കയ്യൊപ്പിച്ചു വാങ്ങാന്‍ ഞാന്‍ കരുതിയ പുസ്തകങ്ങള്‍ ഇന്നും എന്‍റെ  അലമാരയിലുണ്ട്.

അയ്യപ്പേട്ടാ..
അറിഞ്ഞോ?
എന്‍റെ ആ പുസ്തകങ്ങള്‍ പെറ്റു!
നൂറ്റിയൊന്ന് കുഞ്ഞുങ്ങള്‍.!!..,..!!

21 March 2011

മെലീന അറിയാന്‍....


മെലീനാ...ഞാനിതെങ്ങിനെ വിശ്വസിക്കും.നിനക്കെന്താണ് സംഭവിച്ചത്?
നിന്നെക്കുറിച്ച് എനിക്ക്  എഴുതുവാനാവുന്നില്ല.എന്‍റെ കണ്ണുകള്‍  നിറഞ്ഞൊഴുകുന്നു,വിരലുകള്‍ വിറക്കുന്നു,മനസ്സ് ഇടറുന്നു.
എങ്കിലും മെലീനാ...ഇത്രയും എനിക്ക് എഴുതാതിരിക്കാന്‍ വയ്യാ .
നിന്നെ അറിയുന്നവര്‍ ഓര്‍ക്കാന്‍ വേണ്ടി മാത്രം.ഈ അക്ഷരങ്ങളിലൂടെ അവര്‍ ഇനിയും നിന്നെയേറെ ഇഷ്ടപ്പെടട്ടെ.
അത് വേണ്ടേ മെലീനാ..വേണം..
എന്നു കരുതി ഇത് നിന്നെക്കുറിച്ചുള്ള ഓര്‍മ്മക്കുറിപ്പല്ല..
ഓര്‍മ്മകളാണ്. ജീവനുള്ള ഓര്‍മ്മകള്‍. ..,...
നിന്നെ എനിക്ക് ഒരുപാട് അറിയാമായിരുന്നതല്ലേ..നിന്നെ മാത്രമല്ല നിന്‍റെ എല്ലാമായിരുന്ന വിനോദിനെയും..പിന്നെ,പരിശുദ്ധം എന്ന് ഞാന്‍ കരുതിയ,
ഇന്നും അങ്ങിനെ തന്നെ വിശ്വസിക്കുന്ന നിങ്ങളുടെ പ്രണയത്തെയും..

 നിനക്കറിയാമോ മെലീനാ?. നിന്നെ ഞങ്ങള്‍ക്ക് ഒരുപാട് ഇഷ്ടമായിരുന്നു.
നാട്ടിലെ അറിയപ്പെടുന്ന  ബിസിനസ്സുകാരന്‍റെ ഏക മകള്‍ .അതിന്‍റെ യാതൊരു ഭാവവും നിനക്കില്ലായിരുന്നു.ഏത് സാമ്പത്തിക പ്രതിസന്ധിയിലും ഞങ്ങളെ സഹായിച്ചിരുന്നവള്‍ .കണക്കു പറയുകയാണെങ്കില്‍ നിന്നെ ഞാനെത്രയോ തവണ  പറ്റിച്ചിരിക്കുന്നു.
എനിക്കറിയാം മെലീന..നീ അതൊന്നും തിരികെ പ്രതീക്ഷിച്ചിരുന്നതല്ല എന്ന്.
എല്ലാവര്‍ക്കും നിന്നോട് അസൂയയായിരുന്നു.നറുനിലാവ് പോലുള്ള നിന്‍റെ  ചിരി,ആ കവിളുകളിലെ നുണക്കുഴികള്‍ ,നീല കണ്ണുകളിലെ തിളക്കം,
വാക്കുകളിലെ വശ്യത,ബന്ധങ്ങള്‍ക്കിടയിലെ സൂഷ്മത,
ആത്മാര്‍ഥമായ സൌഹൃദം.പിന്നെ അക്ഷരങ്ങളോടുള്ള നിന്‍റെ പ്രണയം,
എഴുത്തുകാരോടുള്ള ആദരവ്.
നീ പറഞ്ഞത് ഞാനിന്നും ഓര്‍ക്കുന്നു.
"അസിം...നീ വിശ്വസിക്കുമോ എന്നെനിക്കറിയില്ല..നീ തന്നെയാണെടാ എന്‍റെ പ്രിയപ്പെട്ട എഴുത്തുകാരന്‍"''.. എന്ന്..
അത് തമാശയല്ലായിരുന്നു എന്നെനിക്കറിയാം.നീ വായിക്കാന്‍ കൊണ്ടു തന്നിരുന്ന പുസ്തകങ്ങള്‍ അന്നെനിക്ക് ഒരുപാട് പ്രചോദനം തന്നെയായിരുന്നു. 
എന്നിട്ടും,എന്തിനാണ് മെലീനാ...ആ സത്യം എന്നില്‍ നിന്നും നീ മൂടി വെച്ചത്?.എന്‍റെ പ്രിയ സ്നേഹിതന്‍ വിനോദിനെ നീ ഒരുപാട് പ്രണയിക്കുന്നുണ്ടെന്ന കാര്യം.അവന്‍ എന്‍റെ വെറും സ്നേഹിതന്‍ മാത്രമായിരുന്നില്ലല്ലോ.
വേണ്ട മെലീന..നീയത് പറയണ്ടായിരുന്നു..അതായിരുന്നു നല്ലത്.

നല്ലവനായിരുന്നു വിനോദ്.ആരെയും ആകര്‍ഷിക്കുന്ന വ്യക്തിത്വം.
വിനയത്തോടെയുള്ള സംസാരം.പിന്നെ നമ്മെ പോലെ അക്ഷരങ്ങളോടും,
എഴുത്തിനോടുമുള്ള ആവേശം.എത്ര മത്സരങ്ങളില്‍ ഞാന്‍ അവനു വേണ്ടി തോറ്റു കൊടുത്തിരിക്കുന്നു എന്നറിയാമോ നിനക്ക്?.
അവന്‍ അത് നിന്നോട് പറഞ്ഞിട്ടുണ്ടാവും.അവനെയും  എനിക്ക് അത്രയേറെ ഇഷ്ടമായിരുന്നു മെലീനാ...ഇഷ്ടമായിരുന്നു.അവനും നിങ്ങളുടെ പ്രണയം എന്നോട് പറയാന്‍ വൈകി.സാരമില്ല,എനിക്കതില്‍ വിഷമമില്ല.അവന്‍ അങ്ങിനെയായിരുന്നു.അവനെ ഞാന്‍ മനസിലാക്കുന്നു.ഒടുവില്‍ എല്ലാം അറിഞ്ഞപ്പോള്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ചതും ഈ ഞാന്‍ തന്നെയായിരുന്നുവല്ലോ മെലീനാ..
കാരണം,നിങ്ങള്‍ രണ്ടാളും എനിക്ക് ഒരുപോലെ പ്രിയപ്പെട്ടവര്‍..,അതുതന്നെ..

നിന്നെക്കുറിച്ചു പറയാന്‍ അവനു ആയിരം നാവായിരുന്നു.നിന്‍റെ പേരു പോലും അവനു നല്‍കിയിരുന്നത് പുത്തന്‍ ഉണര്‍വായിരുന്നു.അത് ഞാന്‍ പലപ്പോഴും അറിഞ്ഞതാണ്.അവനെ നീ ഒരുപാട് മാറ്റിയെടുത്തു.ഞാന്‍ നിങ്ങളുടെ പ്രണയത്തിന്‍റെ മൂകസാക്ഷിയായിരുന്നു എന്ന് നിനക്ക് അറിയാമായിരുന്നു.അതിനെക്കുറിച്ച് ഒരക്ഷരം പോലും ഞാന്‍ നിന്നോടോ നീയെന്നോടോ മിണ്ടിയിരുന്നില്ല.ആ കൊച്ചു കള്ളത്തരം എനിക്ക് ഒരു പ്രത്യേക സുഖം തന്നെയായിരുന്നു സമ്മാനിച്ചത്.ഒരിക്കല്‍ നമ്മള്‍ എന്നും ഒരുമിച്ചു കൂടാറുള്ള ആ വടവൃക്ഷചോട്ടില്‍ അവനെ എനിക്ക് തനിച്ചു കിട്ടി.അപ്പോള്‍ ഞാന്‍ ചോദിച്ചു;
" വിനോദ്..നീ മെലീനയെ എത്ര മാത്രം സ്നേഹിക്കുന്നു.."
അവന്‍റെ  മറുപടി എന്തായിരുന്നുവെന്നു എനിക്ക് എഴുതാനാവില്ല മെലീനാ.
അതിനു ഈ അക്ഷരങ്ങള്‍ പോരാതെ വരും.ആകാശത്തോളം അല്ല ഭൂമിയുടെ അങ്ങേ അറ്റത്തോളം സ്നേഹത്തിന്‍റെ  നിലാവെളിച്ചം നിറഞ്ഞു നിന്ന ഒരു മനസ്സ് അവനുണ്ടായിരുന്നു.അതില്‍ പ്രണയത്തിന്‍റെ  മാലാഖയായി നീയും.
അങ്ങിനെ പറയുന്നതാവും മെലീനാ ശരി..

കാലം നമുക്കിടയില്‍ വീണ്ടും വേര്‍പാടുകള്‍ നല്‍കി.കലാലയത്തിന്‍റെ വാതിലുകള്‍ നമുക്ക് മുന്നില്‍ അടഞ്ഞു..പിരിയാതെ വയ്യ.പക്ഷെ ഈ സൌഹൃദം ഒരിക്കലും പിരിയരുതേ..എന്ന പ്രാര്‍ത്ഥനയുമായി നമ്മള്‍ പലവഴിക്ക് പിരിഞ്ഞു.യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടാന്‍ നമ്മള്‍ക്ക്  ഒരുപാട് സമയമെടുത്തു.വിനോദിന് ഒരിക്കലും നിന്നെ പിരിഞ്ഞു പോകാന്‍ കഴിയുമായിരുന്നില്ല.അവനെ ഞാന്‍ ശ്രദ്ധിച്ചിരുന്നു.എങ്കിലും,വീണ്ടും നമ്മള്‍ കാണുമെന്ന പ്രതീക്ഷകളോടെ അകന്നു.
അങ്ങിനെ അകലുവാന്‍ ആകുമോ മെലീനാ നമുക്ക്.!!

പിന്നെ ഞാന്‍ ജീവിതത്തിന്‍റെ  പുതു നിറങ്ങള്‍ തേടിയുള്ള യാത്രയിലായിരുന്നു.
അതിനിടയിലും ഞാന്‍ അറിയുന്നുണ്ടായിരുന്നു;അന്വഷിക്കുന്നുണ്ടായിരുന്നു 
നിങ്ങളുടെ കാര്യങ്ങള്‍.. 
അതല്ലേ മെലീനാ....എന്‍റെ കൊച്ചു കൊച്ചു സന്തോഷങ്ങള്‍ ...

ആയിടക്ക് ഞാന്‍ മദ്രാസില്‍ ആയിരുന്നു.ജോലി തിരക്കി പോയതാണ്.മൂന്നു മാസം കഴിഞ്ഞിരിക്കുന്നു.നാട്ടില്‍ വരണം ..ഉമ്മയെ കാണണം.
തിരുവനന്തപുരത്തേക്കുള്ള മടക്ക യാത്രക്കായി മദ്രാസ്‌ റെയില്‍വേ സ്റെഷനില്‍ നില്‍ക്കുമ്പോള്‍ എന്‍റെ മൊബൈല്‍ ഫോണിലേക്കൊരു കോള്‍ വന്നു.വിളിച്ചത് നമ്മുടെ സുഹൃത്തുക്കളില്‍ ഒരാള്‍ .സംസാരിച്ചു തീരുന്നതിനു മുന്‍പേ എന്‍റെ ഫോണ്‍ സ്വിച്ച് ഓഫ്‌ ആയി.ബാറ്ററി ചാര്‍ജു തീര്‍ന്നതാണ്.
അവന്‍റെ വാക്കുകള്‍ അത്ര സുഖമുള്ളതല്ല എന്നെനിക്ക് മനസ്സിലായി..
സംസാരത്തിനിടയില്‍ അവന്‍ ''എടാ നമ്മുടെ വിനോദ്...'' എന്ന് പറയുന്നുണ്ടായിരുന്നു.അതെ,വിനോദിന് എന്തോ സംഭവിച്ചിരിക്കുന്നു.ഞാന്‍ ഉറപ്പിച്ചു.ഇനിയെന്താണ് ചെയ്യുക.തീവണ്ടി ഫ്ലാറ്റ്ഫോമിലുണ്ട്.
ഫസ്റ്ക്ലാസ്സ് ടിക്കറ്റ് ആയതു കാരണം സീറ്റ്‌ കിട്ടും.അതോര്‍ത്തു വിഷമിക്കണ്ട.
തിക്കി തിരക്കി ഞാന്‍ തീവണ്ടിക്കുള്ളില്‍ കയറി.സാധാരണ യാത്രകളില്‍ ഞാന്‍ സഹയാത്രക്കാരോട് കൂടുതല്‍ സംസാരിക്കാറില്ല.എന്തെങ്കിലും പുസ്തകം വായിച്ചിരിക്കാറാണ് പതിവ്.പിന്നെ ഉറങ്ങും.പക്ഷെ,അന്നു ഞാന്‍ ആദ്യമായി ഒരാളെ അങ്ങോട്ട്‌ പരിചയപ്പെട്ടു.സംസാരത്തിനിടയില്‍ ഞാന്‍ അയാളോട് 'താങ്കളുടെ ഫോണ്‍ ഒന്ന് തരാമോ'...എന്നു ചോദിച്ചു.വിളിക്കേണ്ട കാര്യവും കൂടി പറഞ്ഞു.ഒരു മടിയും കൂടാതെ അയാള്‍ എനിക്ക് ഫോണ്‍ തന്നു.എന്നെ വിളിച്ച നമ്പരിലേക്ക് തിരികെ വിളിച്ചു.
അതെ...ഞാന്‍ വിചാരിച്ചത് തന്നെ സംഭവിച്ചിരിക്കുന്നു.വിനോദ്...അവന്‍ ആത്മഹത്യ ചെയ്തു.എങ്ങിനെ ഞാനിത് ഉള്‍ക്കൊള്ളും..ഈ പോക്കില്‍ അവനെ കൂടി കാണണം എന്നുണ്ടായിരുന്നു..ഇനിയെങ്ങിനെ കാണും.
ചിന്തിക്കാന്‍ കൂടി വയ്യ..ഞാന്‍ നേരെ തീവണ്ടിക്കുള്ളിലെ ബാത്ത്‌റൂമിലേക്ക് നടന്നു.അകത്തു കയറി കുറ്റിയിട്ടു.ദുര്‍ഗന്ധം നിറഞ്ഞ ആ റൂമിനുള്ളില്‍ നിന്നു ഞാന്‍ പൊട്ടി പൊട്ടി കരഞ്ഞു..അല്ല ..നിലവിളിച്ചു എന്നുപറയുന്നതാവും ശരി..ആ നിലവിളി തീവണ്ടിയുടെ അലര്‍ച്ചയോടോപ്പം പുറത്തെ കാറ്റില്‍ ചേര്‍ന്ന് അലിഞ്ഞലിഞ്ഞ് ഇല്ലാതായി പോയി.
മുഖം കഴുകി പുറത്തു കടന്നു.അടുത്ത ഊഴവും കാത്തു പുറത്തു ഒന്നു രണ്ടു പേര്‍ നില്‍ക്കുന്നുണ്ടായിരുന്നു.നല്ല തലവേദന.യാത്രകളില്‍ ഇതുള്ളതാണ്.
ബാഗില്‍ പനഡോള്‍ കരുതിയിട്ടുണ്ട്.ഒരെണ്ണമാണ്‌ സ്ഥിരം കഴിക്കാറ്.അന്നു ഞാന്‍ രണ്ടെണ്ണം കഴിച്ചു.അതിനാലാവാം നല്ല ഉറക്കം കിട്ടി.അവന്‍റെ ഓര്‍മ്മകള്‍ ആ ഉറക്കത്തിനിടയില്‍ നേര്‍ത്ത് നേര്‍ത്ത് ഇല്ലാതാവുന്നതായി ഞാന്‍ അറിഞ്ഞു.അതു നന്നായി.ഇല്ലെങ്കില്‍ ആ തീവണ്ടി യാത്രക്കിടയില്‍ ഞാനും അവനോടൊപ്പം പോകുമായിരുന്നു.
സത്യം മെലീനാ...എന്നെ നിനക്ക് അറിയാമല്ലോ..

എങ്ങിനെയോ ആ തീവണ്ടി തിരുവനന്തപുരത്ത് എത്തി.അതുമാത്രം ഞാന്‍ ഓര്‍ക്കുന്നു .നിലവിളിച്ചു നിന്നു.എന്‍റെ മനസ്സില്‍ നിറയെ വിനോദായിരുന്നു. എത്രയും പെട്ടന്ന്‍ പാപ്പനംകോട്ടുള്ള അവന്‍റെ വീട്ടിലെത്തണം.തമ്പാനൂര്‍ ബസ്‌ സ്റ്റാന്റിനു മുന്‍പില്‍ നിന്നും ഒരു ഓട്ടോ പിടിച്ചു അങ്ങോട്ട്‌ തിരിച്ചു.ഞാന്‍ എത്തുന്നതിന് മണിക്കൂറുകള്‍ക്കു മുന്‍പ് തന്നെ അവന്‍റെ ചിത കെട്ടടങ്ങിയിരുന്നു.വീണ്ടും..ആ ചാരങ്ങള്‍ക്ക് അരികിലിരുന്നു ഞാന്‍ പൊട്ടിക്കരഞ്ഞു...അപ്പോള്‍ എനിക്ക് അതല്ലേ ചെയ്യാന്‍ കഴിയു മെലീനാ..

ആരോടും ഒന്നും മിണ്ടിയില്ല ..അവന്‍റെ  അച്ഛനേം അമ്മയേം അപ്പോള്‍ എനിക്ക് കാണാന്‍ കഴിയില്ല..ആശ്വസിപ്പിക്കാന്‍ ആവില്ല..എന്തുപറഞ്ഞാണ് ഞാന്‍ അവരെ ആശ്വസിപ്പിക്കേണ്ടത്? ..ഒപ്പം പഠിച്ച ഒന്നു  രണ്ടു സുഹൃത്തുക്കള്‍ അവിടെയുണ്ടായിരുന്നു.അവരുടെ വണ്ടിയില്‍ എന്നെ കോട്ടൂരിലെ വീട്ടിലെത്തിച്ചു.വീട്ടിലേക്കുള്ള യാത്രക്കിടയില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ പലതും പറഞ്ഞു കൊണ്ടിരുന്നു.അതൊന്നും കേള്‍ക്കാനോ,  ഉള്‍ക്കൊള്ളാനോ ഉള്ള മാനസികാവസ്ഥയിലായിരുന്നില്ല അപ്പോള്‍ ഞാന്‍.....,..
എന്നെ വീട്ടിലാക്കി സുഹൃത്തുക്കള്‍ മടങ്ങി.
മൂന്നു മാസങ്ങളിലായി എന്നെ തേടിയെത്തിയ നിരവധി കത്തുകള്‍ക്കിടയില്‍ ഒന്ന് ഞാന്‍ കണ്ടു.മെലീനാ....അതു നിന്‍റെ  കല്യാണ ക്ഷണക്കത്ത് ആയിരുന്നു.നീ അതെങ്ങിലും ചെയ്തല്ലോ മെലീനാ.ഇനി ഞാന്‍ എന്താണ് പറയേണ്ടത്.എല്ലാം ഊഹിക്കവുന്നതല്ലേ?.എങ്കിലും,പലതും എനിക്ക് വിശ്വസിക്കാന്‍ കഴിയില്ല മെലീനാ..സത്യത്തിനെ,യാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊള്ളാതെ വയ്യല്ലോ.നീയിപ്പോള്‍ മറ്റൊരാളുടെതായിരിക്കുന്നു.നിന്‍റെ ഇഷ്ടത്തോടെ അല്ലായിരുന്നു എന്നു തന്നെ  ഞാന്‍ കരുതുന്നു.അങ്ങിനെ അല്ലെ മെലീനാ..
എന്തിനും ശരികളുണ്ട്‌..., പിടിവാശിക്കാരനായിരുന്നു നിന്‍റെ അച്ഛനെന്നു എനിക്കറിയാം.അയാളുടെ നിര്‍ബന്ധത്തിനു നീ വഴങ്ങുക ആയിരുന്നില്ലേ?.
ഇന്നും ഞാന്‍ അങ്ങിനെ തന്നെ വിശ്വസിക്കുന്നു.
നിന്‍റെ  ശരികള്‍ എല്ലാവര്‍ക്കും ശരികള്‍ ആവണം എന്നില്ല..വിനോദ് ചെയ്തതാണ് ശരിയെന്ന് ഞാന്‍ ന്യയീകരിക്കുന്നുമില്ല..

വീണ്ടും ഞാന്‍ തിരക്കേറിയ ജീവിത യാത്രയിലേക്ക്..ഒന്നും എനിക്ക് മറക്കാന്‍ കഴിയുന്നില്ല.നിന്നെ വന്നു കാണണം എന്നുണ്ടായിരുന്നു.ഒരിക്കല്‍ ..ഒരിക്കല്‍ കൂടി മാത്രം.ഇപ്പോള്‍ അതുവേണ്ടാ..ഇതിനിടയില്‍ ജീവിതത്തിന്‍റെ മേച്ചില്‍ പുറങ്ങള്‍ തേടി ഞാന്‍ ഗള്‍ഫിലേക്ക് വിമാനം കയറിയിരുന്നു..

രണ്ടുവര്‍ഷം നീണ്ട പ്രവാസ ജീവിതത്തിനിടയിലും അത് മനസ്സിലുണ്ടായിരുന്നു. ഇടയ്ക്കു ഞാന്‍ രണ്ടു മാസത്തെ അവധിക്കു നാട്ടില്‍ വന്നു.പത്താം നാള്‍ ചിക്കന്‍പോക്സ് പിടിച്ചു കിടപ്പിലായി.പുറത്തു പോകാന്‍ കഴിയാത്ത അവസ്ഥ.വീട്ടില്‍ തന്നെ കഴിച്ചു കൂട്ടി.
പിന്നെ ആരെയും കാണണം എന്ന് തോന്നിയില്ല.അവധി തീരാറായി.ഇനി തിരികെ മടങ്ങാനുള്ള തിരക്കിലേക്ക്...
ടിക്കറ്റ് സംബന്ധമായ കാര്യത്തിനു തിരുവനന്തപുരത്ത് പോയി മടങ്ങി വരും വഴി കാട്ടാക്കട ബസ്സ്‌സ്റ്റാന്‍ഡില്‍ വെച്ചു ഞാന്‍ നമ്മുടെ ഒരു പഴയ സുഹൃത്തിനെ കണ്ടു.സംസാരത്തിനിടയില്‍ ഞാന്‍ നിന്നെക്കുറിച്ചു ചോദിച്ചു.
അവനാണ് പറഞ്ഞത്.നിന്‍റെ ഇപ്പോഴത്തെ അവസ്ഥ.
വീട്ടിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടി ത്തെറിച്ചു ശരീരം മുഴുവന്‍ പൊള്ളലേറ്റ് മരണത്തോട് മല്ലടിച്ച് നീ ആശുപത്രിയില്‍ കിടക്കുകയാണെന്ന്..അതുകേട്ടപ്പോള്‍ ഉടന്‍ വന്നു കാണണം എന്നു തോന്നി.
അല്ലെങ്കില്‍,നമ്മളെന്തു സുഹൃത്തുക്കളാണ് മെലീനാ.അതാണ്‌ ഞാന്‍ വന്നത്.

എനിക്ക് നിന്നെ കാണണം..ചിലപ്പോള്‍ ഇത് നമ്മുടെ അവസാന കാണലാവാം.
അല്ല ...ഇനി നമ്മള്‍ കണ്ടുമുട്ടില്ല എന്നെന്‍റെ മനസ്സ്‌ പറയുന്നു.
ഐ സി യു വിനു പുറത്തെ കസേരയിലിരുന്നു ഏങ്ങലടിച്ചു കരയുന്ന നിന്‍റെ അമ്മയെ ഞാന്‍ കണ്ടു.അച്ഛന്‍ പുറത്തെ കോണിപ്പടിയില്‍ നിന്നും മൊബൈലില്‍ ഉറക്കെ സംസാരികുന്നത് ഞാന്‍ കേട്ടു.അതെന്തായാലും നിന്നെക്കുറിച്ചു അല്ലായിരുന്നു.ഞാന്‍ ചെവിയോര്‍ത്തിരുന്നു.അത് ബിസ്സിനെസ്സ് കാര്യങ്ങള്‍ ആണെന്ന് തോന്നുന്നു.
ഡ്യുട്ടി ഡോക്ടറോട് കാര്യം പറഞ്ഞു.ആദ്യം അനുവദിച്ചില്ല.നിന്‍റെ അവസ്ഥ അത്രക്ക് മോശമായിരുന്നല്ലോ.ഞാന്‍ ഒരുപാട് നിര്‍ബന്ധിച്ചു.കാല് പിടിച്ചു എന്നു തന്നെ പറയാം..ഒടുവില്‍ ഡോക്ടര്‍ സമ്മതിച്ചു.
"താങ്കള്‍ക്ക്‌ ഇപ്പോള്‍ ആളെ കണ്ടാല്‍ മനസ്സിലാവില്ല .താങ്ങളെയും അവള്‍ക്കു തിരിച്ചറിയാനാവില്ല.ശരീരം മുഴുവന്‍ പൊള്ളലാണ്..മുഖത്തിന്റെ ഒരു ഭാഗം മാത്രമേ പോള്ളലെല്‍ക്കാതെ ബാക്കിയുള്ളൂ"..ഡോക്ടര്‍ പറഞ്ഞു..
"മതി ഡോക്ടര്‍ ..എനിക്ക് ആ ഭാഗം കണ്ടാല്‍ മതി.." 
ഞാന്‍ പറഞ്ഞു.എന്നെ ഐ സി യു വിനുള്ളിലേക്ക് കയറ്റി വിട്ടു..

മെലീനാ...ഇപ്പോള്‍ ഞാന്‍ നിന്‍റെ അരികിലാണ്.മുഖം നീ ഒരു ഭാഗത്തേക്ക് ചരിച്ചു വെച്ചിരിക്കുന്നതല്ല എന്നെനിക്ക് അറിയാം.മറുഭാഗം നിനക്ക് നഷ്ട്ടമായിരിക്കുന്നു.നിന്‍റെ  കവിളുകള്‍ ..നുണക്കുഴികള്‍ എല്ലാം ...
നീ എന്നെ കണ്ടു എന്നു ഞാനറിയുന്നു..നിന്‍റെ ആ കണ്ണിലെ തിളക്കം അതാണ്‌ സൂചിപ്പിക്കുന്നത്.ആ കണ്ണിലേക്കു ഞാന്‍ നോക്കി നില്‍ക്കുന്നു.  മെലീനാ...എനിക്കറിയാം നിനക്കെന്തോ എന്നോട് പറയാനുണ്ട്.എന്നോട് മാത്രം പറയാന്‍ നീയെന്തോ ബാക്കി വെച്ചിട്ടുണ്ട്...അങ്ങിനെ ആയിരുന്നല്ലോ മെലീനാ നമ്മള്‍ .നിറഞ്ഞു തുളുമ്പിയ നിന്‍റെ കണ്ണ് അതിനുള്ള തെളിവാണ്.വേണ്ട മെലീനാ....നീ ഒന്നും പറയണ്ട.എല്ലാം എനിക്കറിയാം..നീ പറയാന്‍ ആഗ്രഹിക്കുന്നതെല്ലാം..നമുക്കിടയില്‍ ഇപ്പോള്‍ ഈ മൌനം മാത്രം മതി.
ഞാന്‍ പറഞ്ഞല്ലോ?.എല്ലാം നിങ്ങളുടെ ശരികളായിരുന്നു.ഞാന്‍ സമ്മതിക്കുന്നു.നിന്റെയും,വിനോദിന്റെയും ശരികള്‍ ..അതെങ്ങിനെ ഞാന്‍ തെറ്റെന്നു പറയും. മെലീനാ....അതിനെനിക്ക് ആവുമോ...ഇല്ല ..ആവില്ല.
മതി ..എനിക്കിത്രയും മതി.അധികനേരം ഞാന്‍ നില്‍ക്കുന്നില്ല.എനിക്ക് ചിലപ്പോള്‍ എന്നെ തന്നെ നിയന്ത്രിക്കാന്‍ കഴിഞ്ഞെന്നു വരില്ല.
ഞാന്‍ പോകുന്നു....നിന്നെ തനിച്ചാക്കി...
ഐ.സി.യുവിന് പുറത്തിറങ്ങിയപ്പോള്‍ ഒരാശ്വാസം ഉണ്ടായിരുന്നു..ഈ അവസ്ഥയിലും നീ എന്നെ തിരിച്ചറിഞ്ഞല്ലോ.!!
എന്‍റെ മനസ്സിലെ അപ്പോഴത്തെ പ്രാര്‍ത്ഥന എന്തായിരുന്നുവെന്ന്നി നക്ക് അറിയാമോ മെലീനാ...അതെങ്ങിനെ അറിയും.ഞാന്‍ പറയുന്നില്ല..
കാരണം അതൊരു സുഹൃത്തും പറയാന്‍ പാടില്ലാത്തതാണ്.എനിക്ക് നിന്നെ ഇങ്ങിനെ കാണാനാവില്ല മെലീനാ...നീ ഇങ്ങിനെ കിടക്കേണ്ട.കിടക്കാന്‍ പാടില്ല.

മടക്കയാത്രക്കുള്ള ദിവസമായി.തിരുവനന്തപുരം വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ ക്ലിയറന്‍സിനുള്ള വരിയില്‍ നിന്നപ്പോള്‍ വീണ്ടും എന്‍റെ ഫോണിലെക്കൊരു കാള്‍ വന്നു..അന്ന് മദ്രാസ്സില്‍ നിന്നും നാട്ടിലേക്കുള്ള  മടക്കയാത്രക്കിടയില്‍ എന്നെ വിളിച്ച അതേ നമ്പര്‍ .ഞാന്‍ ഫോണ്‍ എടുത്തു..മറു തലക്കല്‍ നിന്നും 'അസിമേ ...നമ്മുടെ മെലീന....എടാ....നമ്മുടെ മെലീന'...എന്ന ശബ്ദവും കേട്ടു..അങ്ങോട്ട്‌ ഒന്നും സംസാരിക്കാന്‍ എനിക്ക് തോന്നിയില്ല..ആവുന്നില്ല...ഞാന്‍ ഫോണ്‍ സ്വിച്ച് ഓഫ്‌ ചെയ്ത..ഇനി ആരും എന്നെ വിളിക്കണ്ട..അവന്‍ പറയാന്‍ പോകുന്ന കാര്യം എന്താണെന്ന്എനിക്കറിയാം..ഞാന്‍ ഒരുവേള ആഗ്രഹിച്ചത്‌ തന്നെ.എങ്കിലും..എനിക്കത് കേള്‍ക്കേണ്ട..

വയ്യ മെലീനാ....എന്‍റെ കണ്‍മുന്നില്‍  ഇന്നും നീ ആ പാവാടക്കാരി ഉണ്ടക്കണ്ണി മെലീന ആയിരുന്നാല്‍ മതി..മറ്റൊന്നും ഞാന്‍ സങ്കല്‍പ്പിക്കുന്നില്ല ..എന്‍റെ ഓര്‍മ്മയുടെ മുറ്റത്തെ പൂമരതണലില്‍ ഇടത്തും വലത്തുമായി നിങ്ങള്‍ രണ്ടാളും ഇപ്പോഴുമുണ്ട്..നീയും വിനോദും...
അങ്ങിനെയേ എനിക്ക് കരുതാനാകൂ...!!






01 March 2011

ഒരു പാതിരാ 'കുല' പാതകത്തിന്‍റെ കഥ.




ഞാനൊരു കഥ പറയാം..ഒരു പാതിരാ 'കുല'പാതകതിന്റെ കഥ.പച്ച മലയാളത്തില്‍ പറഞ്ഞാല്‍ കുല മോഷണം.അത് തന്നെ.
കഥ വായിച്ചു ആരെങ്കിലും കുലയുടെ അവകാശവാദവും പറഞ്ഞു വന്നാല്‍ ഇപ്പോഴേ ഒരു മുന്‍കൂര്‍ജാമ്യം..
'ഈ കഥയ്ക്കോ,കുലക്കോ,കഥാപാത്രങ്ങള്‍ക്കോ ജീവിച്ചു കൊതിതീരാതെ നാട്ടുകാര്‍ തല്ലികൊന്നവരുമായോ,മരിക്കാതെ ജീവിക്കുന്നവരുമായോ എന്തെങ്കിലും തരത്തില്‍ സാദ്രിശ്യം തോന്നുന്നെങ്കില്‍ അത് തികച്ചും സ്വാഭാവികം മാത്രമാണ്..
(അതിന്റെ പേരില്‍ ആരും എന്നെ തല്ലാന്‍ വന്നെക്കരുത്..)
അതിനൊപ്പം 'ദയവായി ആരും എന്നെ ഒറ്റിക്കൊടുക്കരുതെ...' എന്ന അപേക്ഷ കൂടി..

സ്നേഹത്തോടെ ഞങ്ങളുടെ രാജന്‍ സാറിനോട് .."സാറിത് വായിക്കുന്നുണ്ടെങ്കില്‍ ഇനിയും പാര്‍ട്ടി പിരിവുമായി അങ്ങയുടെ അടുത്ത് വരാനുള്ളതാണ്..ആയിരം തരാനുള്ള ഇടത്തു അഞ്ഞൂറ് തന്നു ഞങ്ങളെ ഒഴിവാക്കരുത്‌..പ്ലീസ്....


ഇതെന്നെ എഴുതാന്‍ പ്രേരിപ്പിച്ച നാട്ടിലെ അറിയപ്പെടുന്ന കള്ളന്മാരായിരുന്ന ശശിമേശിരിയെയും,കായംകുളം കൊച്ചുണ്ണിയെയും,മീശ മാധവനെയും മനസ്സില്‍ ധ്യാനിച്ച്‌ അവരുടെ ഫോടോസ്ടാറ്റ് പടത്തിന് മുന്നില്‍ രണ്ടു ചന്ദനത്തിരി കത്തിച്ചു വച്ച് തുടങ്ങാന്‍ പോകുവാ...വരുന്നിടത്ത് വെച്ചു കാണാം..അല്ലപിന്നെ...(അയ്യോ..തിരി കത്തുന്നില്ലല്ലോ..!!)

കഥയിലേക്ക് കടക്കുന്നതിനു മുന്‍പ് ഞാന്‍ താരങ്ങളെ പരിചയപ്പെടുത്താം..അവരാണ് ഇതിലെ നായകന്മാരും,വില്ലന്മാരും...
അത് അന്ത കാലം...ഇപ്പൊ അതെല്ലാം മാറിപ്പോച്ചു കണ്ണാ...!!
വേണ്ട..വഴിയെ പറഞ്ഞു പോകാം..അവന്മാരെ ആദ്യമേ അങ്ങ് പൊക്കി വെയ്ക്കണ്ട..അതാണ്‌ അതിന്റെ ഒരു ശരി...
പലരും ഇന്ന് നല്ല നിലയിലെത്തി.അധ്യാപകര്‍ ,സ്വകാര്യ സ്ഥാപനങ്ങളില്‍ വര്‍ക്ക് ചെയ്യുന്നവര്‍ , വിദേശങ്ങളില്‍ നല്ല ജോലി നോക്കുന്നവര്‍ ....ഈശ്വരാ ..നീ ഒരു സംഭവം തന്നെ...ബുദ്ധിയില്ലാത്ത അവര്‍ക്ക് നീ നല്ല ബുദ്ധി കൊടുത്തല്ലോ..
സന്തോഷമായി..ഇവന്മാരെന്റെ കൂട്ടുകാര്‍ ആയിരുന്നു എന്ന് പറയാന്‍ അഭിമാനിക്കുന്നു...(സോപ്പ്..സോപ്പ്..)

ഇവന്മാരെ ഒക്കെ നന്നാക്കാന്‍ നടന്ന ഞാന്‍ മാത്രം എങ്ങും എത്താതെ പോയി..സ്വഭാവം നന്നാവണം എന്ന് പറയുന്നത് എത്രയോ ശരി..അതാവാം കാരണം അല്ലെ..ഏതുവരെ പോകും എന്ന് നോക്കാം..അല്ലപിന്നെ..
ഇനി നമുക്ക് ആ കഥയിലേക്ക് കടക്കാം...
വര്‍ഷങ്ങള്‍ക്കു മുന്‍പ്..ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ..തൊണ്ണൂറ്റി...പണ്ടാരം..അത് മറന്നു.എങ്ങനെ മറക്കാതിരിക്കും.ഇന്ന് ഇത് കുത്തിക്കുറിക്കേണ്ട ഗതി വരുമെന്ന് അന്ന് അറിയില്ലയിരുന്നല്ലോ.എന്തായാലും വര്‍ഷക്കണക്ക് അവിടെ നില്‍ക്കട്ടെ....ഞാനൊരു സൂചന തരാം...ഇരുപതു വര്‍ഷങ്ങള്‍ക്കു മുന്‍പ്..കഥ തുടരാന്‍ അത് മതി..ബാക്കി നിങ്ങള്‍ ഊഹിച്ചു പൂരിപ്പിച്ചോളൂ..!

ഒരു അവധിക്കാലം...പള്ളിക്കൂടം അടച്ചു.രണ്ടുമാസം ഇനി അങ്ങോട്ട്‌ പോണ്ട...സാറന്മാരെ കൊണ്ടുള്ള ശല്യം തീര്ന്നുക്കിട്ടി.അതാണോരു ആശ്വാസം..മൂന്നു കിലോമീറ്റര്‍ നടത്തം .. ഇനി അതും വേണ്ട...എന്തെങ്കിലും കഴിച്ചു ശരീരവും,സൌന്തര്യവും ഒന്ന് ഉഷാറാക്കണം..എന്നിട്ട് വേണം ആ ശൈനിയോട്‌ " ഐ ലവ് യു" എന്നൊന്ന് പറയാന്‍..ഒരു ദിവസം പറഞ്ഞതാണ് : "നീ പോടാ..കരുമ്പാ..കരുമാടീ "..എന്ന് അവള്‍ പറഞ്ഞു..അതൊരു നീറ്റലായി മനസ്സില്‍ കിടക്കുകയാണ്..നിന്നേം കൊണ്ടേ ഞാന്‍ പോകൂ എന്ന വാശിയും...പു ഹ ഹ ഹ...അന്ന് "ഫെര്‍ ആന്റ് ലോവലി" എന്ന് കേട്ടിട്ടുപോലുമില്ല..ഇന്നത്തെ പിള്ളാരുടെ ഓരോരോ ഭാഗ്യങ്ങളെ...ഇന്ന് പ്രേമിക്കാന്‍ എന്തെല്ലാം മാര്‍ഗങ്ങള്‍ ..ഇന്റര്‍നെറ്റ്‌..മൊബൈല്‍ ഫോണ്‍ ..ചാറ്റിംഗ്..മെസ്സേജ് അങ്ങനെ എന്തെല്ലാം...
അയലത്തെ ഗള്‍ഫുകാരന്‍ അഷറഫ് ഇക്കാന്റെ മോന്‍ ഷമീറിന്റെ വീട്ടില്‍ നിന്നും വാങ്ങി കടലാസില്‍ പൊതിഞ്ഞു ഞാന്‍ സൂക്ഷിച്ചു വെച്ചിരുന്ന കുട്ടിക്യുറ പൌഡര്‍ കൊണ്ടാണ് അന്ന് മാനം കാത്തിരുന്നത്.."എങ്ങനെ വെളുക്കും..കാക്ക കുളിച്ചാല്‍ കൊക്കാകില്ലല്ലോ മോനെ അസിമേ".. എന്ന അപരാധം വേറെയും കേക്കേണ്ടി വന്നു..ഇപ്പോള്‍ ആലോചിച്ചപ്പോള്‍ ആ പറഞ്ഞത് ശരിയാണെന്ന് തോന്നുന്നു...

ഇനി രണ്ടുമാസം മദ്രസ്സ പഠനം..പിന്നെ ഞാന്‍ പറഞ്ഞ തയ്യാറെടുപ്പുകള്‍ ..വീടിനു തൊട്ടടുത്താണ് മദ്രസ്സ."ഹിദായത്തുല്‍ ഇസ്ലാം മദ്രസ്സ"..ഇന്നും വെണ്ടയ്ക്ക അക്ഷരത്തില്‍ ആ ബോര്‍ഡ് അവിടെ ഉണ്ട്..രണ്ടേ,രണ്ടു കാര്യത്തിലെ ഉമ്മാക്ക് എന്നോട് നിര്‍ബന്ധമുണ്ടായിരുന്നുള്ളൂ..പള്ളിയിലും,പളിക്കൂടതിലും മുടങ്ങാതെ പോകണം..ഒന്ന് അതായിരുന്നു.അങ്ങനെ എങ്കിലും കുറച്ചുനേരം അവര്‍ക്കൊരു സമാധാനം കിട്ടുമായിരുന്നല്ലോ..അതുതന്നെ.
പിന്നെ ഒന്ന്...അത് ഞാന്‍ പറയൂല്ല..ഇന്ന് ഞാന്‍ പോത്ത്‌ പോലെ വളര്‍ന്നു പനമരം പോലെ പന്തലിച്ചു എങ്കിലും നടത്തി കൊടുക്കാന്‍ കഴിഞ്ഞിട്ടില്ല.ഹ ഹ ഹ...ഞാനാരാ മോന്‍..ഒരു പണി അങ്ങോട്ടും ഇരിക്കട്ടെ...!!

ഉച്ചക്ക് മദ്രസ്സ വിടും.പിന്നെ പറയണ്ട.രാജന്‍ സാറിന്റെ കൊയ്തുകഴിഞ്ഞു കിടക്കുന്ന വയലിലാണ് ഞങ്ങള്‍ ക്രിക്കറ്റ് കളിച്ചിരുന്നത്..കൊയ്ത്തു കഴിഞ്ഞു മണ്ണ് ഉണങ്ങി തുടങ്ങുമ്പോള്‍ തന്നെ ഞങ്ങള്‍ അവിടം നിലംതല്ലി കൊണ്ടു അടിച്ചു ശരിയാക്കി കളിക്കാന്‍ പാകത്തിലാക്കി ഇടും.
ഞങ്ങള്‍ എന്ന് പറഞ്ഞാല്‍ ഈ കഥയിലെ താരങ്ങള്‍ ..ഇനി ഞാന്‍ അവരുടെ പേര് പറയാം.അനീസ്‌,ഹാഷിം,ഹക്കീം,ജഹാംഗീര്‍ പിന്നെ ഞങ്ങളുടെ പതിനെട്ടാം കമ്പനിയില്‍ പെട്ട നാരായണനും,ഷൈന്‍ രാജും പിന്നെ ഈ പാവം ഞാനും...മൊത്തം എഴുതി കൂട്ടി നോക്കുമ്പോള്‍ ഏഴു പേര്‍ ...ഒരു അരയുടെ കുറവ്..അതവിടെ കിടക്കട്ടെ..ഈ കഥയിലേക്ക് ഇനിയും ഒരാള്‍ കൂടി വരാനുണ്ട്..അപ്പോള്‍ ശരിയാവും..
ഉച്ചക്ക് പള്ളി വിടുന്ന സമയം നോക്കി ഷൈനും,നാരായണനും വയലില്‍ തന്നെ ഉണ്ടാവും..തെങ്ങിന്‍ മടല് കൊണ്ടു ഉണ്ടാക്കിയ ബാറ്റില്‍ റബ്ബര്‍ പന്ത് കൊണ്ടു തട്ടിയും,മുട്ടിയും കളികുന്നത് കണ്ടാല്‍ ഇവനൊക്കെ ഭാവിയിലെ 'സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ' ആയി പോകുമെന്ന് കരുതി..ഇന്നിവര്‍ കല്യാണം കഴിഞ്ഞു കുട്ടികളുമായി ജീവിതത്തില്‍ പന്ത് കളിച്ചു കൊണ്ടിരിക്കുന്നു.ഞങ്ങളുടെ കൂട്ടത്തില്‍ എങ്ങുമെത്താതെ പോയ രണ്ടു കിടിലങ്ങള്‍ ....
ഇന്ന് ഇവന്മാരുടെ കാലു കഴുകി കുടിക്കണം എന്ന് ഇടയ്ക്കു ഉമ്മ ഓര്‍മ്മപ്പെടുതാറുണ്ട്.."ഡാ അസിമേ...നിന്റെ കൂടെ നടന്ന ആ ഷൈനിനേം,നാരായണ നേം കണ്ടു നീ പഠിക്കെടാ" ...എന്ന്...
ചെറുപ്പത്തിലെ അവന്മാര് പെണ്ണ് കെട്ടി..വേറെ ജോലിയും,കൂലിയൊന്നും ഇല്ലാത്തോണ്ട് ഒന്ന്,രണ്ടു പില്ലെരുണ്ടായി..
അതാണോ വലിയ കാര്യം...ഹും...ഇവന്മാരെ കൊണ്ടു പണ്ടാരടങ്ങിയല്ലോ..ഇവന്മാര്‍ക്കൊക്കെ പെണ്ണ് കെട്ടിച്ചു കൊടുത്ത ദീക്കനെയും,മല്ലന്‍ കാണിയും വേണം തല്ലാന്‍....(വേണ്ട...തല്ലണ്ട...ഇവന്മാര് പെണ്ണ് കെട്ടിയത് കൊണ്ടു വീട്ടില്‍ അടങ്ങി ഒതുങ്ങി കിടക്കുന്നു..ഇല്ലെങ്കില്‍ എന്നെ പോലെ നാട് തെണ്ടാനും,നാട്ടാരെ നന്നാക്കാനും നടക്കുമായിരുന്നു..നല്ല കഥയായി..
അയ്യോ..പിന്നേം കഥയുടെ ഗതി മാറി...എവിടെ കുല...ഹ ഹ ഹ....ഇനി അങ്ങോട്ട്‌ പോകാം.!!
കുറഞ്ഞ പേജില്‍ ഈ കഥ എഴുതി തീര്‍ത്തില്ലെങ്കിലെ ഖരീം സാര്‍ (വെട്ടം,ഓണ്‍ലൈന്‍ മാഗസിന്‍, എഡിറ്റര്‍ ),എന്റെ മുട്ടുകാല് തല്ലി ഒടിക്കും..
അതുകൊണ്ട് ഇനി അവിടെന്നു പറഞ്ഞു തുടങ്ങാം...



അങ്ങനെ ഒരു വ്യാഴഴ്ച വന്നെത്തി..ഉച്ചക്ക് ശേഷം മദ്രസ ഉണ്ടാവില്ല..പൂട്ടികെട്ടി ഉസ്താദ് വീട്ടില്‍ പോകുന്ന ദിവസം..ഇനി ശനിയാഴ്ച രാവിലെ അങ്ങേരെ നോക്കിയാല്‍ മതി.
അന്നാണ് വയലില്‍ ക്രിക്കറ്റ് മത്സരം കൊഴുക്കുന്ന ദിവസം..എവിടെ കൊഴുക്കാന്‍ ..ഞങ്ങളല്ലേ ആള്‍ക്കാര്‍ ..തീരുന്നതിനു മുന്‍പേ തന്നെ നല്ല വഴക്കും തല്ലുമായി പിരിയും...ചിലര് പണ്ട് കൊടുങ്ങല്ലൂര്‍ വഴി പോയവരാണ് ..നന്നായി "പൂരപ്പാട്ട്' പറയാനും,പാടാനും അറിയാം..തൊട്ടടുത്ത്‌ വീടൊന്നും ഇല്ലാത്തോണ്ട് അന്ന് ആരും അടിക്കാന്‍ വരില്ല...
വന്നാലെ അവന്മാരുടെ വിവരമറിയും...അല്ലപിന്നെ....ഹ ഹ ഹ..
അങ്ങനെ കളി കൊഴുത്തു വരികയാണ്.ഞാന്‍ ബൌണ്ടരിക്ക് അടുത്താണ് ഫീല്‍ഡ് ചെയ്യുന്നത്..ഭാഗ്യം വരയ്ക്കു പുറത്തു പോകുന്ന പന്ത് എടുത്തു എറിഞ്ഞു കൊടുത്താല്‍ മതി..അതുകൊണ്ട് ഒരു നല്ല കാര്യം ഉണ്ട്..ബാറ്റു ചെയ്യുന്ന ടീമിലെ ശത്രുക്കളും മിത്രങ്ങളായി കിട്ടും..നമുക്ക് വേണ്ടി പ്രാര്‍ഥിക്കും..ദൈവമേ..ഒരു ബോളും അസിമിന്റെ കയ്യില്‍ കിട്ടിയെക്കരുതെ എന്ന്...
ക്രീസില്‍ നില്‍ക്കുന്നത് ജലീലാണ്..ഞങ്ങളുടെ ഹീറോ...അന്നത്തെ പേര് കേട്ട വെടിക്കെട്ട്‌ ബാട്സ്മാന്‍..അനീസ്‌ എറിഞ്ഞ ആദ്യ പന്ത് തന്നെ എന്റെ തലയ്ക്കു മുകളിലൂടെ പടുകൂറ്റന്‍ സിക്സര്‍ .പണ്ട് ചെന്ന് വീണതെ അപ്പുറത്തെ വാഴപ്പണയിലും..
ഞാന്‍ പന്ത് വീണ സ്ഥലത്തേക്ക് പോയി ..എവിടെ...പൊടിപോലുമില്ല കണ്ടുപിടിക്കാന്‍..ടണ്‍ ടാണ..ടെന്‍...ആ കാട്ടിനകത്തു എവിടെ കിട്ടാന്‍..
പെട്ടന്നാണ് അത് കണ്ടത്...പകുതി പഴുത്തു നില്‍ക്കുന്ന ഒരു ഏതന്‍കുല..നൂറ്റി അമ്പതു കായയെങ്കിലും കാണും..വേറെ ആരും അത് കണ്ടു എന്ന് തോന്നണില്ല..എങ്കില്‍ എന്നെ അത് അവിടെ നിന്നും അപ്രത്യക്ഷ്മായേനെ..നല്ല നാട്..കൊള്ളാം..എങ്ങനെ എങ്കിലും ഇന്നിത് പൊക്കണം..ഒറ്റയ്ക്ക് ചെയ്യാനുള്ള ദൈര്യം ഇല്ല..ചങ്ങാതിമാരാണ് ശക്തി.കളി കഴിയട്ടെ അതിനെ പറ്റി കൂടുതല്‍ ആലോചിക്കാം..
'കൊച്ചു ഗള്ളാ...ഏതന്‍ കുട്ടാ...നീ അവിടെ ചിരിച്ചോണ്ട് നിന്നൊ...കുറച്ചു കഴിയട്ടെ നിനക്ക് ഞങ്ങള്‍ എട്ടിന്റെ പണി തരും..നോക്കിക്കോ '..ഞാന്‍ മനസ്സില്‍ പറഞ്ഞു..
എന്നെ കണ്ടില്ലെങ്കിലും വേറെ പന്ത് കൊണ്ടു കളി അവിടെ ഉഷാറായി നടക്കുന്നു.ഏതാനും നിമിഷങ്ങള്‍ക്കകം കളിയുടെ കാര്യത്തില്‍ ഒരു തീരുമാനം ഉണ്ടാകും..
ആര് ജയിക്കുന്നു എന്നതല്ല അപ്പോളെന്റെ ചിന്താ..ആ കുല എങ്ങനെ പൊക്കാം എന്നായിരുന്നു..

കളി കഴിഞ്ഞു പലരും പലവഴിക്ക് പിരിഞ്ഞു..ഞങ്ങള്‍ കഥാപാത്രങ്ങള്‍ മാത്രം ബാക്കിയായി..ആരോടെങ്കിലും ഇത് പറയാതെ പറ്റില്ല.ആരോട് പറയും..ഞാന്‍ നാരായണനെ വിളിച്ചു..അവനോടു കാര്യം പറഞ്ഞു..."..നാരായണാ...നമുക്കൊരു തമാശ കളിക്കാം ഡാ...രാജന്‍ സാറിന്റെ വാഴപ്പണയില്‍ നല്ലൊരു ഏതന്‍ പഴുത്തു നില്‍ക്കുന്നു.നമുക്ക് അതങ്ങ് പൊക്കിയാലോ..."
നല്ല ഐഡിയ...അവന്‍ തന്നെ അത് മാറ്റവന്മാരോടും പറഞ്ഞു..എല്ലാര്‍ക്കും ഇക്കാര്യത്തില്‍ ഒറ്റ മനസ്സ്..
എങ്ങനെ മുറിക്കും..പിന്നെ അതായി ആലോചന..അതിനുള്ള വഴിയും ഒടുവില്‍ നാരായണന്‍ തന്നെ കണ്ടെത്തി..
സമ്മതിക്കണം അവനെ...എത്ര കഷ്ടപ്പെടുന്നു അവന്‍...!!

രാത്രി തന്നെ അത് മുറിക്കും..ഇപ്പോള്‍ പള്ളിയില്‍ ആളുണ്ട്.ഇശാഹ് നമസ്കാരത്തിന് ശേഷം പള്ളിപിരിഞ്ഞു ആള്‍ക്കാര്‍ പോകുമ്പോള്‍ നമുക്ക് പണി നടത്താം..ഉറപ്പിച്ചു...അതുവഴിയാണ് ആള്‍ക്കാര്‍ പോകുന്നത്.അസമയത് അവിടെ കണ്ടാല്‍ തെറ്റിദ്ധരിക്കും..ഞങ്ങളാണ് ആള്‍ക്കാര്‍ ..അവരില്‍ പലരുടെയും തെങ്ങ് ഓല മാത്രമാക്കി നിര്‍ത്തിയ ആള്‍ക്കാരാ ഞങ്ങള്‍ ..മാനഹാനി ഭയന്ന് പലരും അത് പുറത്തു പറഞ്ഞില്ലെന്നു മാത്രം..(അവരുടെ നല്ല മനസ്സിന് നന്ദി..അതുകൊണ്ട് ഞങ്ങളെ ആരും 'കരിക്ക് കള്ളാ' എന്ന് ഇന്നുവരെ വിളിച്ചില്ല...)
എന്തായാലും എനിക്കും പള്ളിയില്‍ പോകണം..അത് നിര്‍ബന്ധമാണ്‌..ഇല്ലെങ്കില്‍ ,അടുത്ത ദിവസം ഉസ്താദ്‌ അടിക്കും..
ഞാനാകുമ്പോള്‍ അടിയുടെ എണ്ണം കൂടും..പള്ളിയുടെ അടുത്തല്ലേ എന്റെ വീട് ..അത് തന്നെ കാരണം..
എല്ലാം മുറപോലെ നടന്നു.നമസ്കാരം കഴിഞ്ഞു എല്ലാരും പോയി.ഞങ്ങളെയും കാത്തു പള്ളി കാണികപ്പെട്ടിയുടെ പുറകില്‍ അപ്പോള്‍ രണ്ടുപേര്‍ മറഞ്ഞു നിക്കുന്നുണ്ടായുരുന്നു.
അത് നാരായണനും, ഷൈനും ആയിരുന്നു.ഈ പാതിരാ 'കുല' പാതകത്തിന്റെ സൂത്രധാരകര്‍ ..നാരായണന്റെ കയ്യില്‍ ഒരു കത്തിയുണ്ട്‌.ജഹാംഗീറിന്റെ വീട്ടിലെ പശുക്കള്‍ക്ക് പുല്ലരിയുന്ന കത്തി..ജഹാംഗീറിന്റെ വീട്ടിലാണ് അന്ന് നാരായണന്‍ നിന്നിരുന്നത്..പശുക്കളെ നോക്കണം,പാല് കൊണ്ടു വീടുകളില്‍ കൊടുക്കണം അതായിരുന്നു അന്ന് അവന്റെ ഭാരിച്ച ഉത്തരവാദിത്വങ്ങള്‍ ..പിന്നെ പഠനവും.എന്ത് പഠിക്കാന്‍.അവനെ കുറിച്ച് ഞാന്‍ കൂടുതലൊന്നും പറയാനില്ല..എന്നാലെ ഈ കഥ ഇവിടെ തീരില്ല...ഒരു നീണ്ട കഥ ആക്കണം..
ബഷി കാക്കയും,ശിഹാബ് അളിയനും ആയിരുന്നു എന്റെ നാട്ടിലെ പേര് കേട്ട ബീഡി വലിക്കാര്‍ ..അവര്‍ വലിച്ചു കളയുന്ന ബീടിതുണ്ട് പറക്കാന്‍ അന്ന് വേറൊരു ടീം ഉണ്ടായിരുന്നു.അവരുടെ ആരേം പേര് ഞാന്‍ പറയുന്നില്ല.നാളെ നാട്ടില്‍ പോകാനുള്ളതാ...അവന്മാര് ഇത് കണ്ടാല്‍ എന്നെ പഞ്ഞിക്കിടും ..തീര്‍ച്ച..
എങ്കിലും ഒരാളുടെ പേര് ഞാന്‍ പറയാം..ഷിനു..അവന്‍ എന്റെ സ്വന്തം അളിയനാണ് കേട്ടോ..അമ്മാവന്റെ മകന്‍..ഇന്ന് ഇവനെ പോലെ നല്ലവന്‍ കോട്ടൂരില്‍ ആരുമില്ലെന്നാ ഇടയ്ക്കു ഞാന്‍ കേട്ടത്...അവധിക്കു പോകുമ്പോള്‍ അവനെ പോയി ഒന്ന് കാണണം..ആ കവിളില്‍ ഒരു ഉമ്മ കൊടുക്കണം ...ഇടയ്ക്കു അവനു നെയ്യാര്‍ ഡാം സബ് ഇന്‍സ്പെക്ടര്‍ വക ഉജ്ജ്വല സ്വീകരണം ഉണ്ടായിരുന്നു എന്ന് കേട്ടു..അതിനാ..അല്ലപിന്നെ..മോഷണതിനല്ല കേട്ടോ അവന്‍ അകത്തായത്..ജനസേവനം നടത്തിയതിയതിനാ ...)

ഇനി ഈ കഥയില്‍ അവനാണ് നായകന്‍..ഞങ്ങളൊക്കെ വില്ലന്മാരും..നാരായണന്‍ അവനോടും ഈ പാതകത്തിന്റെ കാര്യം പറഞ്ഞു..കൊള്ളാം ..നല്ല കഥ..അങ്ങനെ ഞങ്ങളുടെ എണ്ണത്തില്‍ ഒരാള് കൂടി..അതിനു നാരായണനും,ഷൈനിനും അവന്റെ വക ഒരു തുണ്ടുബീഡി സമ്മാനവും കിട്ടി..ഇന്ന് കോട്ടൂരിലെ ബീഡിവലിക്കാരുടെ എണ്ണം നോക്കുമ്പോള്‍ ഈ രണ്ടുപെരുകള്‍ കൂടി കാണാം..അഭിമാനിക്കാം...
ഷിനു കൂടി ആയപ്പോള്‍ ടീം ഉഷാറായി...ഇനി എല്ലാം അവന്‍ നോക്കിക്കോളും..

നല്ല ഇരുട്ട് ..കയ്യിലുള്ളത് മിന്നല്‍ സായിപ്പ് റേഡിയോയില്‍ ഇട്ടതിനു ശേഷം ഒഴിവാക്കിയ രണ്ടു ചാര്‍ജു തീര്‍ന്ന ബാറ്റെറി ദേശാഭിമാനി പത്രത്തിനുള്ളില്‍ പൊതിഞ്ഞു ഉണ്ടാക്കിയ ടോര്‍ച്ചു ലൈറ്റ്..(അങ്ങനെ വിളിക്കാമോ എന്ന് എനിക്കറിയില്ല..പ്രിയ വായനക്കാര്‍ ക്ഷമിക്കുക...ഞങ്ങള്‍ക്ക് അത് അന്ന് ടോര്‍ച് തന്നെയാണ്...അത്രമാത്രം അറിഞ്ഞാല്‍ മതി...)
ഇടവഴി കടന്നു വേണം വാഴപ്പണയില്‍ എത്താന്‍. വഴി അരികിലാണ് കാവല്‍ക്കാരന്‍ സൈനുലാബ്ദീന്‍ വാച്ചരുടെ മാടം..അങ്ങേരുടെ കാര്യം ഷിനു നോക്കിക്കൊളാം എന്ന് ഏറ്റു..വാച്ചരുടെ "ബെസ്റ്റ് കമ്പനി" ആയിരുന്നു അന്ന് അവന്‍..
പോകുന്നതിനു മുന്‍പ് തന്നെ തക്കിളി സായിപ്പിന്റെ കാളവണ്ടിയില്‍ നിന്നും ഒരു വലിയ ചാക്ക് ഞാന്‍ അടിച്ചു മാറ്റിയിട്ടുണ്ടായിരുന്നു..കുല മൂടാന്‍...ആരും കാണണ്ടല്ലോ..
ഞങ്ങള്‍ ഷിനുവിന്റെ മെസ്സേജും കാത്തു നിന്നു..അതറിഞ്ഞിട്ടു വേണം അറ്റാക്ക് തുടങ്ങാന്‍..എല്ലാം പെട്ടന്ന് ആയിരിക്കണം..
പോയ ഉടന്‍ തന്നെ അവന്‍ തിരിച്ചു വന്നു.,കാര്യം പറഞ്ഞു...
വാച്ചര്‍ നല്ല നാടന്‍ പട്ടയും അകത്താക്കി പുതച്ചു മൂടി കൂര്‍ക്കം വലിച്ചു കിടന്നു ഉറങ്ങുന്നു..ഇനി ആകാശം ഇടിഞ്ഞു വീണാലും അങ്ങേരു എണീക്കില്ല..അതുറപ്പ്‌...
ഇനി താമസം ഇല്ല...നാരായണനും,ഞാനും,ഷൈനും വാഴക്ക് അടുത്തേക്ക് നീങ്ങി..അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ പട്ടാളക്കാരനെ കണ്ട ഇന്ത്യന്‍ പട്ടാളക്കാരനെപ്പോലെ..ഓരോ മൂവ്മെന്റും സൂക്ഷിച്ചു..
ബാക്കിയുള്ളവര്‍ വരമ്പില്‍ തന്നെ നിന്നു..ആരെങ്ങിലും വന്നാല്‍ അറിയണമല്ലോ..ഓടി രക്ഷപ്പെടാം..
ഞാന്‍ സ്ഥലം കാണിച്ചു കൊടുത്തു.നാരായണന്‍ മുന്‍പേ നടന്നു.ഷൈന്‍ ചെറുതായി ഒന്ന് ടോര്‍ച്ചു അടിച്ചു നോക്കി...
സബരിമല മുരുഗാ...ഇവിടെ അല്ലെ ആ വാഴ നിന്നത്..ഏതന്‍ കായകള്‍ എന്നെ നോക്കി ചിരിച്ചത്..തന്നെ..സംശയം ഇല്ല.
പിന്നെ,ഇതെവിടെ പോയി..ഞാന്‍ ആ വാഴയുടെ മൂട് തപ്പി നോക്കി..
സര്‍വേശ്വരാ...വാഴക്കുല മാത്രമല്ല....വാഴയുടെ മൂട് പോലും കാണാനില്ല അവിടെ..'ആട് കിടന്നിടത്ത് പൂട പോലും ഇല്ല'എന്ന് പറഞ്ഞു കേട്ടിട്ടേ ഉള്ളു..ഇപ്പോള്‍ അതും കണ്ടു..ഇതെന്തു മറിമായം..മായയോ..മന്ദ്രമോ..
ഇവന്മാരെല്ലാം കൂടി എന്നെ ശരിയാക്കിയത് തന്നെ...നീ തന്നെ എന്നെ കാത്തോളണേ ..ആണ്ടവാ...
പേര് അറിയാവുന്ന എല്ലാ ദൈവങ്ങളേം അന്നേരം ഞാന്‍ പേരെടുത്തു വിളിച്ചു പ്രാര്‍ഥിച്ചു..
ഏതോ വീരന്‍ നേരത്തെ പണി പറ്റിച്ചിരിക്കുന്നു...അവനാണ് കള്ളന്‍..അവന്റെ കാലു കഴുകി കുടിക്കണം..
തീക്കട്ടയിലും ഉറുമ്പോ..അവനെ നമിക്കുന്നു..കുല മാത്രമല്ല,വാഴയെ തന്നെ അവന്‍ മൂടോടെ പൊക്കി കൊണ്ടു പോയിരിക്കുന്നു..
അവനെ നേരില്‍ കണ്ടിരുന്നെങ്കില്‍ ഒരു ഗ്ലാസ് നാരങ്ങാ വെള്ളവും,കപ്പലണ്ടി മുട്ടായിയും വാങ്ങി കൊടുക്കാമായിരുന്നു..
ആ വാഴപ്പണയില്‍ വേറെ കാക്കാന്‍ പറ്റിയ കുലകള്‍ ഒന്നും ഇല്ലാത്തതു കൊണ്ടു മഹത്തായ ആ ഉദ്യമം അവിടെ ഉപേക്ഷിച്ചു..
കുറെ ചീത്തവിളി ഞാന്‍ കേട്ടു....അത് ഞാന്‍ തന്നെ അത് കേള്‍ക്കണമല്ലോ...

'.....അമ്പട പുളുസൂ...അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ...കട്ടത്‌ ആരാണെന്ന് അറിയണമല്ലോ'..
എന്റെ ഉള്ളിലെ പോലീസുകാരന്റെ ബുദ്ധി ഉണര്‍ന്നു (എന്ന് കരുതി ഞാന്‍ പോലീസുകാരനല്ല കേട്ടോ..ആഗ്രഹം ഉണ്ടായിരുന്നു..ആവാന്‍ പറ്റിയില്ല..അതെന്റെ സ്വകാര്യ ദുഖമായി എഴുതി തള്ളി..അല്ലാതെ വേറെ നിവൃത്തി ഇല്ലല്ലോ...)

കാലാന്തരത്തില്‍ ആ സത്യം ഞാന്‍ കണ്ടു പിടിച്ചു...എങ്കിലും എനിക്ക് അത് വിശ്വസിക്കാന്‍ തോന്നിയില്ല..കാരണങ്ങള്‍ പലതായിരുന്നു..ആദ്യാവസാനം വരെ ഞങ്ങളോടൊപ്പം ഉണ്ടായിരുന്ന ഒരാള്‍ എപ്പോള്‍ എങ്ങനെ അത് നടത്തി എന്ന കാര്യം ആര്‍ക്കെങ്കിലും വിശ്വസിക്കാന്‍ പറ്റുമോ..
സത്യം പറയുന്നതിന് മുന്‍പ് അവന്‍ ഒരു വാക്ക് കൂടി എന്നോട് പറഞ്ഞു...."..നീ ഇത് മറ്റാരോടും പറയരുതേ അസിമേ.."..എന്ന്..
അന്ന് ഞാന്‍ അത് ആരോടും പറയാതെ മൂടി വെച്ചു..പറഞ്ഞിരുന്നെങ്കില്‍ സംശയം ഇല്ല അവന്റെ കയ്യും,കാലും നാരായണന്‍ തല്ലി ഓടിക്കുമായിരുന്നു..അതവന്റെ സത്യ പ്രതിഞ്ഞയാണ്..
ഇനി സാരമില്ല...ഞാനത് ഈ ലോകത്തോട്‌ വിളിച്ചു പറയുന്നു...ആ 'കുല' പാതകം നടത്തിയത് മറ്റാരുമല്ല..
എന്റെ സ്വന്തം അളിയന്‍ ഷിനു ആയിരുന്നു...അവനു അല്ലാതെ അതിനു ധൈര്യം ഉള്ള ഒരാള്‍ ആ നാട്ടില്‍ അന്ന് വേറെ ആരും ഉണ്ടായിരുന്നില്ല..അതാണ്‌ പച്ച പരമാര്‍ത്ഥം..
'മോനെ..നാരായണാ...നീ ഇതങ്ങു ക്ഷമിചെക്കണേ ഡാ'...ദൈവം കാത്തു..അതിനു നിനക്ക് മലയാളം എഴുതാനും വായിക്കാനും അറിയില്ലല്ലോ...നിന്റെ വീട്ടില്‍ ഇന്റര്‍നെറ്റ്‌ കണക്ഷനും ഇല്ല..നന്നായി ..അതുകൊണ്ട് പിടിച്ചു നില്‍ക്കാം...

രാജന്‍ സാറിനോട് അവസാനമായി ഒരു വാക്ക് കൂടി...." ഇത് വായിച്ചു കഴിഞ്ഞപ്പോള്‍ സാറിന് മനസ്സിലായിട്ടുണ്ടാവും..
ഈ 'കുല' പാതകത്തില്‍ എനിക്ക് എതൊരു പങ്കും ഇല്ലെന്നു..കള്ളനെ ഒപ്പം കൂട്ടി എന്നതേ ഉള്ളു..അതൊരു തെറ്റാണോ സാറേ..എന്നാലെ അതങ്ങ് ക്ഷമിചെക്കൂ..."
അങ്ങനെ ഈ കഥയില്‍ രാജന്‍ സാറും ഒരു ഹീറോ ആയി...അഭിമാനിക്കൂ...അഭിമാനിക്കൂ....
'..ഞാന്‍ നേരത്തെ പറഞ്ഞത് സാര്‍ മറക്കണ്ട...അടുത്ത മാസം ഒരു പാര്‍ടി പിരിവു ഉണ്ട്..നിയമസഭാ ഇലക്ഷന്റെ..
എന്റെ പിള്ളേര് വരും അവിടെ...കാര്യമായിട്ട് സഹായിചെക്കണം...അപേക്ഷയാണ്...."

ഇനിയും ഉണ്ട് കേട്ടോ എഴുതാന്‍....തത്ക്കാലം ഇവിടെ നിര്‍ത്താം..ഇടയില്‍ പറയാതെ പോയ കുറെ കഥകള്‍ ഉണ്ട്..
ഖരീം സാര്‍ "അസിമേ നീ എഴുതിക്കോടാ..." എന്ന് പറയുകയാണെങ്കില്‍ ഞാനൊരു പരമ്പര തന്നെ തുടങ്ങിയേക്കാം..
ഇത്തരം മണ്ടത്തരങ്ങള്‍ വായിക്കാന്‍ നിങ്ങളും കൂടെ ഉണ്ടാവണം..എന്തെ....ഉണ്ടാവില്ലേ...?
അപ്പോള്‍ എല്ലാം പറഞ്ഞത് പോലെ.........ഒരു പാതിരാ 'കുല'പാതകത്തിന്റെ കഥ...അല്ല കുലമോഷണത്തിന്റെ കഥ ഇവിടെ തീരുന്നു..

സ്നേഹത്തോടെ ...സ്വന്തം അസിം കോട്ടൂര്‍ ..

ഇത് ഇവിടേം വായിക്കാം..ഈ ലിങ്കില്‍ ക്ലിക്ക് ചെയ്‌താല്‍ മതി : http://vettamonline.com/?p=7554

02 January 2011

വേഗം..



തിക്കും,തിരക്കും കൊണ്ട് വീര്‍പ്പുമുട്ടുന്ന ദേശീയ പാത.
അതി വേഗം പാഞ്ഞു പോകുന്ന വാഹനങ്ങളെ കാണുമ്പോള്‍ ഉള്ളില്‍ അതിയായ ഭയം.
എങ്കിലും,സ്വന്തമായ് ഒരു വാഹനം വാങ്ങുക എന്നത് അവന്റെ ആഗ്രഹമായിരുന്നു.
ഏറെ നാളത്തെ അധ്വാനത്തിന് ശേഷം അവനതിനു കഴിഞ്ഞു.
ലോക പ്രശസ്ത ഇരുചക്ര വാഹന കമ്പനിയുടെ ഏറ്റവും പുതിയ മോഡല്‍ തന്നെ അവന്‍ വാങ്ങി.
കൂട്ടുകാരുടെ സഹായത്തോടെ അവനതു ഓട്ടിക്കുവാന്‍ പഠിച്ചു.
പിന്നീടുള്ള അവന്റെ ജീവിതം ഹരം നിറഞ്ഞതായിരുന്നു.അതിവേഗത്തില്‍ പാഞ്ഞുപോയിക്കൊണ്ടിരുന്ന വാഹനങ്ങളെ കാണുമ്പോള്‍ അവന്റെ ഉള്ളില്‍ ഉണ്ടായിരുന്ന ഭയം ആകെ മാറി.
എന്തിനും,ഏതിനും അവനു വേഗം കൂടി..
തിരക്കുള്ള നിരത്തുകളില്‍ അവന്‍ വേഗത്തിന്റെ പുതിയ അദ്ധ്യായങ്ങള്‍ തുറന്നു.ചില സമയങ്ങളില്‍ തന്റെ വാഹനത്തിന്റെ വേഗം പോരാ എന്നുവരെ അവന്‍ മനസ്സിലാക്കി.
അമിതവേഗത്തിന്റെ ഉന്നതങ്ങളിലേക്ക് വാഹനമോടിക്കുവാന്‍ അവന്‍ വെമ്പല്‍ കൊണ്ടു..
ദേശീയ പാതയിലൂടെ അമിത വേഗത്തില്‍ പായുമ്പോഴെല്ലാം മറ്റു വാഹനങ്ങളെ അവന്‍ പരിഹസിക്കുമായിരുന്നു.
ഒരിക്കല്‍ ....അവന്‍ പതിവ് പോലെ ആ വാഹനത്തില്‍ ഹൈവേയിലൂടെ പായുകയായിരുന്നു.
മുന്നിലൂടെ പോകുന്ന ഓരോ വാഹനങ്ങളെയും അവന്‍ പിന്നിലാക്കികൊണ്ടിരുന്നു.
പിന്നിലായ വാഹനങ്ങളെ ഒരിക്കലും അവന്‍ മുന്നോട്ട് കടന്നു പോകാന്‍ അനുവദിക്കില്ല.
അതവന്റെ വാശി ആയിരുന്നു.വാഹനത്തിന്റെ അതിവേഗത്തില്‍ ഹരം പിടിച്ചിരിക്കുമ്പോള്‍ തന്റെ
കാല്‍ക്കീഴില്‍ ഈ ലോകം ഞെരിഞ്ഞമരുന്നതായി അവനു തോന്നി.
പെട്ടന്നാണ് അത് സംഭവിച്ചത്...മുന്നിലൂടെ പോകുകയായിരുന്ന കെ.എസ്.ആര്‍ .ടി.സി സൂപ്പര്‍ ഫാസ്റ്റ് ബസ്സിനെ മറികടക്കാനുള്ള ശ്രമത്തിനിടെ എതിരെ വന്ന ടിപ്പര്‍ ലോറി അവനെ ഇടിച്ചു തെറിപ്പിച്ചു.
അങ്ങനെ അവനെ അത്യാസന്ന നിലയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രില്‍ പ്രവേശിപ്പിച്ചു.

കൈകാലുകള്‍ ഒടിഞ്ഞു തൂങ്ങി,ബോധമില്ലാതെ അവന്‍ കുറെ നാള്‍ അവിടെ കിടന്നു..ഇടയ്ക്കു ഒരുദിവസം അവന്‍ ബോധത്തിലേക്ക്‌ തിരിച്ചു വന്നു.

ഇപ്പോള്‍ അവന്റെ മനസ്സ് ശാന്തമാണ്.. തന്റെ പ്രതീക്ഷകളെ നശിപ്പിച്ച അമിത വേഗത്തെ അവന്‍ ശപിച്ചു.
എങ്കിലും സുന്ദരമായൊരു ജീവിതത്തിലേക്ക് കടന്നു വരാന്‍ അവനു കഴിഞ്ഞില്ല.
കുറച്ചു നാളുകള്‍ക്കു ശേഷം അവന്‍ വേഗത്തിന്റെ പുതിയ പാഠങ്ങള്‍ തേടി മറ്റൊരു ലോകത്തിലേക്ക്‌
യാത്ര തിരിച്ചു...

20 December 2010

പ്രണയം..



എനിക്ക് പ്രണയമായിരുന്നു.
മാഞ്ചുവട്ടില്‍ മണ്ണപ്പം ചുട്ടു കളിച്ചപ്പോഴും,തൊടികളിലെ തെച്ചിപ്പൂക്കളിറുത്തു നല്‍കിയപ്പോഴും,മഴയില്‍ അവളുടെ തോള്‍ ചേര്‍ന്ന് നടന്നപ്പോഴും,എന്റെ വിരല്‍ കൊണ്ട് തൊട്ടാവാടി മിഴി പൂട്ടിയപ്പോള്‍ അത് കണ്‍ തുറക്കും വരെ കാത്തിരുന്നപ്പോഴും,ക്ലാസ് മുറികള്‍ക്കുള്ളില്‍ അനേകം ശബ്ദങ്ങള്‍ക്കിടയില്‍ ആ ശബ്ദം ഞാന്‍ തിരിച്ചറിഞ്ഞപ്പോഴും എനിക്കവളോട് പ്രണയമായിരുന്നു.

പറയാനാവാതെ,പറയാനറിയാതെ,ആ മിഴികള്‍ നിറയുന്നത് കാണുവാനാകാതെ മനസ്സില്‍ കാത്തു വെച്ച പ്രണയം.
കാലങ്ങള്‍ നിഴല്‍ വീഴ്ത്തി എന്റെ പടിവാതില്‍ കടന്നു പോയപ്പോള്‍ നിധി പോലെ ഞാനത് മനസ്സില്‍ കാത്തു വെച്ചു.
നിശബ്ദമായ്.നിഗൂഡമായ്..
ഒരിക്കലെല്ലാം പറയാം എന്ന ഉറപ്പോടെ..
ഇന്ന് ,..നിറമാര്‍ന്ന ഓര്‍മ്മകളേകി അവള്‍ നിലാവിലേക്ക് നടന്നു പോയി..
തുറന്നിട്ട ജനാലക്കിടയിലൂടെ നിലാവുള്ള രാത്രികളില്‍ ഞാനവളെ കാണുന്നു.ഇനി അവള്‍ തിരിച്ചു വരില്ലെന്നറിയാമെങ്കിലും ഞാനിന്നും അവളോട്‌ സംസാരിക്കുന്നു.
ഒന്നു മാത്രം എനിക്കിന്നും പറയാനാവുന്നില്ല.
അവളോട്‌ എനിക്ക് ഇന്നും പ്രണയമാണെന്ന്.!!