എനിക്ക് പ്രണയമായിരുന്നു.
മാഞ്ചുവട്ടില്‍ മണ്ണപ്പം ചുട്ടു കളിച്ചപ്പോഴും,തൊടികളിലെ തെച്ചിപ്പൂക്കളിറുത്തു നല്‍കിയപ്പോഴും,മഴയില്‍ അവളുടെ തോള്‍ ചേര്‍ന്ന് നടന്നപ്പോഴും,എന്റെ വിരല്‍ കൊണ്ട് തൊട്ടാവാടി മിഴി പൂട്ടിയപ്പോള്‍ അത് കണ്‍ തുറക്കും വരെ കാത്തിരുന്നപ്പോഴും,ക്ലാസ് മുറികള്‍ക്കുള്ളില്‍ അനേകം ശബ്ദങ്ങള്‍ക്കിടയില്‍ ആ ശബ്ദം ഞാന്‍ തിരിച്ചറിഞ്ഞപ്പോഴും എനിക്കവളോട് പ്രണയമായിരുന്നു.
പറയാനാവാതെ,പറയാനറിയാതെ,ആ മിഴികള്‍ നിറയുന്നത് കാണുവാനാകാതെ മനസ്സില്‍ കാത്തു വെച്ച പ്രണയം.
കാലങ്ങള്‍ നിഴല്‍ വീഴ്ത്തി എന്റെ പടിവാതില്‍ കടന്നു പോയപ്പോള്‍ നിധി പോലെ ഞാനത് മനസ്സില്‍ കാത്തു വെച്ചു.
നിശബ്ദമായ്.നിഗൂഡമായ്..
ഒരിക്കലെല്ലാം പറയാം എന്ന ഉറപ്പോടെ..
ഇന്ന് ,..നിറമാര്‍ന്ന ഓര്‍മ്മകളേകി അവള്‍ നിലാവിലേക്ക് നടന്നു പോയി..
തുറന്നിട്ട ജനാലക്കിടയിലൂടെ നിലാവുള്ള രാത്രികളില്‍ ഞാനവളെ കാണുന്നു.ഇനി അവള്‍ തിരിച്ചു വരില്ലെന്നറിയാമെങ്കിലും ഞാനിന്നും അവളോട് സംസാരിക്കുന്നു.
ഒന്നു മാത്രം എനിക്കിന്നും പറയാനാവുന്നില്ല.
അവളോട് എനിക്ക് ഇന്നും പ്രണയമാണെന്ന്.!!
അന്നൊരു ബുധനാഴ്ച ആയിരുന്നു.ആള്തിരക്കാര്‍ന്ന നഗരവീഥിയിലൂടെ അവള്‍ നടന്നു നീങ്ങുകയാണ്..
തലയ്ക്കു മുകളില്‍ കത്തിയെരിഞ്ഞ് നില്‍ക്കുന്ന സുര്യന്‍..അവയുടെ തീജ്വാലയേറ്റ കിരണങ്ങളൊരിക്കലും നീറിപ്പുകഞ്ഞു കൊണ്ടിരുന്ന അവളുടെ മനസ്സിനെയോ,ശരീരത്തെയോ തളര്ത്തിയിട്ടുണ്ടാവില്ല.കാരണം അവള്‍ ഈ കാപട്യം നിറഞ്ഞ പകലുകളെ അത്രയധികം വെറുക്കപ്പെട്ടിരിക്കുന്നു..
ഇതിനേക്കാള്‍ എത്രയോ ചൂടുള്ള പകലുകളില്‍ ഈ നഗരത്തിലൂടെ അവള്‍ നടന്നിരിക്കുന്നു..അപ്പോള്‍ ഈ കൊടുംചൂടിനെ അവള്‍ ഇഷ്ട്ടപ്പെട്ടിട്ടുണ്ടാവില്ല.അന്നൊക്കെ അവള്‍ക്കു ജീവിതത്തോട് കൊതിയും,വാശിയും ഉണ്ടായിരുന്നു...
എന്നെങ്കിലുമൊരിക്കല്‍ ജീവിതത്തിന്റെ നല്ലൊരു കോണില്‍ ചെന്നെത്തുമെന്ന പ്രതീക്ഷയുമുണ്ടായിരുന്നു..
ഒരുപാട് കിനാവുകളെ അവള്‍ മനസ്സില്‍ താലോലിച്ചിരുന്നു..നന്നായി പഠിക്കുക,നല്ലൊരു ജോലി സമ്പാദിക്കുക,തന്നെ ഇത്രത്തോളം സ്നേഹിച്ചു വളര്‍ത്തിയ മാതാപിതാക്കളെ സംരക്ഷിക്കുക,അനിയനെ പഠിക്കാന്‍ സഹായിക്കുക,തകര്‍ന്നു വീഴാറായ വീട് നന്നാക്കുക..അല്ലെങ്കില്‍ പുതിയൊരു വീട് വെയ്ക്കുക..
ഇതൊക്കെ അവളുടെ സ്വപ്നങ്ങളെ നിറം പകര്‍ന്നെന്നിരിക്കാം....
പക്ഷെ, ഇപ്പോള്‍ എല്ലാ പ്രതീക്ഷകളും നഷ്ട്ടപ്പെട്ടിരിക്കുന്നു..കിനാവുകള്‍ താരട്ടാരുണ്ടായിരുന്ന അവളുടെ വിടര്‍ന്ന നയനങ്ങളില്‍ കണ്ണുനീരിന്റെ നീര്‍ച്ചാലുകള്‍ വറ്റി വരണ്ടിരിക്കുന്നു..ഇന്ന് അവള്‍ ജീവിതത്തെ ഏറ്റവുമധികം ശപിക്കുന്നു..അനര്തമായി നീണ്ടുപോയ്ക്കൊണ്ടിരിക്കുന്ന ജീവിതയാത്രകളുടെ നൊമ്പരപ്പെടുത്തുന്ന വേദന അവളെ വല്ലാതെ കാര്‍ന്നു തിന്നുകൊണ്ടിരിക്കുന്നു...
ഉള്ളു നിറയെ തന്റെ സുന്ദരസ്വപ്നങ്ങള്‍ക്ക് വിലങ്ങുതടിയായി നില്‍ക്കുന്ന അധികാര മേലാളന്‍മാരോടുള്ള അടങ്ങാത്ത വാശിയും.അവളെ ഇങ്ങനെ ആക്കി തീര്‍ത്തത് അവരാണ്..നിയന്ദ്രനമില്ലാത്ത അവരുടെ അധികാര ദുര്‍വിനിയോഗമാണ്..
പാവപ്പെട്ടവര്‍ക്ക് വേണ്ടി നിയമനിര്‍മ്മാണം നടത്താത്ത ദുഷിച്ച ഭരണസംവിധാനം അവളെ അത്രയധികം വേട്ടയാടിയിരുന്നു...
നടന്നു നീങ്ങുന്ന ജനക്കൂട്ടങ്ങള്‍ക്കിടയില്‍ അവളും ഒരാള്‍ മാത്രമായിരിക്കുന്നു..അതിലാരും തന്നെ ദൈന്യത നിറഞ്ഞ അവളെ ശ്രദ്ധിച്ചിട്ടുണ്ടാവില്ല..ഇവള്‍ ഒരു നശിച്ചനാടിന്റെ ഭരണ വ്യവസ്ഥകളോടുള്ള പ്രതിഷേധത്തിന്റെ മറക്കാനാവാത്ത മുഖത്തിന്റെ ഉടമയാകാനുള്ളവളാണെന്ന് ആരും തിരിച്ചറിഞ്ഞിട്ടുണ്ടാവില്ല...
സ്വാര്‍ഥത മാത്രം നിറഞ്ഞ ജീവിത യാഥാര്‍ത്യങ്ങള്‍ കണ്ടെത്താനുള്ള അവരുടെ യാന്ദ്രിക യാത്രക്കിടയില്‍ ഈ നിഷ്കളങ്കയായവളുടെ തുടിപ്പും,പ്രസന്നതയും നഷ്ട്ടപ്പെട്ട മുഖം ശ്രദ്ധിക്കാന്‍ ആര്‍ക്കും തന്നെ കഴിഞ്ഞിട്ടുണ്ടാവില്ല..
_...എന്തെന്നാല്‍ മനുഷ്യന്‍ അങ്ങനെയാണ്...
അവളുടെ പ്രതീക്ഷകളറ്റു പോയ കണ്ണുകള്‍ അപ്പോള്‍ നിറഞ്ഞു തുളിമ്പിയിരുന്നുവോ...!!
മരണതീരത്തെക്ക് നീങ്ങിക്കൊണ്ടിരുന്ന അവളുടെ തേഞ്ഞു തീര്‍ന്ന വള്ളിചെരുപ്പുകള്‍ വഹിച്ചിരുന്ന പാദങ്ങള്‍ ഇടറിയിരുന്നുവോ..!!
സ്വപ്‌നങ്ങള്‍ കുന്നുകൂടിയ ആ വിഷാദമനസ്സിന്റെ അഗാധതകളില്‍ മരണത്തിന്റെ നേര്‍ത്ത മന്ദ്രധ്വനികള്‍ മുഴങ്ങിയിരുന്നുവോ..!!
എല്ലാ പ്രതീക്ഷകളും തന്റെ തകര്‍ന്ന നെഞ്ചില്‍ പേറി മരണത്തിന്റെ കയങ്ങളില്‍ നിന്നും പിന്‍തിരിഞ്ഞോടാന്‍ അവള്‍ ശ്രമിച്ചിരുന്നുവോ...!!
ഉണ്ടാകാം...എന്നല്ല, ഉണ്ടായിരിക്കണം..കാരണം ജീവിതത്തില്‍ നിന്നും ഒളിചോടാനാഗ്രക്കുന്ന ആരിലും പ്രത്യാശയുടെ ഭയപ്പെടുത്തലുകളും,അനിയന്ദ്രിതമായ വികാരങ്ങളും പിടികൂടുമായിരുന്നു..
ഒരല്പ നേരമെങ്കിലും ജീവിതത്തെ സ്നേഹിചെന്നിരിക്കും..അതുപോലെ ചിലപ്പോള്‍ അവളും ആയെന്നിരിക്കാം..ജീവന്റെ ഉള്‍വിളി അവളെ നിരുല്സാഹപ്പെടുതാന്‍ ശ്രമിച്ചിരിക്കണം...
_ മനുഷ്യ ജീവന്‍ എല്ലായിടത്തും ഒരുപോലെയാണല്ലോ.....
അവളുടെ യാത്രക്ക് അര്‍ത്ഥമുള്ള ഒരു ലക്ഷ്യമുണ്ടായിരുന്നു..തന്റെ പ്രതീക്ഷകളെയും,സ്വപ്നങ്ങളെയും തകര്‍ത്ത ഭരണമേധാവികളെന്ന നീചന്മാരുടെ കറപുരണ്ട മുഖംമൂടികള്‍ തന്റെ പ്രതികരണശേഷി നഷ്ട്ടപ്പെട്ട ജനസമൂഹത്തിന് മുന്നില്‍ തുറന്നു കാണിക്കണമെന്ന ലക്‌ഷ്യം.അവരെ അലസതയില്‍ നിന്നും ഉണര്‍ത്തണമെന്ന ഈ കാലഘട്ടത്തിന്റെ ലക്‌ഷ്യം.അതിനുവേണ്ടി തന്റെ അനുഭവങ്ങള്‍ വിഷം ചീറ്റിയെറിഞ്ഞ ഈ കൊചുജന്മം തന്നെ നല്‍കാന്‍ അവള്‍ തയ്യാറായിരുന്നു..
അവളെ അനുഭവങ്ങള്‍ അത്രമാത്രം വേദനിപ്പിച്ചിരുന്നു..ആ പകലിന്റെ നിഗൂടതകള്‍ കളിയാക്കി നില്‍ക്കെ ഏഴു നിലകളുള്ള കെട്ടിടത്തിനു മുകളില്‍ നിന്നും അവള്‍ താഴേക്കു ചാടി ജീവന്‍ ബലിയര്‍പ്പിച്ചു..
അധികാര വര്‍ഗ്ഗത്തിന്റെ അവഗണനയ്ക്ക് ജീവന്‍ നല്‍കികൊണ്ടുള്ള മറുപടിയും..
അടുത്ത ദിവസമിറങ്ങിയ പത്രമാധ്യമങ്ങളില്‍ അതൊരു ചെറിയ വാര്‍ത്തയായി കുറിയ്ക്കപ്പെട്ടു.ആ വാര്‍ത്ത കണ്ട ആരും തന്നെ അധികം ശ്രദ്ധിച്ചിട്ടുണ്ടാവില്ല.ദിനം പ്രത് കണ്ടും,കേട്ടും പോകുന്ന അനേകം വാര്‍ത്തകളില്‍ ഒന്നായി ഇതിനെയും കരുതി..
മരണത്തിനെന്തു വാര്‍ത്ത...
കടക്കെണിയും,പട്ടിണിയും,നിരാശയും മൂലം കേരളത്തില്‍ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം പെരുകി വരുന്ന വാര്‍ത്തകള്‍ ദിവസവും പത്രങ്ങളെ വികലമാക്കുമ്പോള്‍ ഒരു പെണ്ണിന്റെ ആത്മഹത്യ ആരെ നൊമ്പരപ്പെടുത്താനാണ്?..
മരണത്തിനിന്നു എന്താണ് വില?...
അവളെ ആത്മഹത്യ യിലേക്ക് നയിച്ച കാരണങ്ങളും,അവയിലെ സത്യങ്ങളും കണ്ടെത്തിയ ഇടവുമൊക്കെ യുവത്വത്തെ വളരെയധികം സ്വാധീനിച്ചു..അതവരെ ചിന്തിക്കാന്‍ പ്രേരിപ്പിച്ചു.കാരണം,അതവരുടെ ഭാവി ജീവിതത്തിനു നേരെയുള്ള വിരല്‍ചൂണ്ടല്‍ കൂടിയായിരുന്നു..ഉറക്കം തൂങ്ങുന്ന ഇന്നത്തെ യുവത്വത്തിനു അവള്‍ മരണത്തിലൂടെ നിത്യജീവനേകി..
ബോധമറ്റ സമൂഹത്തെ ചിന്തയുടെ നേര്‍ രേഖയിലേക്ക് കൊണ്ടുവരാന്‍ അവള്‍ക്കു കഴിഞ്ഞു.ദുര്ബ്ബലര്‍ക്ക് ഈ നാട് നല്‍കുന്ന കഷ്ട്ടത നിറഞ്ഞ നിയമങ്ങള്‍ തുറന്നു കാണിച്ചു കൊടുത്തു.നാളെ ഈ ഗതി ഞങ്ങളെയും പിന്തുടരുമെന്നുള്ള നഗ്നസത്യംഅവര്‍ മനസ്സിലാക്കി.
അവള്‍ രജനി...
വിരിയും മുന്‍പേ മരണത്തെ മാത്രം സ്നേഹിച്ചുകൊണ്ട് കൊഴിഞ്ഞ പൂമൊട്ട്..ഞാനവളെ "ഹൃദയവിശുധിയുള്ളവള്‍" എന്ന് വിളിക്കാനാഗ്രഹിക്കുന്നു.ആ പേരും പ്രകാശമുള്ള മുഖവും എന്നെ വളരെയധികം സ്പര്ശിച്ചിരിക്കുന്നു.ഉള്ളിലിരുന്നു ഇന്നും എന്നെ വേദനിപ്പിക്കുന്നു..ഒരിക്കല്‍ പോലും ഞാനവളെ നേരില്‍ കണ്ടിട്ടില്ല.എന്നിട്ടും ഞാനെന്തിനാണ് ഇത്രയും വികാരാധീനനാകുന്നത്..
അറിയില്ല..താളഭംഗം സംഭവിച്ച അവളുടെ മനസ്സിന്റെ പിടച്ചില്‍ മനസ്സിലാകാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ടായിരിക്കാം.അതിനാലാവാം ഞാനിത്രയും ആലോചിക്കുന്നത്..
എന്തായാലും ആ സുഖമുള്ള പേരും,പ്രസന്നത നിറഞ്ഞ ആ മുഖവും എന്റെ ഹൃദയത്തെ വളരെ ആഴത്തില്‍ മുറിവേല്‍പ്പിചിരിക്കുന്നു.
അവളുടെ മരണമില്ലാത്ത മനസ്സിനെ,ശുധാത്മാവിനെ,അനുഭവിച്ചു തീരാതെ ബാക്കി വെച്ച യാതനകളെ,പ്രത്യാശയുടെ വെളിച്ചം നഷ്ട്ടപ്പെട്ട അടഞ്ഞ കണ്ണുകളെ,അവയ്ക്കുള്ളിലെ കണ്ണുനീര്‍ക്കണങ്ങളെ, ഒടിഞ്ഞു തൂങ്ങിയ ശരീരാവശിഷ്ട്ടങ്ങളെ,പിന്നെയും കുത്തിക്കീറി വേദനിപ്പിച്ച പോസ്ടുമോര്ട്ടത്തിന്റെ കത്രികപ്പാടുകളെ,ഏറ്റുവാങ്ങി എരിഞ്ഞടങ്ങിയ തീനാലങ്ങളെ ഞാനെന്റെ ആത്മാവ് കൊണ്ട് കാണുന്നു..
ഒന്നു സാന്ത്വനിപ്പിക്കാന്‍,ഒത്തിരി സ്നേഹം നല്‍കാന്‍ എനിക്ക് കഴിയുന്നില്ല.എന്തെന്നാല്‍ ഞാന്‍ മരിക്കാത്ത ശരീരത്തിന്റെ വികാരമെന്ന ആത്മാവാണല്ലോ..!!
മരണത്തിലൂടെ മനസ്സുകളെ കീഴടക്കിയ,സ്നേഹമുള്ള മനുഷ്യ മനസ്സുകളില്‍ല ഒരു തേങ്ങലായ് ഒരായിരം കാലം ജീവിചിരിക്കുമെന്ന് ഉറപ്പുള്ള പ്രിയപ്പെട്ട രജനി...
നീ മരിച്ചിട്ടില്ല..ഞങ്ങളുടെ ഹൃദയങ്ങള്‍ക്കുള്ളില്‍ ഒരുപാട് ചോദ്യങ്ങളുതിര്‍ത്തുകൊണ്ട് നീ ഇന്നും ജീവിക്കുന്നു..നിനക്കും,നീയെകിയ ഓര്‍മ്മകള്‍ക്കും മരണമില്ല..നിന്റെ ജീവിതവും,മരണവും ഞങ്ങളെ ഒരുപാട് മാറ്റിയിരിക്കുന്നു..ഭരണാധികാരികളുടെയും,വൃത്തികെട്ട ഭരണസംഹിതകളുടെയും,വിദ്യാഭ്യാസ കച്ചവടത്തിന്റെയും പേരില്‍ ബലിയാടാകേണ്ടി വന്ന നീ നാളത്തെ യുവത്വത്തിന്റെ ജീവിതവിജയത്തിനു പ്രചോദനം നല്കിയവള്‍ ആണ്..അതുകൊണ്ട് രജനി...നിനക്ക് മരണമില്ല.....
എവിടേക്ക് നോക്കിയാലും ഒരു ശൂന്യത..
ഈ ജീവിതത്തിന് ഒരു അര്‍ത്ഥവുമില്ല എന്നവനു തോന്നി..
ഒറ്റപ്പെടലിന്റെയും,അവഗണനയുടെയും വേദന വളരെ ആഴത്തിലുള്ളതാണെന്നവന്‍ മനസ്സിലാക്കി.
മനസ്സാകെ തകര്‍ന്നു പോയിരിക്കുന്നു..
ജീവിതം തന്നെ വെറുത്തു..പ്രതിസന്ധികളും,പ്രാരാബ്ധങ്ങളും അവനെ മറ്റൊരു അവസ്ഥയിലെത്തിച്ചു.
ഇനിയവന്റെ മുന്നില്‍ ഒരു പോംവഴി മാത്രമേയുള്ളൂ.
മരണം...അല്ല, ആത്മഹത്യ..എന്താണീ ആത്മഹത്യ?
ജീവിതത്തില്‍ നിന്നുള്ള ഒളിച്ചോട്ടം..അതെ, അതു തന്നെയാണ് ഇനിയുള്ള വഴി..
കൂടുതല്‍ ആലോചിക്കാന്‍ സമയമില്ല..അല്ല, ആലോചിച്ചിട്ടും കാര്യമില്ല..കാര്യങ്ങള്‍ അത്രമേല്‍ തകിടം മറിഞ്ഞിരിക്കുന്നു..ജീവിതത്തിന്റെ ഒഴുക്ക് നഷ്ട്ടപ്പെട്ടിരിക്കുന്നു..ഇനി ജീവിചിരുന്നിട്ടെന്താണ് കാര്യം?
ഒരു പ്രതീക്ഷയുമില്ല..ഉണ്ടായിരുന്ന അവസാന പിടിവള്ളിയും കൈവിട്ടുപോയി..സ്വന്തമെന്നു കരുതിയ പലതും ഇന്ന് മറ്റാരുടെതോക്കെയോ ആയി..നിറം നഷ്ട്ടപ്പെട്ട ജീവിതം.അതുകൊണ്ട് എന്താണ് കാര്യം?
ജീവിക്കണമെങ്കില്‍ അതു കൂടിയേ തീരു..ഒരു ചെറിയ പ്രതീക്ഷയെങ്കിലും...!
ആലോചിച്ചാലോചിച്ച് അവന്റെ മനസ്സ് നീറാന്‍ തുടങ്ങി..
കണ്ണുനീര്‍ തുള്ളികള്‍ കവിളിലൂടെ ഒഴുകിയിറങ്ങി..
ഒടുവില്‍ അവനുറപ്പിച്ചു..തന്റെ ജീവിതത്തിന്റെ അവസാനത്തെക്കുറിച്ച്...
ആത്മഹത്യ..അതു ചെയ്യാന്‍ തന്നെ അവന്‍ തീരുമാനിച്ചു..
എങ്ങനെ?.....പിന്നീടവന്റെ മനസ്സില്‍ ഈയൊരു അവസാന ചോദ്യം കൂടി അവശേഷിച്ചു..
ഫാനില്‍ കയറില്‍ കെട്ടിതൂങ്ങി...വേണ്ട,..ചിലപ്പോള്‍ കയര്‍ പൊട്ടി നിലത്തു വീണു മരിചില്ലെങ്കിലോ..!!
മരണം, അതു സുഖമുള്ളതാവണം..പിന്നീടാരും അതിനെ ചൊല്ലി സംസാരിക്കാനിടവരരുത്...
വലിയൊരു കുന്നിനു മുകളില്‍ നിന്നും താഴേക്കു ചാടിയാലോ..?..അതും വേണ്ട...വല്ല മരക്കൊമ്പിലോ,പുല്‍ക്കാട്ടിലൊ വീണു ചിലപ്പോള്‍ രക്ഷപ്പെട്ടെങ്കിലോ..മരിക്കണം..മരിക്കാതെ ശരീരഭാഗങ്ങള്‍ നഷ്ട്ടപ്പെട്ട രീതിയില്‍..ചലിക്കാനാവാതെ താന്‍ ജീവിതത്തിലേക്ക് തിരിച്ചു വന്നാല്‍ മരിക്കാന്‍ പിന്നെ ആരുടെയെങ്കിലും സഹായം തേടേണ്ടി വരും..അങ്ങനെ വന്നാല്‍ തന്റെ മരണത്തിനെന്താനര്‍ത്ഥം..!!
മരിക്കണം...അതു തടുക്കാനാവാത്ത തീരുമാനമാണ്..ഏകാന്ത ജീവിതം..അതിനി തുടരാനാവില്ല..തുടര്‍ന്നാല്‍ അവന്‍ മാനസ്സികരോഗിയായി തീരും..ജീവിതം പിന്നെയും ചോദ്യചിഹ്നമായിടും..
ഒരു വെള്ളകടലാസ്സില്‍ അവനിങ്ങനെ എഴുതി:
"..എന്റെ മരണത്തില്‍ ദുഖമുള്ളവര്‍ക്ക്,
ഞാന്‍ ജീവിക്കാനാഗ്രഹിച്ചവനാണ്..പക്ഷെ കാലവും,സാഹചര്യങ്ങളും എന്നെ അതിനനുവധിച്ചില്ല..തിരയോടുങ്ങിയ ഒരു കടല്‍ പോലെയാണ് ഇന്ന് ഞാന്‍..എന്റെ കണ്മുന്പിലെ രൂപങ്ങള്‍ക്ക് ഭംഗി നഷ്ട്ടപ്പെട്ടിരിക്കുന്നു..എന്റെ മനസ്സിനും..കണ്ട സ്വപ്നങ്ങളും ഇപ്പോള്‍ എന്നെ കൈവിട്ടിരിക്കുന്നു..ഇനി എന്റെ മുന്നില്‍ ഇതല്ലാതെ വേറെ ഒരു മാര്‍ഗവും ഇല്ല ..എനിക്ക് മാപ്പ് തരിക...എന്റെ മൃതശരീരം ശരിയായ രീതിയില്‍ ലഭിക്കുകയാണെങ്കില്‍ ദയവായി എന്റെ അമ്മയുടെ കല്ലറക്കടുതായി എന്നെയും അടക്കം ചെയ്യുക..ചെലവിനുള്ള കാശ് ..അതു ആ മേശവിരിപ്പിനടിയിലുണ്ട്..."
മതി...ഇത്രയും മതി..അധികം വിസ്തരിചെഴുതണ്ട..അവന്‍ ആ കത്ത് മേശവിരിപ്പിനു പുറത്തു മടക്കി വെച്ചു..
എന്നിട്ടവന്‍ ശൂന്യതയിലേക്ക് നടന്നു..
അവസാനമായി കാണണമെന്നു ആഗ്രഹിച്ചവരെ എല്ലാം അവന്‍ ശാന്തതയോടെ കണ്ടു..വിനയത്തോടെ അവരോടു സംസാരിച്ചു..
ഒരു ദിവസം അവനങ്ങനെ വെളുപ്പിച്ചു..നേരം പുലര്‍ന്നു..എല്ലാം പതിവ് പോലെ തുടര്‍ന്നു..
രണ്ടു ദിവസം അവനെ ആരും കണ്ടില്ല..അന്വഷിക്കാനും ആരും ഇല്ലായിരുന്നു...എന്നിട്ടെന്തു കാര്യം..
മൂന്നാം ദിവസം രാവിലെ ആരോ പറയുന്നത് കേട്ടു..സുന്ദരിപ്പുഴയുടെ കരയില്‍ ഒരു ശവം അടിഞ്ഞിട്ടുണ്ടെന്നു..
അതെ,..അതവന്‍ തന്നെയായിരുന്നു..ജീവിതം എന്ന യുദ്ധക്കളത്തില്‍ നിന്നും ഒരു ഭീരുവിനെപ്പോലെ അവന്‍ ഒളിച്ചോടിയിരിക്കുന്നു..അല്ല,..രക്ഷപ്പെട്ടിരിക്കുന്നു..അതാവും ശരി..
എത്ര സുന്ദരമായ മരണം..പുഴയുടെ അഗാധതയില്‍ സ്വപ്നങ്ങളുടെയും,ജീവിതത്തിന്റെയും അവസാനം..ശരീരത്തില്‍ നിന്നും വേര്‍പ്പെട്ടുപോകാന്‍ വെമ്പല്‍ കൊള്ളുന്ന ജീവന്‍...അതെ..അതാണ് മരണം..നമ്മള്‍ കാത്തിരിക്കുന്ന ആ നിമിഷം..മരണത്തിന്റെ വേദന അതെങ്ങനെയാണ്?..ആ ചിന്ത എന്റെ മനസ്സില്‍ വീണ്ടും ഒരായിരം ചോദ്യങ്ങള്‍ സൃഷ്ട്ടിക്കുന്നു..മരിച്ചത് ഞാനല്ല...അവനാണ്..ആ നിമിഷവും കടന്നു അവന്‍ യാത്രയായിരിക്കുന്നു..
അവസാനമായി അവന്റെ മുഖത്ത് കണ്ട ആ ചെറുപുഞ്ചിരി എന്നോടുള്ള യാത്ര ചോദിക്കലാവാം..അല്ലെങ്കില്‍, കൂടെ വരാന്‍ വിളിച്ചതാവാം..!!
ഞാന്‍ നിന്‍റെ കൂട്ടുകാരന്‍....
നിലാവിനെ പ്രണയിച്ച,കൂരിരുട്ടിന് കൂട്ടിരുന്ന,പെരുമഴയില്‍ നിന്നോടൊപ്പം നനഞ്ഞ,പുഴകളോടും പൂക്കളോടും കിന്നാരം പറഞ്ഞു നടന്ന നിന്‍റെ അതേ കൂട്ടുകാരന്‍.....,
മാറ്റം ഇന്നെന്‍റെ ശരീരത്തിന് മാത്രം.മനസ്സിന് മാറ്റമില്ല.
ഓര്‍ക്കുന്നുണ്ടോ നീ?.കാലുകീറിയ കറുത്ത പാന്റിനുള്ളില്‍ വിയര്‍പ്പൊട്ടിയ മുഷിഞ്ഞ കീശയില്‍ നിറച്ചു ഞാന്‍ നിനക്ക് കൊണ്ടു തന്ന കടലപിണ്ണാക്ക് ഇടവഴിയിലും,കലശംകോണം പാലത്തിനടിയിലും,തൊട്ടടുത്ത പാലമരച്ചോട്ടിലും ഒരുമിച്ചിരുന്നു പങ്കുവെച്ച് തിന്നത്?
അതിനെന്തു രുചിയായിരുന്നു അല്ലെ.!!
ഒരിക്കല്‍,നീ പറഞ്ഞു ഈ പാലമരത്തില്‍ യക്ഷിയുണ്ടെന്ന്.അതോര്‍ത്തു ഞാനെത്ര രാത്രികളില്‍ യക്ഷികളെ സ്വപ്നം കണ്ട് ഉറങ്ങാതെ കിടന്നിട്ടുണ്ടെന്നു അറിയുമോ നിനക്ക്?
പറണ്ടോടന്‍ ഉപ്പാപ്പയുടെ കാട്ടുവേലി കെട്ടിമറച്ച പറമ്പിനുള്ളിലെ ചാമ്പക്കകള്‍ പഴുത്തുതുടുത്ത് നമ്മെ നോക്കി കൊതികാട്ടി നിന്നപ്പോള്‍ പറിച്ചെടുത്തു നിനക്ക് മതിയാവോളം ഞാന്‍ തന്നതും,ഉറുമ്പ് കടിയേറ്റു പുളഞ്ഞ എന്‍റെ ദേഹത്ത് നീ കരണ്ടകംചിറയിലെ തണുത്തവെള്ളം കോരിയൊഴിച്ചതും നീയിന്നും ഓര്‍ക്കുന്നുണ്ടോ?..
അപ്പോഴും,ഒന്നുമാത്രം നീ കാണാതെ പോയി.ആകെയുണ്ടായിരുന്ന ബട്ടന്‍സ് പൊട്ടിയ എന്‍റെ ആ കറുത്ത പാന്റ്സിനുള്ളില്‍ ചാക്കുനൂല്‍ കൊണ്ട് വരിഞ്ഞു കെട്ടിയ വിശന്നൊട്ടിയ എന്‍റെ വയറിനെ..
അതെ,നിന്നെയെനിക്ക് അത്രമാത്രം ഇഷ്ട്ടമായിരുന്നു.!
എബനീസര്‍ അണ്ണന്‍റെ സൈക്കിള്‍ കടയില്‍ നിന്നും മണിക്കൂറിനു രണ്ടുരൂപയുടെ വാടകയ്ക്കെടുത്ത അര സൈക്കിളില്‍ ഞാനും,നീയും ചവിട്ടാന്‍ പഠിച്ചു.പെരുമഴയത്ത് നിറഞ്ഞൊഴുകുകയായിരുന്ന മുണ്ടണിതോട്ടില്‍ ഒരു ദിവസം നമ്മള്‍ രണ്ടാളും സൈക്കിളിനോടൊപ്പം വീണു.
എന്‍റെ നെറ്റി പൊട്ടി രക്തം വാര്‍ന്നൊലിക്കുന്നുണ്ടായിരുന്നെങ്കിലും ഇടങ്കൈ കൊണ്ട് അതു പൊത്തിപ്പിടിച്ച് ആ കുത്തൊഴുക്കില്‍ ഞാനാദ്യം തിരഞ്ഞത് നിന്നെ ആയിരുന്നു.
ഭാഗ്യം,നിനക്കൊന്നും പറ്റിയില്ലല്ലോ..!
തിളക്കമുള്ള നിന്‍റെ കുപ്പായങ്ങളില്‍ തുന്നിച്ചേര്‍ത്ത വര്‍ണ്ണചിത്രങ്ങള്‍ കണ്ടു ഞാനും കൊതിച്ചിട്ടുണ്ട്.എനിക്കും അതുപോലൊരെണ്ണം കിട്ടിയിരുന്നെങ്കിലെന്ന്..അതെന്‍റെ വെറും ആഗ്രഹം മാത്രമായിരുന്നു.
ഇന്ന് വിലകൂടിയ വസ്ത്രങ്ങള്‍ എന്‍റെ ശരീരത്തോട് ചേര്‍ന്ന് കിടക്കുമ്പോഴും അന്നു നിനക്കുണ്ടായിരുന്ന ഭംഗി എനിക്ക് കിട്ടുന്നില്ല.
എന്‍റെ കണ്ണുകളില്‍ ഇന്നും നിന്‍റെ ആ രൂപമാണ്.!
കളഞ്ഞുപോയ ഒറ്റരൂപ നാണയം തിരിച്ചുകിട്ടില്ലെന്നുറപ്പായപ്പോള്‍ നീയെനിക്ക്പകരം മറ്റൊരു ഒറ്റരൂപാ നാണയം തന്നു.അന്നെനിക്കത് വെറും ഒറ്റരൂപ നാണയമായിരുന്നില്ല.ഒരു ദിവസത്തെ അധ്വാനത്തിന്‍റെ കൂടി വിലയായിരുന്നു.
ഇന്ന്,ശീതീകരിച്ച മുറികള്‍ക്കുള്ളിലിരുന്നു അമ്പത് രൂപയുടെ ജ്യൂസ് കുടിക്കുമ്പോഴും,നൂറ്റിയമ്പത് രൂപയുടെ മട്ടന്‍ബിരിയാണി കഴിക്കുമ്പോഴും ഞാനത് ഓര്‍ക്കാറുണ്ട്.
എങ്ങിനെ ഓര്‍ക്കാതിരിക്കും..
വക്കുകള്‍ചപ്പിച്ചുണുങ്ങിയ സ്റ്റീല്‍ ചോറ്റുപാത്രത്തില്‍ എന്‍റെ ഉമ്മ ഉച്ചക്ക് കഴിക്കാന്‍ തന്നയച്ചിരുന്ന റേഷനരിചോറും,തേങ്ങാചമ്മന്തിയും എന്നെപ്പോലെ നിനക്കും ഇഷ്ട്ടമായിരുന്നു.എന്നും എന്‍റെ ചോറ്റുപാത്രത്തില്‍ അതുമാത്രമായിരുന്നു ഉണ്ടായിരുന്നത്.നിന്‍റെ പാത്രത്തിലെ പൊരിച്ചമീന്‍ കഷണങ്ങള്‍ക്ക് ഞാനും പങ്കുകാരനായി.
ചില ദിവസങ്ങളില്‍ നീ അറിയാതെ ഞാന്‍ വിശപ്പിന്‍റെ വിളി അറിഞ്ഞു.
സ്കൂളിന് പുറത്തെ ഇരുമ്പിന്‍റെ ചുവയുള്ള പൈപ്പ് വെള്ളം കുടിച്ച് ഞാനെത്ര നാള്‍ വിശപ്പകറ്റിയിരിക്കുന്നു.
നീയതൊന്നും അറിയുന്നുണ്ടായിരുന്നില്ലല്ലോ....ആശ്വാസം.!
ഒരുദിവസം ഞാന്‍ വിശന്നു വലഞ്ഞു ക്ലാസ് മുറിയില്‍ തളര്‍ന്നു വീണപ്പോള്‍ നിന്നോടും ബാബുസാറിനോടും പനിയാണെന്ന് ഞാന്‍ കള്ളം പറഞ്ഞു.പക്ഷെ, എല്ലാം മനസ്സിലാക്കിയെന്ന പോലെ പുറത്തെ കടയില്‍ നിന്നും ബാബുസാര്‍ വാങ്ങി തന്ന മധുരമുള്ള ബണ്ണില്‍ പകുതി നിനക്ക് തരാന്‍ ഞാന്‍ പോക്കറ്റില്‍ കരുതിയിരുന്നു.
നാലാം ക്ലാസ്സിലെ സുന്ദരിപെണ്ണിനോട് നിനക്ക് പ്രണയം തോന്നിയപ്പോഴും,
പരീക്ഷകളില്‍ വടിവൊത്ത അക്ഷരങ്ങള്‍ പതിഞ്ഞ എന്‍റെ ഉത്തരകടലാസ്സുകള്‍ പകര്‍ത്തി എഴുതാന്‍ നിനക്ക് നല്‍കിയപ്പോഴും,എന്നെപ്പോലെ നീയും ഒന്നാമനായപ്പോഴും അഭിമാനത്തോടെ കൂടെനിന്ന അതേ കൂട്ടുകാരന്‍......,നിന്‍റെ ചിറകിന്നടിയിലായിരുന്നു ആകാശമെന്ന് അന്നുഞാന്‍ വിശ്വസിച്ചിരുന്നു.
ക്ലാസ്സില്‍ നീ കാട്ടിയ കുറുമ്പ് ഞാന്‍ ഏറ്റുവാങ്ങിയപ്പോള്‍ കണക്കുസാര്‍ എന്‍റെ കുഞ്ഞു കൈവെള്ളയില്‍ പകര്‍ന്നു തന്ന ചൂരല്‍പ്രയോഗം രക്തത്തുള്ളികളായി നിലത്തേക്ക് അടര്‍ന്നു വീണപ്പോഴും കരയാതെ നിന്നെ ഞാനെന്‍റെ ശരീരത്തോട് ചേര്‍ത്ത് പിടിച്ചു.അല്ല;അതിനുള്ളിലെ ആര്‍ദ്രമായ ഹൃദയത്തോട് ചേര്‍ത്ത് പിടിച്ചു.കാരണം,നീയെന്റെ പ്രിയപ്പെട്ട കൂട്ടുകാരന്‍... ..
ഇന്നും നിന്നെ ഞാനെന്‍റെ ഹൃദയത്തോട് ചേര്‍ത്ത് വെച്ചിരിക്കുന്നു.
മറക്കില്ല ഞാനാ ബാല്യകാലം...അങ്ങിനെ മറക്കാനാകുമോ...!!
വീട്ടു മുറ്റത്ത് ഞാന്‍ നട്ട മുളക് ചെടികളില്‍ മുളകുകള്‍ പാകമായി തുടങ്ങി..രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ എനിക്കൊരു സത്യം മനസ്സിലായി...പഴുത്തു പാകമായ മുളകുകള്‍ ആരോ മോഷ്ട്ടിക്കുന്നു..എന്റെ പരാതി കേട്ടപ്പോള്‍ ഉമ്മ അയലത്തെ അയല്‍ക്കൂട്ടം പെണ്ണുങ്ങളെ കുറ്റം പറഞ്ഞു..ഞാനുമത് വിശ്വസിച്ചു..എങ്ങനെ വിശ്വസിക്കാതിരിക്കും..അത്ര വിദഗ്ദ്ധമായാണ് ആ മോഷണം നടത്തിയിരുന്നത്..
ഒരുദിവസം അത് ആരാണെന്ന് കണ്ടു പിടിക്കാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു..പാതി തുറന്ന ജനാലയിലൂടെ പുറത്തേക്കു നോക്കി ഇരുന്നു..
അതാ....ഒരു ആളനക്കം...കൊലുസ്സിന്റെ ശബ്ദം...ഞാന്‍ ചെവിയോര്‍ത്തു..പതുങ്ങി,പതുങ്ങി ഒരു നിഴല്‍രൂപം മുളക് ചെടികളുടെ അരികിലേക്ക്..ആളെ കണ്ടു ഞാന്‍ ഞെട്ടി..അവള്‍ നാലുപാടും ഒന്ന് നോക്കി..ആരുമില്ല എന്നുറപ്പാക്കി..ആദ്യം കണ്ടതിനെയൊക്കെ ഒരു വിദഗ്ധയെപ്പോലെ പറിച്ചെടുത്തു..പിന്നെ പഴുത്തു തുടുത്ത ഒരു മുളകിലേക്ക് ആ കൈകള്‍ നീണ്ടു..അപ്പോഴേക്കും എന്റെ മൊബൈല്‍ ക്യാമറയുടെ വെളിച്ചം അവളുടെ മുഖത്ത് പതിഞ്ഞു....ഒരു കള്ളചിരിയോടെ അവള്‍ എന്റെ മുഖത്തേക്ക് നോക്കി...
അമ്പടി കള്ളീ...നീ ആയിരുന്നു അല്ലെ എന്റെ മുളകുകള്‍ കട്ടത്..!!!
കയ്യോടെ പിടികൂടി എന്ന് മനസ്സിലായപ്പോള്‍ ആ മുഖത്ത് ഒരു വല്ലാത്ത ഭാവം.
അങ്ങനെ ഞങ്ങള്‍ അവള്‍ക്ക് ഒരു ഓമന പേര് നല്‍കി....."..കാന്താരിക്കള്ളി....."
അത് ഈ കാന്താരി ആയിരുന്നു..എന്റെ സഹോദരിയുടെ മകള്‍..
ഇന്നും എന്റെ ആ വിളി കേള്‍ക്കുമ്പോള്‍ അവളുടെ മുഖത്ത് ഈ കള്ളലക്ഷണം കാണാം.....