Pages

21 March 2011

മെലീന അറിയാന്‍....


മെലീനാ...ഞാനിതെങ്ങിനെ വിശ്വസിക്കും.നിനക്കെന്താണ് സംഭവിച്ചത്?
നിന്നെക്കുറിച്ച് എനിക്ക്  എഴുതുവാനാവുന്നില്ല.എന്‍റെ കണ്ണുകള്‍  നിറഞ്ഞൊഴുകുന്നു,വിരലുകള്‍ വിറക്കുന്നു,മനസ്സ് ഇടറുന്നു.
എങ്കിലും മെലീനാ...ഇത്രയും എനിക്ക് എഴുതാതിരിക്കാന്‍ വയ്യാ .
നിന്നെ അറിയുന്നവര്‍ ഓര്‍ക്കാന്‍ വേണ്ടി മാത്രം.ഈ അക്ഷരങ്ങളിലൂടെ അവര്‍ ഇനിയും നിന്നെയേറെ ഇഷ്ടപ്പെടട്ടെ.
അത് വേണ്ടേ മെലീനാ..വേണം..
എന്നു കരുതി ഇത് നിന്നെക്കുറിച്ചുള്ള ഓര്‍മ്മക്കുറിപ്പല്ല..
ഓര്‍മ്മകളാണ്. ജീവനുള്ള ഓര്‍മ്മകള്‍. ..,...
നിന്നെ എനിക്ക് ഒരുപാട് അറിയാമായിരുന്നതല്ലേ..നിന്നെ മാത്രമല്ല നിന്‍റെ എല്ലാമായിരുന്ന വിനോദിനെയും..പിന്നെ,പരിശുദ്ധം എന്ന് ഞാന്‍ കരുതിയ,
ഇന്നും അങ്ങിനെ തന്നെ വിശ്വസിക്കുന്ന നിങ്ങളുടെ പ്രണയത്തെയും..

 നിനക്കറിയാമോ മെലീനാ?. നിന്നെ ഞങ്ങള്‍ക്ക് ഒരുപാട് ഇഷ്ടമായിരുന്നു.
നാട്ടിലെ അറിയപ്പെടുന്ന  ബിസിനസ്സുകാരന്‍റെ ഏക മകള്‍ .അതിന്‍റെ യാതൊരു ഭാവവും നിനക്കില്ലായിരുന്നു.ഏത് സാമ്പത്തിക പ്രതിസന്ധിയിലും ഞങ്ങളെ സഹായിച്ചിരുന്നവള്‍ .കണക്കു പറയുകയാണെങ്കില്‍ നിന്നെ ഞാനെത്രയോ തവണ  പറ്റിച്ചിരിക്കുന്നു.
എനിക്കറിയാം മെലീന..നീ അതൊന്നും തിരികെ പ്രതീക്ഷിച്ചിരുന്നതല്ല എന്ന്.
എല്ലാവര്‍ക്കും നിന്നോട് അസൂയയായിരുന്നു.നറുനിലാവ് പോലുള്ള നിന്‍റെ  ചിരി,ആ കവിളുകളിലെ നുണക്കുഴികള്‍ ,നീല കണ്ണുകളിലെ തിളക്കം,
വാക്കുകളിലെ വശ്യത,ബന്ധങ്ങള്‍ക്കിടയിലെ സൂഷ്മത,
ആത്മാര്‍ഥമായ സൌഹൃദം.പിന്നെ അക്ഷരങ്ങളോടുള്ള നിന്‍റെ പ്രണയം,
എഴുത്തുകാരോടുള്ള ആദരവ്.
നീ പറഞ്ഞത് ഞാനിന്നും ഓര്‍ക്കുന്നു.
"അസിം...നീ വിശ്വസിക്കുമോ എന്നെനിക്കറിയില്ല..നീ തന്നെയാണെടാ എന്‍റെ പ്രിയപ്പെട്ട എഴുത്തുകാരന്‍"''.. എന്ന്..
അത് തമാശയല്ലായിരുന്നു എന്നെനിക്കറിയാം.നീ വായിക്കാന്‍ കൊണ്ടു തന്നിരുന്ന പുസ്തകങ്ങള്‍ അന്നെനിക്ക് ഒരുപാട് പ്രചോദനം തന്നെയായിരുന്നു. 
എന്നിട്ടും,എന്തിനാണ് മെലീനാ...ആ സത്യം എന്നില്‍ നിന്നും നീ മൂടി വെച്ചത്?.എന്‍റെ പ്രിയ സ്നേഹിതന്‍ വിനോദിനെ നീ ഒരുപാട് പ്രണയിക്കുന്നുണ്ടെന്ന കാര്യം.അവന്‍ എന്‍റെ വെറും സ്നേഹിതന്‍ മാത്രമായിരുന്നില്ലല്ലോ.
വേണ്ട മെലീന..നീയത് പറയണ്ടായിരുന്നു..അതായിരുന്നു നല്ലത്.

നല്ലവനായിരുന്നു വിനോദ്.ആരെയും ആകര്‍ഷിക്കുന്ന വ്യക്തിത്വം.
വിനയത്തോടെയുള്ള സംസാരം.പിന്നെ നമ്മെ പോലെ അക്ഷരങ്ങളോടും,
എഴുത്തിനോടുമുള്ള ആവേശം.എത്ര മത്സരങ്ങളില്‍ ഞാന്‍ അവനു വേണ്ടി തോറ്റു കൊടുത്തിരിക്കുന്നു എന്നറിയാമോ നിനക്ക്?.
അവന്‍ അത് നിന്നോട് പറഞ്ഞിട്ടുണ്ടാവും.അവനെയും  എനിക്ക് അത്രയേറെ ഇഷ്ടമായിരുന്നു മെലീനാ...ഇഷ്ടമായിരുന്നു.അവനും നിങ്ങളുടെ പ്രണയം എന്നോട് പറയാന്‍ വൈകി.സാരമില്ല,എനിക്കതില്‍ വിഷമമില്ല.അവന്‍ അങ്ങിനെയായിരുന്നു.അവനെ ഞാന്‍ മനസിലാക്കുന്നു.ഒടുവില്‍ എല്ലാം അറിഞ്ഞപ്പോള്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ചതും ഈ ഞാന്‍ തന്നെയായിരുന്നുവല്ലോ മെലീനാ..
കാരണം,നിങ്ങള്‍ രണ്ടാളും എനിക്ക് ഒരുപോലെ പ്രിയപ്പെട്ടവര്‍..,അതുതന്നെ..

നിന്നെക്കുറിച്ചു പറയാന്‍ അവനു ആയിരം നാവായിരുന്നു.നിന്‍റെ പേരു പോലും അവനു നല്‍കിയിരുന്നത് പുത്തന്‍ ഉണര്‍വായിരുന്നു.അത് ഞാന്‍ പലപ്പോഴും അറിഞ്ഞതാണ്.അവനെ നീ ഒരുപാട് മാറ്റിയെടുത്തു.ഞാന്‍ നിങ്ങളുടെ പ്രണയത്തിന്‍റെ മൂകസാക്ഷിയായിരുന്നു എന്ന് നിനക്ക് അറിയാമായിരുന്നു.അതിനെക്കുറിച്ച് ഒരക്ഷരം പോലും ഞാന്‍ നിന്നോടോ നീയെന്നോടോ മിണ്ടിയിരുന്നില്ല.ആ കൊച്ചു കള്ളത്തരം എനിക്ക് ഒരു പ്രത്യേക സുഖം തന്നെയായിരുന്നു സമ്മാനിച്ചത്.ഒരിക്കല്‍ നമ്മള്‍ എന്നും ഒരുമിച്ചു കൂടാറുള്ള ആ വടവൃക്ഷചോട്ടില്‍ അവനെ എനിക്ക് തനിച്ചു കിട്ടി.അപ്പോള്‍ ഞാന്‍ ചോദിച്ചു;
" വിനോദ്..നീ മെലീനയെ എത്ര മാത്രം സ്നേഹിക്കുന്നു.."
അവന്‍റെ  മറുപടി എന്തായിരുന്നുവെന്നു എനിക്ക് എഴുതാനാവില്ല മെലീനാ.
അതിനു ഈ അക്ഷരങ്ങള്‍ പോരാതെ വരും.ആകാശത്തോളം അല്ല ഭൂമിയുടെ അങ്ങേ അറ്റത്തോളം സ്നേഹത്തിന്‍റെ  നിലാവെളിച്ചം നിറഞ്ഞു നിന്ന ഒരു മനസ്സ് അവനുണ്ടായിരുന്നു.അതില്‍ പ്രണയത്തിന്‍റെ  മാലാഖയായി നീയും.
അങ്ങിനെ പറയുന്നതാവും മെലീനാ ശരി..

കാലം നമുക്കിടയില്‍ വീണ്ടും വേര്‍പാടുകള്‍ നല്‍കി.കലാലയത്തിന്‍റെ വാതിലുകള്‍ നമുക്ക് മുന്നില്‍ അടഞ്ഞു..പിരിയാതെ വയ്യ.പക്ഷെ ഈ സൌഹൃദം ഒരിക്കലും പിരിയരുതേ..എന്ന പ്രാര്‍ത്ഥനയുമായി നമ്മള്‍ പലവഴിക്ക് പിരിഞ്ഞു.യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടാന്‍ നമ്മള്‍ക്ക്  ഒരുപാട് സമയമെടുത്തു.വിനോദിന് ഒരിക്കലും നിന്നെ പിരിഞ്ഞു പോകാന്‍ കഴിയുമായിരുന്നില്ല.അവനെ ഞാന്‍ ശ്രദ്ധിച്ചിരുന്നു.എങ്കിലും,വീണ്ടും നമ്മള്‍ കാണുമെന്ന പ്രതീക്ഷകളോടെ അകന്നു.
അങ്ങിനെ അകലുവാന്‍ ആകുമോ മെലീനാ നമുക്ക്.!!

പിന്നെ ഞാന്‍ ജീവിതത്തിന്‍റെ  പുതു നിറങ്ങള്‍ തേടിയുള്ള യാത്രയിലായിരുന്നു.
അതിനിടയിലും ഞാന്‍ അറിയുന്നുണ്ടായിരുന്നു;അന്വഷിക്കുന്നുണ്ടായിരുന്നു 
നിങ്ങളുടെ കാര്യങ്ങള്‍.. 
അതല്ലേ മെലീനാ....എന്‍റെ കൊച്ചു കൊച്ചു സന്തോഷങ്ങള്‍ ...

ആയിടക്ക് ഞാന്‍ മദ്രാസില്‍ ആയിരുന്നു.ജോലി തിരക്കി പോയതാണ്.മൂന്നു മാസം കഴിഞ്ഞിരിക്കുന്നു.നാട്ടില്‍ വരണം ..ഉമ്മയെ കാണണം.
തിരുവനന്തപുരത്തേക്കുള്ള മടക്ക യാത്രക്കായി മദ്രാസ്‌ റെയില്‍വേ സ്റെഷനില്‍ നില്‍ക്കുമ്പോള്‍ എന്‍റെ മൊബൈല്‍ ഫോണിലേക്കൊരു കോള്‍ വന്നു.വിളിച്ചത് നമ്മുടെ സുഹൃത്തുക്കളില്‍ ഒരാള്‍ .സംസാരിച്ചു തീരുന്നതിനു മുന്‍പേ എന്‍റെ ഫോണ്‍ സ്വിച്ച് ഓഫ്‌ ആയി.ബാറ്ററി ചാര്‍ജു തീര്‍ന്നതാണ്.
അവന്‍റെ വാക്കുകള്‍ അത്ര സുഖമുള്ളതല്ല എന്നെനിക്ക് മനസ്സിലായി..
സംസാരത്തിനിടയില്‍ അവന്‍ ''എടാ നമ്മുടെ വിനോദ്...'' എന്ന് പറയുന്നുണ്ടായിരുന്നു.അതെ,വിനോദിന് എന്തോ സംഭവിച്ചിരിക്കുന്നു.ഞാന്‍ ഉറപ്പിച്ചു.ഇനിയെന്താണ് ചെയ്യുക.തീവണ്ടി ഫ്ലാറ്റ്ഫോമിലുണ്ട്.
ഫസ്റ്ക്ലാസ്സ് ടിക്കറ്റ് ആയതു കാരണം സീറ്റ്‌ കിട്ടും.അതോര്‍ത്തു വിഷമിക്കണ്ട.
തിക്കി തിരക്കി ഞാന്‍ തീവണ്ടിക്കുള്ളില്‍ കയറി.സാധാരണ യാത്രകളില്‍ ഞാന്‍ സഹയാത്രക്കാരോട് കൂടുതല്‍ സംസാരിക്കാറില്ല.എന്തെങ്കിലും പുസ്തകം വായിച്ചിരിക്കാറാണ് പതിവ്.പിന്നെ ഉറങ്ങും.പക്ഷെ,അന്നു ഞാന്‍ ആദ്യമായി ഒരാളെ അങ്ങോട്ട്‌ പരിചയപ്പെട്ടു.സംസാരത്തിനിടയില്‍ ഞാന്‍ അയാളോട് 'താങ്കളുടെ ഫോണ്‍ ഒന്ന് തരാമോ'...എന്നു ചോദിച്ചു.വിളിക്കേണ്ട കാര്യവും കൂടി പറഞ്ഞു.ഒരു മടിയും കൂടാതെ അയാള്‍ എനിക്ക് ഫോണ്‍ തന്നു.എന്നെ വിളിച്ച നമ്പരിലേക്ക് തിരികെ വിളിച്ചു.
അതെ...ഞാന്‍ വിചാരിച്ചത് തന്നെ സംഭവിച്ചിരിക്കുന്നു.വിനോദ്...അവന്‍ ആത്മഹത്യ ചെയ്തു.എങ്ങിനെ ഞാനിത് ഉള്‍ക്കൊള്ളും..ഈ പോക്കില്‍ അവനെ കൂടി കാണണം എന്നുണ്ടായിരുന്നു..ഇനിയെങ്ങിനെ കാണും.
ചിന്തിക്കാന്‍ കൂടി വയ്യ..ഞാന്‍ നേരെ തീവണ്ടിക്കുള്ളിലെ ബാത്ത്‌റൂമിലേക്ക് നടന്നു.അകത്തു കയറി കുറ്റിയിട്ടു.ദുര്‍ഗന്ധം നിറഞ്ഞ ആ റൂമിനുള്ളില്‍ നിന്നു ഞാന്‍ പൊട്ടി പൊട്ടി കരഞ്ഞു..അല്ല ..നിലവിളിച്ചു എന്നുപറയുന്നതാവും ശരി..ആ നിലവിളി തീവണ്ടിയുടെ അലര്‍ച്ചയോടോപ്പം പുറത്തെ കാറ്റില്‍ ചേര്‍ന്ന് അലിഞ്ഞലിഞ്ഞ് ഇല്ലാതായി പോയി.
മുഖം കഴുകി പുറത്തു കടന്നു.അടുത്ത ഊഴവും കാത്തു പുറത്തു ഒന്നു രണ്ടു പേര്‍ നില്‍ക്കുന്നുണ്ടായിരുന്നു.നല്ല തലവേദന.യാത്രകളില്‍ ഇതുള്ളതാണ്.
ബാഗില്‍ പനഡോള്‍ കരുതിയിട്ടുണ്ട്.ഒരെണ്ണമാണ്‌ സ്ഥിരം കഴിക്കാറ്.അന്നു ഞാന്‍ രണ്ടെണ്ണം കഴിച്ചു.അതിനാലാവാം നല്ല ഉറക്കം കിട്ടി.അവന്‍റെ ഓര്‍മ്മകള്‍ ആ ഉറക്കത്തിനിടയില്‍ നേര്‍ത്ത് നേര്‍ത്ത് ഇല്ലാതാവുന്നതായി ഞാന്‍ അറിഞ്ഞു.അതു നന്നായി.ഇല്ലെങ്കില്‍ ആ തീവണ്ടി യാത്രക്കിടയില്‍ ഞാനും അവനോടൊപ്പം പോകുമായിരുന്നു.
സത്യം മെലീനാ...എന്നെ നിനക്ക് അറിയാമല്ലോ..

എങ്ങിനെയോ ആ തീവണ്ടി തിരുവനന്തപുരത്ത് എത്തി.അതുമാത്രം ഞാന്‍ ഓര്‍ക്കുന്നു .നിലവിളിച്ചു നിന്നു.എന്‍റെ മനസ്സില്‍ നിറയെ വിനോദായിരുന്നു. എത്രയും പെട്ടന്ന്‍ പാപ്പനംകോട്ടുള്ള അവന്‍റെ വീട്ടിലെത്തണം.തമ്പാനൂര്‍ ബസ്‌ സ്റ്റാന്റിനു മുന്‍പില്‍ നിന്നും ഒരു ഓട്ടോ പിടിച്ചു അങ്ങോട്ട്‌ തിരിച്ചു.ഞാന്‍ എത്തുന്നതിന് മണിക്കൂറുകള്‍ക്കു മുന്‍പ് തന്നെ അവന്‍റെ ചിത കെട്ടടങ്ങിയിരുന്നു.വീണ്ടും..ആ ചാരങ്ങള്‍ക്ക് അരികിലിരുന്നു ഞാന്‍ പൊട്ടിക്കരഞ്ഞു...അപ്പോള്‍ എനിക്ക് അതല്ലേ ചെയ്യാന്‍ കഴിയു മെലീനാ..

ആരോടും ഒന്നും മിണ്ടിയില്ല ..അവന്‍റെ  അച്ഛനേം അമ്മയേം അപ്പോള്‍ എനിക്ക് കാണാന്‍ കഴിയില്ല..ആശ്വസിപ്പിക്കാന്‍ ആവില്ല..എന്തുപറഞ്ഞാണ് ഞാന്‍ അവരെ ആശ്വസിപ്പിക്കേണ്ടത്? ..ഒപ്പം പഠിച്ച ഒന്നു  രണ്ടു സുഹൃത്തുക്കള്‍ അവിടെയുണ്ടായിരുന്നു.അവരുടെ വണ്ടിയില്‍ എന്നെ കോട്ടൂരിലെ വീട്ടിലെത്തിച്ചു.വീട്ടിലേക്കുള്ള യാത്രക്കിടയില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ പലതും പറഞ്ഞു കൊണ്ടിരുന്നു.അതൊന്നും കേള്‍ക്കാനോ,  ഉള്‍ക്കൊള്ളാനോ ഉള്ള മാനസികാവസ്ഥയിലായിരുന്നില്ല അപ്പോള്‍ ഞാന്‍.....,..
എന്നെ വീട്ടിലാക്കി സുഹൃത്തുക്കള്‍ മടങ്ങി.
മൂന്നു മാസങ്ങളിലായി എന്നെ തേടിയെത്തിയ നിരവധി കത്തുകള്‍ക്കിടയില്‍ ഒന്ന് ഞാന്‍ കണ്ടു.മെലീനാ....അതു നിന്‍റെ  കല്യാണ ക്ഷണക്കത്ത് ആയിരുന്നു.നീ അതെങ്ങിലും ചെയ്തല്ലോ മെലീനാ.ഇനി ഞാന്‍ എന്താണ് പറയേണ്ടത്.എല്ലാം ഊഹിക്കവുന്നതല്ലേ?.എങ്കിലും,പലതും എനിക്ക് വിശ്വസിക്കാന്‍ കഴിയില്ല മെലീനാ..സത്യത്തിനെ,യാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊള്ളാതെ വയ്യല്ലോ.നീയിപ്പോള്‍ മറ്റൊരാളുടെതായിരിക്കുന്നു.നിന്‍റെ ഇഷ്ടത്തോടെ അല്ലായിരുന്നു എന്നു തന്നെ  ഞാന്‍ കരുതുന്നു.അങ്ങിനെ അല്ലെ മെലീനാ..
എന്തിനും ശരികളുണ്ട്‌..., പിടിവാശിക്കാരനായിരുന്നു നിന്‍റെ അച്ഛനെന്നു എനിക്കറിയാം.അയാളുടെ നിര്‍ബന്ധത്തിനു നീ വഴങ്ങുക ആയിരുന്നില്ലേ?.
ഇന്നും ഞാന്‍ അങ്ങിനെ തന്നെ വിശ്വസിക്കുന്നു.
നിന്‍റെ  ശരികള്‍ എല്ലാവര്‍ക്കും ശരികള്‍ ആവണം എന്നില്ല..വിനോദ് ചെയ്തതാണ് ശരിയെന്ന് ഞാന്‍ ന്യയീകരിക്കുന്നുമില്ല..

വീണ്ടും ഞാന്‍ തിരക്കേറിയ ജീവിത യാത്രയിലേക്ക്..ഒന്നും എനിക്ക് മറക്കാന്‍ കഴിയുന്നില്ല.നിന്നെ വന്നു കാണണം എന്നുണ്ടായിരുന്നു.ഒരിക്കല്‍ ..ഒരിക്കല്‍ കൂടി മാത്രം.ഇപ്പോള്‍ അതുവേണ്ടാ..ഇതിനിടയില്‍ ജീവിതത്തിന്‍റെ മേച്ചില്‍ പുറങ്ങള്‍ തേടി ഞാന്‍ ഗള്‍ഫിലേക്ക് വിമാനം കയറിയിരുന്നു..

രണ്ടുവര്‍ഷം നീണ്ട പ്രവാസ ജീവിതത്തിനിടയിലും അത് മനസ്സിലുണ്ടായിരുന്നു. ഇടയ്ക്കു ഞാന്‍ രണ്ടു മാസത്തെ അവധിക്കു നാട്ടില്‍ വന്നു.പത്താം നാള്‍ ചിക്കന്‍പോക്സ് പിടിച്ചു കിടപ്പിലായി.പുറത്തു പോകാന്‍ കഴിയാത്ത അവസ്ഥ.വീട്ടില്‍ തന്നെ കഴിച്ചു കൂട്ടി.
പിന്നെ ആരെയും കാണണം എന്ന് തോന്നിയില്ല.അവധി തീരാറായി.ഇനി തിരികെ മടങ്ങാനുള്ള തിരക്കിലേക്ക്...
ടിക്കറ്റ് സംബന്ധമായ കാര്യത്തിനു തിരുവനന്തപുരത്ത് പോയി മടങ്ങി വരും വഴി കാട്ടാക്കട ബസ്സ്‌സ്റ്റാന്‍ഡില്‍ വെച്ചു ഞാന്‍ നമ്മുടെ ഒരു പഴയ സുഹൃത്തിനെ കണ്ടു.സംസാരത്തിനിടയില്‍ ഞാന്‍ നിന്നെക്കുറിച്ചു ചോദിച്ചു.
അവനാണ് പറഞ്ഞത്.നിന്‍റെ ഇപ്പോഴത്തെ അവസ്ഥ.
വീട്ടിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടി ത്തെറിച്ചു ശരീരം മുഴുവന്‍ പൊള്ളലേറ്റ് മരണത്തോട് മല്ലടിച്ച് നീ ആശുപത്രിയില്‍ കിടക്കുകയാണെന്ന്..അതുകേട്ടപ്പോള്‍ ഉടന്‍ വന്നു കാണണം എന്നു തോന്നി.
അല്ലെങ്കില്‍,നമ്മളെന്തു സുഹൃത്തുക്കളാണ് മെലീനാ.അതാണ്‌ ഞാന്‍ വന്നത്.

എനിക്ക് നിന്നെ കാണണം..ചിലപ്പോള്‍ ഇത് നമ്മുടെ അവസാന കാണലാവാം.
അല്ല ...ഇനി നമ്മള്‍ കണ്ടുമുട്ടില്ല എന്നെന്‍റെ മനസ്സ്‌ പറയുന്നു.
ഐ സി യു വിനു പുറത്തെ കസേരയിലിരുന്നു ഏങ്ങലടിച്ചു കരയുന്ന നിന്‍റെ അമ്മയെ ഞാന്‍ കണ്ടു.അച്ഛന്‍ പുറത്തെ കോണിപ്പടിയില്‍ നിന്നും മൊബൈലില്‍ ഉറക്കെ സംസാരികുന്നത് ഞാന്‍ കേട്ടു.അതെന്തായാലും നിന്നെക്കുറിച്ചു അല്ലായിരുന്നു.ഞാന്‍ ചെവിയോര്‍ത്തിരുന്നു.അത് ബിസ്സിനെസ്സ് കാര്യങ്ങള്‍ ആണെന്ന് തോന്നുന്നു.
ഡ്യുട്ടി ഡോക്ടറോട് കാര്യം പറഞ്ഞു.ആദ്യം അനുവദിച്ചില്ല.നിന്‍റെ അവസ്ഥ അത്രക്ക് മോശമായിരുന്നല്ലോ.ഞാന്‍ ഒരുപാട് നിര്‍ബന്ധിച്ചു.കാല് പിടിച്ചു എന്നു തന്നെ പറയാം..ഒടുവില്‍ ഡോക്ടര്‍ സമ്മതിച്ചു.
"താങ്കള്‍ക്ക്‌ ഇപ്പോള്‍ ആളെ കണ്ടാല്‍ മനസ്സിലാവില്ല .താങ്ങളെയും അവള്‍ക്കു തിരിച്ചറിയാനാവില്ല.ശരീരം മുഴുവന്‍ പൊള്ളലാണ്..മുഖത്തിന്റെ ഒരു ഭാഗം മാത്രമേ പോള്ളലെല്‍ക്കാതെ ബാക്കിയുള്ളൂ"..ഡോക്ടര്‍ പറഞ്ഞു..
"മതി ഡോക്ടര്‍ ..എനിക്ക് ആ ഭാഗം കണ്ടാല്‍ മതി.." 
ഞാന്‍ പറഞ്ഞു.എന്നെ ഐ സി യു വിനുള്ളിലേക്ക് കയറ്റി വിട്ടു..

മെലീനാ...ഇപ്പോള്‍ ഞാന്‍ നിന്‍റെ അരികിലാണ്.മുഖം നീ ഒരു ഭാഗത്തേക്ക് ചരിച്ചു വെച്ചിരിക്കുന്നതല്ല എന്നെനിക്ക് അറിയാം.മറുഭാഗം നിനക്ക് നഷ്ട്ടമായിരിക്കുന്നു.നിന്‍റെ  കവിളുകള്‍ ..നുണക്കുഴികള്‍ എല്ലാം ...
നീ എന്നെ കണ്ടു എന്നു ഞാനറിയുന്നു..നിന്‍റെ ആ കണ്ണിലെ തിളക്കം അതാണ്‌ സൂചിപ്പിക്കുന്നത്.ആ കണ്ണിലേക്കു ഞാന്‍ നോക്കി നില്‍ക്കുന്നു.  മെലീനാ...എനിക്കറിയാം നിനക്കെന്തോ എന്നോട് പറയാനുണ്ട്.എന്നോട് മാത്രം പറയാന്‍ നീയെന്തോ ബാക്കി വെച്ചിട്ടുണ്ട്...അങ്ങിനെ ആയിരുന്നല്ലോ മെലീനാ നമ്മള്‍ .നിറഞ്ഞു തുളുമ്പിയ നിന്‍റെ കണ്ണ് അതിനുള്ള തെളിവാണ്.വേണ്ട മെലീനാ....നീ ഒന്നും പറയണ്ട.എല്ലാം എനിക്കറിയാം..നീ പറയാന്‍ ആഗ്രഹിക്കുന്നതെല്ലാം..നമുക്കിടയില്‍ ഇപ്പോള്‍ ഈ മൌനം മാത്രം മതി.
ഞാന്‍ പറഞ്ഞല്ലോ?.എല്ലാം നിങ്ങളുടെ ശരികളായിരുന്നു.ഞാന്‍ സമ്മതിക്കുന്നു.നിന്റെയും,വിനോദിന്റെയും ശരികള്‍ ..അതെങ്ങിനെ ഞാന്‍ തെറ്റെന്നു പറയും. മെലീനാ....അതിനെനിക്ക് ആവുമോ...ഇല്ല ..ആവില്ല.
മതി ..എനിക്കിത്രയും മതി.അധികനേരം ഞാന്‍ നില്‍ക്കുന്നില്ല.എനിക്ക് ചിലപ്പോള്‍ എന്നെ തന്നെ നിയന്ത്രിക്കാന്‍ കഴിഞ്ഞെന്നു വരില്ല.
ഞാന്‍ പോകുന്നു....നിന്നെ തനിച്ചാക്കി...
ഐ.സി.യുവിന് പുറത്തിറങ്ങിയപ്പോള്‍ ഒരാശ്വാസം ഉണ്ടായിരുന്നു..ഈ അവസ്ഥയിലും നീ എന്നെ തിരിച്ചറിഞ്ഞല്ലോ.!!
എന്‍റെ മനസ്സിലെ അപ്പോഴത്തെ പ്രാര്‍ത്ഥന എന്തായിരുന്നുവെന്ന്നി നക്ക് അറിയാമോ മെലീനാ...അതെങ്ങിനെ അറിയും.ഞാന്‍ പറയുന്നില്ല..
കാരണം അതൊരു സുഹൃത്തും പറയാന്‍ പാടില്ലാത്തതാണ്.എനിക്ക് നിന്നെ ഇങ്ങിനെ കാണാനാവില്ല മെലീനാ...നീ ഇങ്ങിനെ കിടക്കേണ്ട.കിടക്കാന്‍ പാടില്ല.

മടക്കയാത്രക്കുള്ള ദിവസമായി.തിരുവനന്തപുരം വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ ക്ലിയറന്‍സിനുള്ള വരിയില്‍ നിന്നപ്പോള്‍ വീണ്ടും എന്‍റെ ഫോണിലെക്കൊരു കാള്‍ വന്നു..അന്ന് മദ്രാസ്സില്‍ നിന്നും നാട്ടിലേക്കുള്ള  മടക്കയാത്രക്കിടയില്‍ എന്നെ വിളിച്ച അതേ നമ്പര്‍ .ഞാന്‍ ഫോണ്‍ എടുത്തു..മറു തലക്കല്‍ നിന്നും 'അസിമേ ...നമ്മുടെ മെലീന....എടാ....നമ്മുടെ മെലീന'...എന്ന ശബ്ദവും കേട്ടു..അങ്ങോട്ട്‌ ഒന്നും സംസാരിക്കാന്‍ എനിക്ക് തോന്നിയില്ല..ആവുന്നില്ല...ഞാന്‍ ഫോണ്‍ സ്വിച്ച് ഓഫ്‌ ചെയ്ത..ഇനി ആരും എന്നെ വിളിക്കണ്ട..അവന്‍ പറയാന്‍ പോകുന്ന കാര്യം എന്താണെന്ന്എനിക്കറിയാം..ഞാന്‍ ഒരുവേള ആഗ്രഹിച്ചത്‌ തന്നെ.എങ്കിലും..എനിക്കത് കേള്‍ക്കേണ്ട..

വയ്യ മെലീനാ....എന്‍റെ കണ്‍മുന്നില്‍  ഇന്നും നീ ആ പാവാടക്കാരി ഉണ്ടക്കണ്ണി മെലീന ആയിരുന്നാല്‍ മതി..മറ്റൊന്നും ഞാന്‍ സങ്കല്‍പ്പിക്കുന്നില്ല ..എന്‍റെ ഓര്‍മ്മയുടെ മുറ്റത്തെ പൂമരതണലില്‍ ഇടത്തും വലത്തുമായി നിങ്ങള്‍ രണ്ടാളും ഇപ്പോഴുമുണ്ട്..നീയും വിനോദും...
അങ്ങിനെയേ എനിക്ക് കരുതാനാകൂ...!!






7 comments:

  1. wonderful creation ikkas.......i luved it!! felt it like a true story!! real touch in ur each words!! keep up the good spirit!! god bless u ever like this..tc!

    ReplyDelete
  2. Well, it is good but try to change the presentation.. It is more or less we can guess every incidents follows the present. Good creation should have a surprise climax.Nobody should know the end except the writer.

    ReplyDelete
  3. my god!!!!!!!! ENTHANU PARAYUKA,WONDERFUL,NALLA AVATHARANAM,IE STORYKU NALLORU JEEVANUDU,ANIYA ABHINATHANAGAL................KOODUTHAL PARANJAL SERIYAVILA..............

    ReplyDelete
  4. asim, ithu kazhinja nammude kandumuttalil sambhavichathano?

    ReplyDelete
  5. mashe vallatha oru feeling manasinte ulliloru vingal njan ratriyil anu vayichathu enikurangan pattunnilla randu gethy kittatha almakalude vilapam pole ivide cheevidukalude karachil ho ee durvidy satrukalku polum undavathirikkatte iniyum eshuthuka manasinte konile mayakannadiyil teliyunnnathellam eshuthuk

    ReplyDelete
  6. This comment has been removed by a blog administrator.

    ReplyDelete