Pages

13 May 2013

സാന്ത്വനമേകുന്ന സൌഹൃദങ്ങള്‍ ..



ഏതൊരാളിന്റെയും വ്യക്തിപരവും സാമൂഹ്യപരവുമായ  ജീവിതത്തില്‍ സൌഹൃദങ്ങള്‍ക്കുള്ള സ്ഥാനം വളരെ വലുതാണ്‌.,സൌഹൃദങ്ങള്‍ തന്നെയാണ് പലരെയും നല്ല ചിന്തകളിലേക്കും പ്രവര്‍ത്തികളിലേക്കും എത്തിക്കുന്നത്.മോശം സൌഹൃദങ്ങള്‍ ചിലരെ മോശം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടാന്‍ പ്രേരിപ്പിക്കുന്നു.പരസ്പരം മനസ്സിലാക്കാതെ തമ്മില്‍ കുറ്റപ്പെടുത്തിയും,തമ്മില്‍ കണ്ടാല്‍ മിണ്ടാന്‍ പോലും കഴിയാതെ  പോകുന്ന അവസ്ഥ വരെയെത്തുന്ന  നിരവധി സൌഹൃദങ്ങളും നമുക്കിടയില്‍ ഉണ്ട്.
എന്റെ ജിവിതത്തില്‍ നിര്‍ണ്ണായകമായ പല തീരുമാനങ്ങളെടുക്കാനും സൌഹൃദങ്ങള്‍  ഒരുപാട് സഹായിച്ചിട്ടുണ്ട്.പത്ര പ്രവര്‍ത്തന മേഖലയില്‍ ജോലി നോക്കുമ്പോള്‍ അതുമായി ബന്ധപ്പെട്ടുള്ള യാത്രകളും,വ്യക്തിബന്ധങ്ങളും ഇടപെടലുകളും  സിനിമാ,രാഷ്ട്രീയ,സാംസ്കാരിക രംഗത്ത്‌ എനിക്കൊരുപാട് നല്ല സുഹൃത്തുക്കളെ തന്നു.അതെനിക്കേറെ സന്തോഷവും,അഭിമാനവും  തരുന്ന കാര്യമാണ്.എന്തുകാര്യമായാലും,ഏതു സമയത്തു വിളിച്ചു പറഞ്ഞാലും ജോലിസംബന്ധമായ തിരക്കും,തടസ്സങ്ങളും  ഇല്ലെങ്കില്‍ അവര്‍ അതു നടത്തി തരാറുമുണ്ട്.ഓര്‍ക്കുട്ട്, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയകള്‍ വഴി പരിചയപ്പെട്ടിട്ടുള്ള നിരവധി നല്ല സുഹൃത്തുക്കളും എനിക്കുണ്ട്.ഇങ്ങിനെയുള്ള ആത്മാര്‍ഥമായ സൌഹൃദങ്ങള്‍  തന്നെയാണ് ഇതുവരെ എനിക്ക് ലഭിച്ച ഏറ്റവും വലിയ സമ്പാദ്യമായി ഞാന്‍ കാണുന്നത്.!!

എന്നാല്‍,ഞാന്‍ അമിതമായി വിശ്വസിച്ച പല  സൌഹൃദങ്ങളും  പാതി വഴിയില്‍ ഉപേക്ഷിക്കേണ്ടതായും വന്നിട്ടുണ്ട്.അവര്‍ പ്രതീക്ഷിക്കുന്ന തരത്തിലുള്ള ഒരു 'സുഹൃത്ത്‌' ആകാന്‍ എനിക്ക് കഴിയാത്തതു തന്നെയാണ് കാരണം. 
 ഓര്‍ക്കുട്ട്, ഫേസ്ബുക്ക് വഴി പരിചയപ്പെട്ടിട്ടുള്ള കുറച്ചുപെരെയും അങ്ങനെ എനിക്ക് ഒഴിവാക്കേണ്ടാതായി വന്നിട്ടുണ്ട്.സൗഹൃദം മാത്രമല്ല അവര്‍ക്ക് മറ്റുപല ''ലക്ഷ്യ''ങ്ങളും ഉണ്ടെന്നു വ്യക്തമായി മനസ്സിലാക്കിയതിനു ശേഷമാണ് ഇവരെ ഒഴിവാക്കിയിട്ടുള്ളത്.ഓണ്‍ലൈന്‍ ബന്ധങ്ങളെ  അതെ ഗൌരവത്തോടെ മാത്രമേ  ഞാന്‍ കാണുന്നുള്ളൂ.ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ എന്താണെന്നും,ഇതുവഴി എന്തൊക്കെയാണ് നടക്കുന്നതെന്നും ഞാന്‍ പറയേണ്ട കാര്യമില്ലല്ലോ.?ഇപ്പോള്‍ വ്യക്തമായ ഒരകലം ഞാന്‍  ഈ -ഇടങ്ങളില്‍  സൂക്ഷിക്കുന്നുണ്ട്.നമ്മളില്‍ ഏറെ പേരും  ഫേസ്ബുക്ക് വഴി പരിചയപ്പെട്ടവരായതിനാല്‍  കൂട്ടത്തില്‍ പറഞ്ഞു പോയതാണ്.ഇതൊരു കരുതലായി മാത്രം കണ്ടാല്‍ മതി.

ഇനി ഞാന്‍ പറഞ്ഞു വന്ന വിഷയത്തിലേക്ക് വരാം.നാട്ടിലെ എനിക്കേറ്റവും പ്രിയപ്പെട്ട ഒരു സുഹൃത്താണ് അനീസ്‌..,വെറുമൊരു സുഹൃത്ത്‌ മാത്രമാണവന്‍ എന്നും പറയാനാവില്ല.എന്നെ അറിയാവുന്നവര്‍ക്കെല്ലാം  അവനെയും അറിയാം.ഒരേ ചിന്തയും,രണ്ടു ശരീരവുമായി കഴിഞ്ഞ രണ്ടുപേര്‍. എന്ന് പറയുന്നതാവും ശരി.എന്റെയും അവന്റെയും വീട്ടുകാരും,നാട്ടുകാരും,മറ്റു സുഹൃത്തുക്കളും ഇന്നും അങ്ങനെയാണ് പറയുന്നത്.ബാല്യകാലത്തെ സുഖമുള്ള ഓര്‍മകളില്‍ തുടങ്ങി ഇപ്പോഴും ഊഷ്മളമായി തുടര്‍ന്നുകൊണ്ടിരിക്കുന്ന ബന്ധമാണ് ഞങ്ങളുടെത്. അല്പ നേരം മുമ്പാണ് ഞാനും അവനുമായുള്ള ഫോണ്‍ വിളി അവസാനിച്ചത്.അവന്‍ ഇപ്പോള്‍ ഒരു കോളേജ്‌ അദ്ധ്യാപകന്‍ കൂടിയാണ്.അവന് ജോലി ലഭിച്ചതറിഞ്ഞു അവനെക്കാള്‍ കൂടുതല്‍ സന്തോഷിച്ചതും ഞാന്‍ തന്നെയാണ്.ഇതുവരെ ഞങ്ങള്‍ പിണങ്ങിയിട്ടുള്ളതായി എന്റെ ഓര്‍മ്മയിലില്ല. എനിക്ക് പ്രധാനപ്പെട്ട എന്ത് കാര്യങ്ങള്‍ ഉണ്ടായാലും ഞാനാദ്യം  ചര്‍ച്ച ചെയ്യുന്നതും അനീസുമായാണ്.നല്ല സുഹൃത്തുക്കള്‍  എപ്പോഴും നമുക്കൊരു ആശ്വാസം തന്നെയാണ്.അനീസുമായുള്ള ബന്ധം പോലെ പ്രിയപ്പെട്ടതാണ് അവന്റെ ജ്യേഷ്ടന്‍ അരാഫത്തുമായും എനിക്കുള്ളത്.പല പ്രതിസന്ധി ഘട്ടങ്ങളിലും ഇരുവരും എനിക്ക് നല്‍കിയിട്ടുള്ള മാനസ്സിക പിന്തുണയും,സഹായവും തന്നെയാണ് ഒരുകാലത്ത് എനിക്ക് ജീവിക്കാന്‍ തന്നെ പ്രചോദനമായിരുന്നതെന്ന് കൂടി പറയാതെ വയ്യ.!!
അനീസിന്റെ  ഹീറോ ഹോണ്ട സ്പ്ലെണ്ടെര്‍ ബൈക്കിനു പുറകിലല്ലാതെ കോട്ടൂരിലോ,പരിസരപ്രദേശങ്ങളിലോ എന്നെ അധികം ആരും കണ്ടിട്ടില്ല.ഞാന്‍ അവന്റെയൊപ്പമോ അല്ലെങ്കില്‍ അവന്‍ എന്റെയൊപ്പമോ ഇല്ലെങ്കില്‍ കാണുന്നവര്‍ ''നിന്റെ വലം കയ്യെവിടെ ഡാ അസിമെ...അല്ലെങ്കില്‍ അനീസെ..'' എന്ന് അന്വേഷിക്കുമായിരുന്നു.പിന്നീട് ഞാന്‍ സ്വന്തമായി ഒരു ബൈക്ക്‌ വാങ്ങിയപ്പോഴും കോട്ടൂരില്‍ ഞാന്‍ ഉണ്ടെങ്കില്‍ പല യാത്രകളും ഞങ്ങള്‍ ഒരുമിച്ചായിരിക്കും നടത്തുക.ആവശ്യം എന്തായാലും,ആരുടേതായാലും ശരി, ഞങ്ങള്‍ക്ക് ഒരേ തീരുമാനവും,ഒരൊറ്റ മനസ്സുമായിരിക്കും..!!

ഗ്രാമപ്രദേശങ്ങളിലും,ആദിവാസി ഊരുകളിലും മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുക,
സ്കൂളുകളിലും,കോളേജുകളിലും വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട്‌ കുട്ടികള്‍ക്ക് ബോധവത്കരണ ക്ലാസ്സുകള്‍ സംഘടിപ്പിക്കുക എന്നതൊക്കെ ഞങ്ങളുടെ കടമയായി കണ്ടു ലാഭേച്ഛയില്ലാതെ ചെയ്തു വന്നു.എസ്.എഫ്.ഐ, ഡി വൈ എഫ് ഐ സംഘടനാ പ്രവര്‍ത്തനങ്ങളിലൂടെ രാഷ്ട്രീയ സാംസ്കാരിക രംഗങ്ങളില്‍ ഞങ്ങള്‍ ഒരുമിച്ചു പ്രവര്‍ത്തിക്കുമ്പോഴും പാര്‍ട്ടിക്ക് പുറത്തുള്ള വ്യക്തിപരമായ ബന്ധങ്ങള്‍ ഉപയോഗിച്ച് ഇത്തരം ജന സേവന പ്രവര്‍ത്തനങ്ങളില്‍ ഞങ്ങളെപ്പോഴും സജീവമായിരുന്നു.കാരണം,പൊതുജനങ്ങള്‍ക്ക് കൂടുതല്‍ ഉപയോഗപ്പെടുന്ന പല പ്രവര്‍ത്തികളിലും ഞങ്ങള്‍ രാഷ്ട്രീയത്തെ കൂട്ടിക്കലര്‍ത്താന്‍  ആഗ്രഹിച്ചിരുന്നില്ല.രാഷ്ട്രീയം അനുഭാവികളെ മാത്രമേ സൃഷ്ട്ടിക്കുകയുള്ളൂ.അതിനു പുറത്തു നിന്നുള്ള പ്രവര്‍ത്തനങ്ങളാണ് നാടിനും,നാട്ടുകാര്‍ക്കും കൂടുതല്‍ പ്രയോജനപ്പെടുകയുള്ളൂ എന്ന തിരിച്ചറിവ് ഞങ്ങള്‍ക്കുണ്ടായിരുന്നു. വ്യക്തമായ രാഷ്ട്രീയ ചിന്തകളും,ആദര്‍ശങ്ങളും ഞങ്ങള്‍ക്കുണ്ടായിരുന്നെങ്കിലും നാട്ടില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതാക്കളാകാന്‍ ഞങ്ങള്‍ ആഗ്രഹിച്ചിരുന്നില്ല എന്നതാണ് സത്യം.രാഷ്ട്രീയത്തിന്റെ  പേരില്‍ ഒതുങ്ങാതെ ചെയ്യുന്ന കാര്യങ്ങളുടെ ഗുണം മുഴുവന്‍ ആളുകള്‍ക്കും ഒരുപോലെ ലഭ്യമാകണമെന്ന് ഞങ്ങള്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു.രാഷ്ട്രീയപരമായി അതു ഞങ്ങള്‍ക്ക് കുറച്ചു ശത്രുക്കളെ നല്‍കിയെങ്കിലും ഇന്നുവരെ പകരം വെയ്ക്കാനില്ലാത്ത ഒരു മാതൃകയായി കോട്ടൂരുകാരുടെ മനസ്സിലുണ്ട്.ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ ഞങ്ങള്‍ക്ക് ഞങ്ങള്‍ തന്നെയായിരുന്നു ധൈര്യവും പ്രചോദനവും..!!

എന്നാല്‍,കഴിഞ്ഞ കുറെ നാളുകളായി നാട്ടിലെ സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍  ആകെ തകര്‍ന്ന നിലയിലാണ്.ആദര്‍ശം പറഞ്ഞു നടന്ന പലരും പല വര്‍ഗീയ പാര്‍ട്ടികളുടെയും  കൊടികളുടെ കീഴില്‍ ഒതുങ്ങി സംഘടിച്ചു കൊണ്ടിരിക്കുന്നു.അവര്‍ക്കിടയില്‍ ജാതിയും മതവും അതിരുകള്‍ തീര്‍ക്കുന്നു.അസീമും ബൈജുവും ആന്റണിയും സംസാരിക്കുന്നത് വര്‍ഗ്ഗീയതയുടെ കണ്ണില്‍. കണ്ടു തുടങ്ങിയിരിക്കുന്നു.സൌഹൃദങ്ങള്‍ക്കിടയില്‍ പോലും ജാതിമത ചിന്തകള്‍ ഉടലെടുത്തിരിക്കുന്നു.സുഖകരമെന്നു കരുതിയ പല സൌഹൃദങ്ങളും വൈകിട്ടുള്ള പരിപടികളായി ഒതുങ്ങി.എനിക്ക് അടുത്ത് അറിയാവുന്ന പലരും ലഹരിയില്ലാതെ ജീവിക്കാന്‍ കഴിയാത്ത അവസ്ഥയിലായി മാറി.

ഈ പ്രവാസ ജീവിതത്തിനിടയിലും എന്റെ മനസ്സ് നിറയെ നാടിനെക്കുറിച്ചുള്ള ആകുലതകളാണ്.ദിവസവുമുള്ള വാര്‍ത്തകള്‍ ശുഭകരമല്ല.നാട് മാറുന്നു..നന്മകളും..ഈ പോക്ക് അപകടമാണ്..എന്റെ ഗ്രാമം മാത്രമല്ല  എല്ലാ സ്ഥലത്തെയും അവസ്ഥ ഇതു തന്നെയാണ്.ഇതു മാറണമെങ്കില്‍ നല്ല ചിന്തകളും കൂട്ടായ്മകളും പ്രവര്‍ത്തികളും ഉണ്ടാകണം.മനുഷ്യര്‍ക്കും,പ്രകൃതിക്കും,മറ്റു ജന്തു ജാലങ്ങള്‍ക്കും ദോഷമാകാത്ത  ഏതുവഴിയും അതിനായി നമുക്ക് തെരഞ്ഞെടുക്കാം...ഒന്നിച്ചു അണിചേരാം...അതിനു ലക്ഷ്യ ബോധവും,ദൃഡവുമായ  നല്ല സൌഹൃദങ്ങള്‍ ഉണ്ടാകണം.ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന മനുഷ്യനാകണം..!!

''അനീസ്‌ ..അവിടെ നിന്നും ഓരോ വാര്‍ത്തകള്‍ കേള്‍ക്കുമ്പോഴും ഞാന്‍ നൊമ്പരപ്പെടാറുണ്ട്...നമ്മുടെ ആ ഗ്രാമവും,ഗ്രാമക്കാഴ്ച്ചകളും ഓര്‍ക്കാറുണ്ട്.അതൊരിക്കലും നഷ്ട്ടപ്പെടാന്‍ നമ്മള്‍ അനുവദിക്കരുത്.
അനീസ്‌..,... ഞാനുടന്‍ മടങ്ങി വരും..നമുക്ക് പഴയ കാലത്തേക്ക് തിരിച്ചു പോകാം..നിന്റെ ബൈക്കിനു പുറകില്‍ ഞാനില്ലാതെ എങ്ങനെയാ...നാളെ നമുക്കൊരു ബോധവത്കരണ ക്ലാസ്‌ വയ്ക്കണം.നമ്മള്‍ ഒന്നാണെന്ന് ഒരിക്കല്‍ കൂടി വിളിച്ചു പറയണം.നാളെ നാട് നമ്മളെ ഓര്‍ത്തു അഭിമാനിക്കണം...
എല്ലാം കൈവിട്ടു പോയിരിക്കുകയാണെന്ന് അറിയാം..ഒക്കെ അറിഞ്ഞിട്ടും അറിയാത്ത ഭാവത്തില്‍ നീ തിരക്കിലാണെന്നും എനിക്കറിയാം...നിന്നെക്കാള്‍ തിരക്കിലാണ് ഇപ്പോള്‍ ഞാനും...!!
 സ്വന്തം ജീവിതവും,സ്വപ്നങ്ങളും തന്നെയാണല്ലോ എല്ലാവര്‍ക്കും പ്രിയപ്പെട്ടത്....!!

കവി അയ്യപ്പന്‍ ..ഒരോര്‍മ്മക്കുറിപ്പ്


അഞ്ചുവര്‍ഷങ്ങള്‍ക്കു മുമ്പ്‌,
സിനിമാ സംവിധായകനാകണമെന്ന മോഹവും,മദ്രാസിലെ താമസവും,യാത്രകളും തല്ക്കാലം അവസാനിപ്പിച്ചു കുറച്ചു നാള്‍ തിരുവനന്തപുരത്ത് തന്നെ നില്‍ക്കാന്‍ തീരുമാനിച്ചു.മലയാള സിനിമാ നിര്‍മ്മാണം  മദ്രാസ്സില്‍ നിന്നും ഓരോന്നായി കേരളത്തിലേക്ക് പറിച്ചു നട്ടുകൊണ്ടിരിക്കുന്ന സമയം.തമിഴില്‍ അവസരങ്ങളും കുറവ്‌.അലച്ചിലും,യാത്രകളും ഒരുവശത്ത്,സമരവും,പ്രതിസന്ധികളും മറുവശത്ത്.ചിലവിനു പോലും പണം കണ്ടെത്താന്‍ കഴിയാത്ത അവസ്ഥ.ഇങ്ങിനെ മദ്രാസ്സില്‍ തുടര്‍ന്നിട്ട് യാതൊരു  കാര്യവുമില്ല.കൂടാതെ വീട്ടിലും കുറ്റപ്പെടുത്തലുകള്‍ ഉയര്‍ന്നുതുടങ്ങിയിരിക്കുന്നു.എന്തായാലും,ഇനി കുറച്ചു നാള്‍ നാട്ടില്‍ വന്നു നില്‍ക്കാം എന്നുതന്നെ  ഉറപ്പിച്ചു. നാട്ടിലെത്തി നാലാം ദിവസം തന്നെ തിരുവനന്തപുരത്ത് തൈക്കാട്ടുള്ള 'അല്‍ഫിയ എന്റര്‍പ്രൈസ്' എന്ന സ്ഥാപനത്തില്‍ ജോലിയ്ക്കും കയറി.എന്‍റെ ഒരു ഇളയാപ്പയുടെ ഉടമസ്ഥതയിലുള്ള  സ്ഥാപനമായിരുന്നു അത്.ജോലിയെന്ന് പറയാന്‍ പ്രത്യേകിച്ച് ഒന്നുമില്ല.ബിസിനസ് പരമായ ആവശ്യങ്ങളുമായി  ഇളയാപ്പ എപ്പോഴും തിരക്കിലായിരിക്കും.അദ്ദേഹത്തിന് ഒരു മെഡിക്കല്‍ സെന്‍റെര്‍ കൂടി തിരുവനന്തപുരത്തുണ്ട്.കൂടുതല്‍ സമയവും അദ്ദേഹം അവിടെയായിരിക്കും.അതുകൊണ്ട് ഓഫീസ്‌ കാര്യങ്ങളെല്ലാം നോക്കി നടത്തലായിരുന്നു എന്‍റെ പണി.ഒരു മകന്‍ എന്ന പരിഗണന എനിക്ക് ആ ഓഫീസില്‍ ഉണ്ടായിരുന്നെങ്കിലും 
എല്ലാ ദിവസവും രാവിലെ ഒമ്പതരക്ക്‌  മുന്‍പ്‌ തന്നെ ഓഫീസില്‍ എത്തണം എന്നത് എനിക്ക്നിര്‍ബ്ബന്ധമായിരുന്നു.
അത്യാവശ്യകാര്യങ്ങള്‍ക്കല്ലാതെ  അവിടെ നിന്നും ജോലി വിട്ടിറങ്ങും വരെ ആ പതിവ്‌ ഞാന്‍ തെറ്റിച്ചിട്ടുമില്ല.

അങ്ങനെ ഒരു ദിവസം,തിരുവനന്തപുരം ബസ്‌ സ്റ്റാന്റില്‍ ബസ്സിറങ്ങി ഞാന്‍ തൈക്കാട്ടേക്ക് നടക്കുകയായിരുന്നു.ന്യൂ തീയേറ്ററിനു സമീപത്തു കൂടി തൈക്കാട്ടെക്ക് ഒരു ഇടറോഡുണ്ട്.ഈ ഇടറോഡിന്‍റെ പ്രത്യേകത എന്താണെന്ന് ഇതുവഴി നടന്നിട്ടുള്ളവര്‍ക്കെല്ലാം അറിയാം.റോഡ്‌ സൈഡില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന വണ്ടികളുടെ മറവിലും, റോഡിലുമൊക്കെയായിരുന്നു ആളുകള്‍ പ്രാഥമികാവശ്യങ്ങള്‍ നടത്തിയിരുന്നത്.ഇതില്‍ ചവിട്ടിയും,ചവിട്ടാതെ  സര്‍ക്കസ്‌ കാണിച്ചുമൊക്കെയായിരുന്നു വഴിയാത്രക്കാര്‍ക്ക് നടക്കാന്‍.കോട്ടൂരില്‍ നിന്നും തമ്പാനൂര്‍ ബസ്‌ സ്റ്റാന്റ് വരെ മുപ്പത്തിയെട്ടു കിലോമീറ്റര്‍ ദൂരമുണ്ട്.അന്ന് ബസ്‌ കുറച്ചു വൈകിയാണ് തിരുവനന്തപുരത്ത് എത്തിയത്.അപ്പോള്‍ തന്നെ സമയം ഒമ്പതര കഴിഞ്ഞിരിക്കുന്നു.ഒന്ന് രണ്ടു കസ്റ്റമേഴ്സ് ഓഫീസില്‍ വെയിറ്റ് ചെയ്യുന്നുണ്ടെന്ന് യാത്രക്കിടയില്‍ തന്നെ സ്റ്റാഫ്‌ വിളിച്ചു പറഞ്ഞിരുന്നു.അതുകൊണ്ട് ബസ്സിറങ്ങിയ ഉടന്‍ നടത്തത്തിന് അല്പം വേഗം കൂട്ടി.ന്യൂ തീയേറ്ററിനു മുന്‍വശം കടന്നു കുറച്ചു മുന്നോട്ടു പോകുമ്പോള്‍ ഒരു വെജിറ്റേറിയന്‍ ഹോട്ടല്‍ ഉണ്ട്.പേര് ഞാന്‍ ഓര്‍ക്കുന്നില്ല.കാരണം,ഓരോ ആഴ്ചയിലും ആ ഹോട്ടലിനു ഓരോ  പേരാണ് കണ്ടിരുന്നത്.തൊട്ടടുത്ത റെയില്‍വേ സ്റെഷനിലെയും,ഇടറോഡിലെയും,മുന്നിലെ അഴുക്കുചാലിലെയും ദുര്‍ഗന്ധം കാരണം ആ ഹോട്ടല്‍ ആരും കൂടുതല്‍ കാലം നടത്താറില്ല എന്ന് തോന്നുന്നു.ഹോട്ടലിനു മുന്‍വശത്തെ പ്ലാറ്റ്ഫോമില്‍ വച്ചിരുന്ന  ചെറിയ ബോര്‍ഡ്‌ ചാടിക്കടന്നതും കാലില്‍ എന്തോ തട്ടിയതായി എനിക്ക് തോന്നി.ഞാന്‍ തിരിഞ്ഞു നോക്കി.പ്രായം ചെന്ന ഒരാള്‍ അതാ വഴിയില്‍ കുറുകെ കിടക്കുന്നു.അയാളുടെ കാലില്‍ തിരക്കിട്ടുള്ള നടത്തത്തിനിടെ എന്റെ കാല്‍ അറിയാതെ കൊണ്ടതാണ്.സാധാരണ ഈ വഴികളില്‍ വെള്ളമടിച്ച് ഫിറ്റായി കിടക്കുന്നവരുടെ എണ്ണം കൂടുതലാണ്.അതുകൊണ്ട് ഞാനത് ശ്രദ്ധിക്കാതെ മുന്നോട്ട് നടന്നു.പിന്നീടാണ് എനിക്ക് ഒരു സംശയം തോന്നിയത്.ആ കിടക്കുന്ന ആളിന്റെ മുഖം എനിക്ക് നല്ല പരിചയം ഉള്ളതുപോലെ ..ഞാന്‍ അയാള്‍ക്കരികിലേക്ക് തിരികെ നടന്നു.മുഖത്തേയ്ക്ക് ഒന്നുകൂടി സൂക്ഷിച്ചു നോക്കി.പോക്കറ്റില്‍ നിന്നും ചിതറിക്കിടക്കുന്ന ചെളിപുരണ്ട കടലാസു കഷ്ണങ്ങള്‍,വടിവൊത്ത അക്ഷരങ്ങളില്‍ ആ കടലാസ്സില്‍ എന്തൊക്കെയോ എഴുതിയിട്ടുണ്ട്.മുഖത്തിനടുത്തായി വില കുറഞ്ഞ പേനയും ഒരു കാലൊടിഞ്ഞ കണ്ണടയും വീണു കിടക്കുന്നു.സംശയമില്ല അത് ഞാന്‍ ഉദ്ദേശിച്ച ആള്‍ തന്നെ...
"ശരീരം നിറയെ മണ്ണും 
മണ്ണ്‌ നിറയെ രക്തവും 
രക്തം നിറയെ കവിതയും
കവിത നിറയെ കാല്‍പാടുകളുള്ളവനും''  ആയിരുന്ന പ്രിയ കവി അയ്യപ്പന്‍ ആയിരുന്നു അത്.ആ മുഖം തിരിച്ചറിയാന്‍ കൂടുതല്‍ ബുദ്ധിമുട്ടുണ്ടായില്ല.പഠനകാലത്ത്, കവിതയെയും,നാടകത്തെയും പ്രണയിച്ചു ഞാന്‍ നടന്ന നാളുകളില്‍,വി.ജെ.ടി ഹാളിനു മുന്‍വശത്ത് വച്ചും,ആയുര്‍വേദ ആശുപത്രിക്ക് സമീപത്തു വച്ചും,അരിസ്ടോ ജങ്ങ്ഷനില്‍ നിന്നുള്ള ഇടറോഡില്‍  വച്ചും എത്രയോ തവണ ഈ മുഖം ഞാന്‍ കണ്ടിരിക്കുന്നു.അപ്പോഴൊക്കെ അദ്ദേഹം നന്നായി മദ്യപിച്ചിട്ടുണ്ടായിരുന്നു.അന്നൊക്കെ അദ്ദേഹത്തെ പരിചയപ്പെടാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും  ബുദ്ധിജീവി 'ജാഡ'യുണ്ടായിരുന്ന എനിക്ക് അതിനു കഴിഞ്ഞിരുന്നില്ല.കവിയെന്ന നിലയില്‍ ബഹുമാനമുണ്ടയിരുന്നെങ്കിലും മദ്യപാനികളോട് അന്നെനിക്ക് ഉണ്ടായിരുന്ന ഒരുതരം അകല്‍ച്ച തന്നെയാണ് അദ്ദേഹത്തെ പരിചയപ്പെടുന്നതിനും ഒരര്‍ത്ഥത്തില്‍ തടസ്സമായത്. എങ്കിലും,ഒരു നിയോഗം പോലെ  അധികം വൈകാതെ തന്നെ അദ്ദേഹവുമായി  അടുക്കാന്‍ സാധിച്ചു.മ്യൂസിയത്തിനുള്ളിലെ പുല്‍ത്തകിടിയില്‍  ഒരു സായാഹ്നം അദേഹത്തോടൊപ്പം ചിലവഴിക്കാനുള്ള അവസരമുണ്ടായി.അന്ന് എന്റെയൊപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കളില്‍ ഒരാളെന്ന പോലെ ഏറെ പ്രിയപ്പെട്ട ഒരാളായി മാറാന്‍ അദ്ദേഹത്തിനു അധിക സമയം വേണ്ടി വന്നില്ല. മനോഹരമായി കവിത ചൊല്ലിയും,കാര്യം പറഞ്ഞും സമയം പോയതറിഞ്ഞില്ല.അര്‍ദ്ധരാത്രിയോടെ ഞങ്ങള്‍ പിരിയുമ്പോള്‍ അദ്ദേഹം ആവശ്യപ്പെട്ടത് രണ്ടു പെഗ് മദ്യത്തിനുള്ള കാശായിരുന്നു.അതു ഞങ്ങള്‍ നല്‍കുകയും ചെയ്തു.പിരിയുന്നതിനു മുന്‍പ്‌ അദ്ദേഹത്തോട് ഞാനൊരു കാര്യം ആവശ്യപ്പെട്ടിരുന്നു.കയ്യൊപ്പിട്ട ഒരു പുസ്തകം എനിക്ക് തരണമെന്ന്.''എന്റെ കയ്യില്‍ എവിടെയാടോ പുസ്തകം'' എന്നാണു അദ്ദേഹം എന്നോട് ചോദിച്ചത്.ലഹരിയും,ഉന്മാദവും നയിച്ച യാത്രകളില്‍ ഏതു എഴുത്തുകാരനാണ്  പുസ്തകങ്ങള്‍ കരുതുന്നത്.പക്ഷെ,അടുത്ത ദിവസം തിരുവനന്തപുരത്തെ ഒരു ബുക്ക്‌ സ്റ്റാളില്‍ കയറി അദ്ദേഹം എഴുതിയ ഒന്ന് രണ്ടു പുസ്തകങ്ങള്‍ ഞാന്‍ വാങ്ങി.എവിടെയെങ്കിലും വച്ച് അയ്യപ്പേട്ടനെ കാണുമ്പോള്‍ കയ്യൊപ്പിട്ടു വാങ്ങാമെന്നു കരുതി കുറെനാള്‍ കൂടെ കൊണ്ടുനടന്നു.

കഴിഞ്ഞ രാത്രിയിലും ആരോ കാര്യമായി അദ്ദേഹത്തെ സ്വീകരിച്ചിട്ടുണ്ട്.അതിന്‍റെ കെട്ടു വിടാത്തതു തന്നെയാണ് ഈ കിടപ്പിനും കാരണം.അക്കാര്യത്തില്‍ സംശയമില്ല.ഞാന്‍ അദ്ദേഹത്തിന്റെ ചുമലില്‍ തട്ടി വിളിച്ചു.ആദ്യ വിളിയില്‍ തന്നെ മുഖമുയര്‍ത്തി എന്നെ നോക്കി.എന്നിട്ട് മെല്ലെയെണീറ്റ് വലത്തെ കൈ കൊണ്ട്  കണ്ണട തപ്പിയെടുത്തു മുഖത്ത് വച്ച ശേഷം എന്നെ ഒന്നൂകൂടെ സൂക്ഷിച്ചു നോക്കി.
'' അയ്യപ്പേട്ടന് എന്നെ മനസ്സിലായോ?'' എന്ന് ഞാന്‍ ചോദിച്ചു.''നമ്മളല്ലേ അന്ന് മ്യൂസിയത്ത് വച്ച് കണ്ട ...'' പറഞ്ഞു മുഴുമിപ്പിക്കാതെ, ഒരു സംശയത്തോടെ അദ്ദേഹം എന്നെ നോക്കി''.അതെ ..ഞാന്‍ തന്നെ.,..അയ്യപ്പേട്ടന്‍ എണീക്ക് ..നമുക്കൊരു ചായ കുടിക്കാം..'' എന്ന് പറഞ്ഞു ഞാന്‍ അദ്ദേഹത്തെ പിടിച്ചു എണീപ്പിച്ചു.തൊട്ടടുത്ത കടയില്‍ നിന്നും ചായക്കൊപ്പം ഭക്ഷണം കൂടി വാങ്ങി കഴിക്കാന്‍ ഏറെ നിര്‍ബന്ധിച്ചെങ്കിലും അതിനു അദ്ദേഹം കൂട്ടാക്കിയില്ല..ഒരു ചടങ്ങ് പോലെ ആ ചായ കുടിച്ചു തീര്‍ത്തു.എനിക്കറിയാം അയ്യപ്പേട്ടന് രാവിലെ ചായ പതിവില്ലാത്തതാണ്.മദ്യം ആ മനസ്സിനെയും,ശരീരത്തെയും കാര്യമായി സ്വാധീനിച്ചിരിക്കുന്നു.
'' അയാളുടെ ചീത്ത വിളി കേള്‍ക്കണ്ട.. സ്ഥലം വിട്ടോ..കൂടുതല്‍ നേരം നിന്നാല്‍ അയാള്‍ക്ക്‌ വെള്ളമടിക്കാനും കൂടി  കാശ് കൊടുക്കേണ്ടി വരും..'' എന്ന്  തൊട്ടടുത്ത്‌ നിന്ന ആള്‍ സ്വകാര്യമായി എന്നോട് പറഞ്ഞു.അയാള്‍ പറഞ്ഞത് ശരിയാണ്.അടുത്ത ആവശ്യം അത് തന്നെ ആയിരിക്കുമെന്നുംഎനിക്കറിയാം.പക്ഷെ,വഴിയില്‍ അവശനായി കിടന്ന,അക്ഷരങ്ങളെ സ്നേഹിച്ച മലയാള കവിതയുടെ സ്വന്തം നിഷേധിയെ അങ്ങിനെ തെരുവില്‍ ഉപേക്ഷിച്ചു പോകാന്‍  എനിക്ക് കഴിയുമോ?..ഇല്ല കഴിയില്ല..
ചായ കുടിച്ചു കഴിഞ്ഞു കടക്കു പുറത്തിറങ്ങിയ ശേഷം അയ്യപ്പെട്ടന്റെ കയ്യില്‍ ആവശ്യപ്പെടാതെ തന്നെ ഞാന്‍ കുറച്ചു  കാശ് വച്ചു കൊടുത്തു.ആദ്യം വാങ്ങാന്‍ അദ്ദേഹം വിസമ്മതിച്ചു.വീണ്ടും കാണാം എന്ന് പറഞ്ഞു അന്ന് പിരിയുമ്പോള്‍ അദ്ദേഹത്തിന്‍റെ കണ്ണുകള്‍ ഈറനണിയുന്നത് ഞാന്‍ കണ്ടു.കാണുമ്പോള്‍ കയ്യൊപ്പിട്ടു വാങ്ങാന്‍ ഞാന്‍ കരുതിയ പുസ്തകങ്ങള്‍ അപ്പോള്‍ എന്റെ കയ്യില്‍ ഉണ്ടായിരുന്നില്ല.അതെങ്ങനെ,വര്‍ഷങ്ങള്‍ക്കു ശേഷമാണല്ലോ വീണ്ടും ഇങ്ങനെ കാണുന്നത്.
അയ്യപ്പേട്ടനെ  ഞാന്‍ മനസ്സിലാക്കുന്നു.കുട്ടിക്കാലത്തു തന്നെ അച്ഛന്റെ ആത്മഹത്യ.ഏതാണ്ട് പതിനഞ്ചാമത്തെ വയസ്സില്‍ അമ്മയും അച്ഛന്റെ വഴി തന്നെ തിരഞ്ഞെടുത്തു.പിന്നെ ജീവിത യാത്രയില്‍ തനിച്ചായ അയ്യപ്പന് കവിതയും,കടവരാന്തകളും തന്നെയായിരുന്നു കൂട്ടും,ജീവിതവും.ആ പച്ചയായ മനുഷ്യന് ഇങ്ങനെ ജീവിക്കാനേ കഴിയു..സ്വന്തം ജീവിതത്തില്‍ കവിത കണ്ടെത്തിയ,കവിതയ്ക്ക് വേണ്ടി ജീവിച്ച അയ്യപ്പന് മരണം വരെ കൂട്ടും കവിത തന്നെയായിരുന്നു. അക്ഷരങ്ങള്‍ക്ക് വില പേശി ദേശീയ-സംസ്ഥാന  അവാര്‍ഡുകള്‍ക്ക് വേണ്ടി പല്ലിളിച്ചു നില്‍ക്കുന്ന നവോത്ഥാന എഴുത്തുകാര്‍ക്ക് മുന്നില്‍ അയ്യപ്പന്‍ എന്നും വേറിട്ടുനിന്നു.തെരുവില്‍ നിന്നു ശീതീകരിച്ച മുറികളിലെക്കുള്ള ദൂരം പോലെ അര്‍ഹതയുണ്ടായിട്ടും അംഗീകാരങ്ങള്‍ അദ്ദേഹത്തില്‍ നിന്നും അകന്നു നിന്നു.മരിക്കുന്നതിനു കുറച്ചു ദിവസം മുന്‍പാണ് ആശാന്‍ പുരസ്കാരത്തിന് അദ്ദേഹത്തെ തെരഞ്ഞെടുത്തത്.ചെന്നൈയിലെത്തി അത് സ്വീകരിക്കുന്നതിനു രണ്ടു ദിവസം മുന്‍പ്‌ അദ്ദേഹം മരണപ്പെടുകയും ചെയ്തു.ജീവിച്ചിരിക്കുമ്പോള്‍ കല്ലെറിയുകയും,മരിക്കുമ്പോള്‍ അതെ കല്ലുകൊണ്ട് സ്മാരകം പണിയുകയും,പൂമാല അണിയുകയും,പുകഴ്ത്തിപ്പറയുകയും  ചെയ്യുന്നവര്‍ക്ക് ചരിത്രത്തില്‍ നിന്നും ആ പേര് മറക്കാന്‍ കഴിയില്ല.കാരണം,ആ മൂര്‍ച്ചയുള്ള അക്ഷരങ്ങള്‍ നിങ്ങള്‍ക്ക് നേരെയുള്ള ചോദ്യങ്ങളും,ഉത്തരങ്ങളുമായിരുന്നു.
സാംസ്കാരിക ലോകം അദ്ദേഹത്തോട് കാട്ടിയ അവഗണനയ്ക്ക് ഒരിക്കലും മാപ്പര്‍ഹിക്കുന്നില്ല.

അന്നു കണ്ടു പിരിഞ്ഞ ശേഷം അദ്ദേഹത്തെ പിന്നീട് ഞാന്‍ കണ്ടിട്ടില്ല.നഗരയാത്രകളില്‍ എപ്പോഴും ഞാന്‍ അദ്ദേഹത്തെ തിരയാറുണ്ടായിരുന്നു.അധികം താമസിയാതെ ഞാന്‍ ഗള്‍ഫിലേക്ക് വന്നു .അവധിയില്‍ നാട്ടിലെത്തിയ സമയത്ത് തിരുവനന്തപുരത്ത് വരുമ്പോഴേല്ലാം  ഞാന്‍ വീണ്ടും അദ്ദേഹത്തെ അന്വേഷിക്കാറുണ്ടായിരുന്നു.ഒരിടത്തും കണ്ടെത്താന്‍ കഴിഞ്ഞില്ല.2010 ഒക്ടോബർ 21 ന് ഞാന്‍ അവധി കഴിഞ്ഞു ഗള്‍ഫില്‍ തിരിച്ചെത്തിയിട്ട് മൂന്നുമാസം കഴിഞ്ഞിരുന്നു.രാവിലെ ജോലി സ്ഥലത്തുപോയി മുറിയില്‍ മടങ്ങിയെത്തിയ ശേഷം ടീ.വി ഓണ്‍ ചെയ്തു.അപ്പോള്‍ കണ്ട വാര്‍ത്ത എന്നെ ശരിക്കും വേദനിപ്പിക്കുന്നതായിരുന്നു.കവി അയ്യപ്പന്‍ അന്തരിച്ചു.തമ്പാനൂരില്‍ വഴിയരികില്‍ അവശനായി കിടന്ന അദ്ദേഹത്തെ ഫ്ലയിംഗ് സ്ക്വാഡ്‌ ആണ് ആശുപത്രിയിലെത്തിച്ചത്. മരിച്ചതിനു ശേഷമാണ് അതു കവി അയ്യപ്പനായിരുന്നു എന്ന് പോലും തിരിച്ചറിഞ്ഞത്.
കവിതയെ സ്നേഹിച്ച നിഷേധിയും,തെമ്മാടിയുമായ സഞ്ചാരിക്ക് അപൂര്‍ണ്ണമായ കവിത പോലെ മരണവും..!!
കുറെനാള്‍ അയ്യപ്പേട്ടന്റെ ഓര്‍മ്മകള്‍ എന്നെ അസ്വസ്ഥമാക്കിയിരുന്നു.എന്തെന്നാല്‍ ഞാനും,അയ്യപ്പെട്ടനും തമ്മില്‍ എവിടെയൊക്കെയോ സാമ്യമുള്ളതുപോലെ..ജീവിതത്തിലും,യാത്രയിലും,കവിതകളിലും...!!

തമ്പാനൂരിലെ വഴിയരികില്‍ കിടന്ന് ഒസ്യത്തിലില്ലാത്ത ആ രഹസ്യം ഒടുവില്‍ പരസ്യമാക്കി പിരിഞ്ഞകന്ന പ്രിയ കവിയ്ക്ക് എന്‍റെ ഹൃദയത്തിലെ നിറമുള്ള ഓര്‍മ്മകളുടെ അശ്രു പൂക്കള്‍.അയ്യപ്പേട്ടന്‍ മരിച്ചിട്ടില്ല ..ചോദ്യങ്ങളും ചിന്തകളും തീര്‍ത്ത അക്ഷരങ്ങളിലൂടെ ഇന്നും ജീവിക്കുന്നു.
കയ്യൊപ്പിച്ചു വാങ്ങാന്‍ ഞാന്‍ കരുതിയ പുസ്തകങ്ങള്‍ ഇന്നും എന്‍റെ  അലമാരയിലുണ്ട്.

അയ്യപ്പേട്ടാ..
അറിഞ്ഞോ?
എന്‍റെ ആ പുസ്തകങ്ങള്‍ പെറ്റു!
നൂറ്റിയൊന്ന് കുഞ്ഞുങ്ങള്‍.!!..,..!!